Quantcast

സമസ്ത സിഐസിയുടെ തറവാട്; പരിഷ്‌കരണ പ്രവർത്തനങ്ങൾ തുടരും - ഹകീം ഫൈസി ആദൃശ്ശേരി

"വിദ്യാഭ്യാസത്തിന് വിവാഹം തടസ്സമാകരുത് എന്ന നയമാണ് സിഐസി ഇതുവരെ സ്വീകരിച്ചു പോന്നിട്ടുള്ളത് "

MediaOne Logo

Web Desk

  • Published:

    29 Jun 2022 9:28 AM GMT

സമസ്ത സിഐസിയുടെ തറവാട്; പരിഷ്‌കരണ പ്രവർത്തനങ്ങൾ തുടരും - ഹകീം ഫൈസി ആദൃശ്ശേരി
X

മലപ്പുറം: വാഫി, വഫിയ്യ കോഴ്‌സുകൾ നടത്തുന്ന സിഐസിക്ക് (കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്) സമസ്തയുമായി ഉണ്ടായിരുന്ന സംഘടനാ ബന്ധം അവസാനിപ്പിച്ചതായി സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. സമസ്തയുമായി സിഐസിക്ക് സംഘടനാ ബന്ധമല്ല, ആദർശ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ സിഐസി മുമ്പോട്ടുവയ്ക്കുന്ന പരിഷ്‌കരണ പ്രവർത്തനങ്ങൾ തുടരുമെന്നും ഹകീം ഫൈസി കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് ഹകീം ഫൈസി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സമസ്തക്കു പിന്നിൽ അടിയുറച്ച്

വാഫി, വഫിയ്യ കോഴ്സുകൾ നടത്തുന്ന സി ഐ സി യോട് ഇതുവരെ ഉണ്ടായിരുന്ന സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 15/06/22 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അറിയിച്ചിരിക്കുന്നു. 27/06/22 ന് ചേളാരിയിൽ വാഫി,വഫിയ്യ സ്ഥാപന മാനേജ്മെന്റുകളെ വിളിച്ചുകൂട്ടി സമസ്തയുടെ ആശയാദർശങ്ങളും ഉപദേശ നിർദ്ദേശങ്ങളും അംഗീകരിക്കാത്തവർക്ക് സമസ്തയുമായി സംഘടനാ ബന്ധം ഉണ്ടായിരിക്കില്ലെന്നും തുടർനടപടികൾക്കായി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചില വസ്തുതകൾ വ്യക്തമാക്കുന്നു:

സി.ഐ.സി 97 സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ്. സ്ഥാപിതകാലം തൊട്ടേ അതിനു സമസ്തയോട് ആദർശ ബന്ധമാണുള്ളത്; സംഘടനാ ബന്ധമല്ല. SKSSF, SYS പോലുളള ഒരു കീഴ്ഘടകമല്ല CIC എന്നർത്ഥം. ഭരണഘടനാപ്രകാരം തന്നെ സി.ഐ.സി സ്ഥാപനങ്ങൾ പിന്തുടരാൻ ബാധ്യസ്ഥമായ ആ ബന്ധം സമസ്ത അവസാനിപ്പിച്ചിട്ടില്ല. ആരും തെറ്റു ധരിക്കരുത്. മത വിരുദ്ധരും സമസ്തയുടെ ശത്രുക്കളും അസൂയാലുക്കളും വിഘടിതരും മുസ്ലിം സംഘശക്തി തകര്‍ക്കാൻ കച്ചകെട്ടിയിറങ്ങിയവരും അങ്ങനെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഈ സ്ഥാപനങ്ങൾ സമസ്തയുടെ ആദർശത്തിന് പിന്നിൽ അടിയുറച്ചു തന്നെ നിൽക്കും. സമസ്ത CIC യുടെ തറവാടാണ്. മക്കൾ തറവാട് വിട്ടു പോകുന്ന പ്രശ്നമേയില്ലല്ലോ. അതേ സമയം വിദ്യാഭ്യാസ രംഗത്ത് CIC മുന്നോട്ട് വയ്ക്കുന്ന പരിഷ്ക്കരണ പ്രവര്‍ത്തനങ്ങൾ തുടരും. വിദ്യാർത്ഥി-വിദ്യാർത്ഥിനികളോട് വാക്ക് പാലിക്കാൻ പരമാവധി ശ്രമിക്കും. അതിനുള്ള ബാധ്യതയും അവകാശവും പരമാധികാരവും ഭരഘടന പ്രകാരം CIC ക്കുണ്ട്. സമസ്ത നേരിട്ടു നടത്തുന്ന സ്വന്തം സ്ഥാപനങ്ങളല്ലാത്ത എല്ലാ സമസ്ത സ്ഥാപനങ്ങളുടെയും കാര്യം ഇതു തന്നെയാണ്. സമസ്തയുടെ ആശയാദർശങ്ങൾ അംഗീകരിച്ചു കൊണ്ടും ഉപദേശനിർദ്ദേശങ്ങൾ പരമാവധി മാനിച്ചുകൊണ്ടും മുന്നോട്ടു പോവുന്ന സ്ഥാപനങ്ങളെ അണിനിരത്തി സ്വന്തം ഭരണഘടന പ്രകാരം പാഠ്യപദ്ധതികളും കരിക്കുലവും നടപ്പാക്കുകയും അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാൻ CIC സംവിധാനങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ആ സംവിധാനങ്ങളെ മൺമറഞ്ഞ മഹാന്മാരായ ഗുരുനാഥന്മാർ വിശ്വാസത്തിലെടുത്തിട്ടുണ്ട് താനും.

