'എന്തിനാണ് ബ്രിട്ടാസ് ഇങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കി ഇളിഭ്യനാവുന്നത്': അടൂര്‍ പ്രകാശിനെ ഷാള്‍ അണിയിക്കാനുള്ള 'നീക്കത്തില്‍' വി.ടി ബല്‍റാം
ഷാള്‍ ഇട്ട് തരട്ടെ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്, കുറച്ച് കഴിഞ്ഞു ഇട്ടുകൊടുക്കും എന്ന് ബ്രിട്ടാസ് പറയുന്നുമുണ്ട്

ന്യൂഡൽഹി: 'ഇന്‍ഡ്യ' സഖ്യ എംപിമാര്‍ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ അടൂര്‍ പ്രകാശിനെ ചുവപ്പ് ഷാള്‍ അണിയിക്കാന്‍ ശ്രമിച്ച ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം.
'എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കി ഇളിഭ്യനാവുന്നത്! അണ്ണാ ഡിഎംകെ എംപിയിൽ നിന്ന് അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?'- എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.ടി ചോദിക്കുന്നത്.
യുഡിഎഫ് കണ്‍വീനര്‍ കൂടിയായ അടൂർ പ്രകാശിന്റെ കഴുത്തിൽ ചുവന്ന ഷാൾ അണിയിക്കാനാണ് ജോണ്‍ ബ്രിട്ടാസ് എംപി ശ്രമിക്കുന്നത്. എന്നാൽ അടൂർ പ്രകാശ് ചിരിച്ചുകൊണ്ട് അത് നിരസിക്കുകയും, പകരം ആ ചുവപ്പ് ഷാൾ എടുത്ത് ജോൺ ബ്രിട്ടാസിന്റെ കഴുത്തിൽ തന്നെ അണിയിക്കുകയും ചെയ്തു.
ഷാള്‍ ഇട്ട് തരട്ടെ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്. ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധം അല്ലെ? കുറച്ച് കഴിഞ്ഞു ഇട്ടുകൊടുക്കും എന്ന് ബ്രിട്ടാസ് പറയുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരും പരസ്പരം ആശ്ലേഷിച്ചാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്. സമരവീര്യത്തിനിടയിലും ഇരു നേതാക്കളും തമ്മിലുള്ള ഈ 'തമാശയും' സൗഹൃദവും പ്രതിഷേധ വേദിയിൽ ചിരി പടർത്തുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ഹൈക്കമാൻഡിന് പരാതി കൊടുക്കുകയും ചെയ്ത് അടൂർ പ്രകാശ് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്ന പണിയാണ് അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എന്ന് യുഡിഎഫ് നേതാക്കൾ ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16