സമസ്ത പിന്തുടരുന്ന സുന്നത്ത് ജമാഅത്തിന്റെ (അശ്അരീ ത്വരീഖത്ത്) ആശയം ലോകത്തെമ്പാടുമുള്ള മുഖ്യധാര മുസ്ലിം സമൂഹം വളരേ കാലം തൊട്ടേ പിന്തുടർന്നു വരുന്നതാണ്. അതിൽനിന്നും ഈ കൂട്ടായ്മ പിറകോട്ട് പോകുന്ന പ്രശ്നമുദിക്കുന്നില്ല. സമുദായത്തിന്റെ അസ്തിത്വത്തിനെതിരെ വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളിൽ സമസ്തക്കും ഉമ്മത്തിന്റെ സംഘശക്തിക്കുമൊപ്പമാണ് ഈ കൂട്ടായ്മ.

മേൽ മാനേജ്മെന്റ് സംഗമത്തിൽ പറയപ്പെട്ടത് പ്രകാരം ഇപ്പോഴത്തെ ഈ ചർച്ചക്ക് കാരണം ചില കുട്ടികൾക്ക് CIC സ്ഥാപനങ്ങൾ അച്ചടക്ക നടപടിയുടെ ഭാഗമായി ടി.സി കൊടുത്തതിനു ചില രക്ഷിതാക്കൾ സമസ്തയെ സമീപിച്ചതാണ്. അത്തരം ചെറിയ, വലിയ കാര്യങ്ങൾ പരിഹരിക്കാൻ സി.ഐ.സി ക്ക് സ്വന്തം സംവിധാനമുണ്ട്. സമസ്ത അതിന്റെ ഭാഗമല്ല. 'വിദ്യാഭ്യാസത്തിന് വിവാഹം തടസ്സമാകാമോ' 'വിവാഹത്തിനു വിദ്യാഭ്യാസം തടസ്സമാകാമോ' എന്നീ രണ്ടു ചോദ്യങ്ങളാണ് ഇവിടെ ഏറ്റുമുട്ടുന്നത്. വിദ്യാഭ്യാസത്തിന് വിവാഹം തടസ്സമാകരുത് എന്ന നയമാണ് സി. ഐ.സി ഇതുവരെ സ്വീകരിച്ചു പോന്നിട്ടുള്ളത്. വിവാഹം മൂലം ധാരാളമായി വിദ്യാഭ്യാസം തടസ്സപ്പെട്ട അനുഭവമുണ്ട്. വിദ്യാഭ്യാസം മൂലം വിവാഹം ചെറിയ സമയത്തേക്ക് നീട്ടി വെക്കേണ്ടി വന്നു എന്നല്ലാതെ തടസ്സപ്പെട്ട അനുഭവമില്ല.

ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് സ്ത്രീയെ ആദരിക്കുകയും ബൗദ്ധികമായും ഭൗതികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് സി.ഐ.സി നയം. വിദ്യാഭ്യാസത്തിനുവേണ്ടി വിവാഹം പിന്തിപ്പിക്കുന്നത് ശറഇനു വിരുദ്ധമല്ല; സുന്നത്തായ ഒരു കാര്യം നീട്ടി വെക്കുക മാത്രമാണ്. അത് മഹാന്മാരായ ഇമാമുകൾ ചെയ്തിട്ടുള്ളതാണ്. ഇമാം നവവി(റ) വിവാഹം ചെയ്തിട്ടില്ല. ഉമർ (റ ) "വിവാഹത്തിനു മുൻപ് പഠിക്കുക" എന്നു പറഞ്ഞിട്ടുണ്ട്. അബൂ സുലൈമാൻ അദ്ദാറാനി (റ) വിദ്യാർഥികൾ പഠിക്കുന്ന കാലത്ത് വിവാഹം കഴിക്കുന്നത് തടഞ്ഞിരുന്നതായി ഇമാം ഗസ്സാലി (റ ) 'ഇഹ് യാഇ'ൽ പറയുന്നുണ്ട്. പഠനത്തിൽ ശ്രദ്ധ കുറയും എന്നതാണ് കാരണം. (ഈ ഭാഗം വാഫീ,വഫിയ്യ സിലബസ്സിലുണ്ട് )

സി.ഐ.സി ഭരണഘടനയിൽ സമസ്തയുടെ ആശയാദർശങ്ങളോടുള്ള വിധേയത്വം പറയുന്ന ഭാഗം ഉദ്ദേശ്യലക്ഷ്യങ്ങൾ പറയുന്നിടത്തു നിന്നു അംഗത്വം പറയുന്ന ഭാഗത്തേക്ക് മാറ്റി എന്നതാണ് പറയപ്പെട്ട മറ്റൊരു കാരണം. എന്നാൽ മറ്റു പല സൊസൈറ്റികളെയും പോലെ സി. ഐ. സി ക്കും ധാരാളം ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അവയിൽ സിംഹഭാഗവും പരിഗണനക്കെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. സമസ്തയുടെ ആശയാദർശങ്ങളോടുള്ള വിധേയത്വം അങ്ങനെയാകാൻ പറ്റുമോ? ആ വിധേയത്വം പ്രാഥമികാംഗത്വത്തിനുള്ള നിബന്ധനയാക്കുകയാണ് ഇപ്പോൾ ചെയ്തത്. അതോടെ ആ വിധേയത്വം ബലപ്പെടുകയാണുണ്ടായത്.

മറ്റൊരു കാര്യം അഡ്വൈസർ നിർണ്ണയമാണ്. ഒരു അഡ്വൈസർ സമസ്ത പ്രസിഡണ്ട് ആയിരിക്കണമെന്ന് നേരത്തെ ഭരണഘടന വ്യവസ്ഥ ചെയ്തിരുന്നു. നമ്മുടെ എത്ര സ്ഥാപനങ്ങളുടെ ഭരണഘടനകൾ ഇങ്ങനെ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നറിയില്ല!. ഇപ്പോഴത് മുശാവറ മെമ്പർ എന്നാക്കിയിട്ടുണ്ട്. മന്ത്രിയാകാൻ എം.എൽ.എ ആകണമല്ലോ. നിലവിൽ സമസ്ത പ്രസിഡണ്ട് അഡ്വൈസറാണ്. അടുത്ത ടേമിലും അദ്ദേഹം തന്നെ തുടരുമെന്ന് ജനറൽബോഡി നിശ്ചയിച്ചിട്ടുമുണ്ട്. അഡ്വൈസറെ നിശ്ചയിക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണ്. അത് സ്വാഭാവികം!

മറ്റൊരു പ്രശ്നം വനിതകളുടെ (വഫിയ്യ) സെനറ്റ്, സിൻഡിക്കേറ്റ് പ്രാതിനിധ്യമാണ്. അവർ ആദ്യമേ സെനറ്റിലും സിൻഡിക്കേറ്റിലുമുണ്ട്. 36 വഫിയ്യ സ്ഥാപനങ്ങളുള്ള ഈ കുടുംബം വനിതകളെ എങ്ങനെ അവഗണിക്കും?! എല്ലാവരും ഇസ്ലാമിക നിയമങ്ങൾ പാലിക്കണമെന്നല്ലേയുള്ളൂ.

CIC സമസ്തയുടെ ഉപദേശ നിർദ്ദേശങ്ങൾ പതിവായി കേൾക്കാറുണ്ട്. കാരണം അറിയില്ലെങ്കിലും സമസ്തയുടെ നിർദ്ദേശപ്രകാരം വാഫീ ദർസ് നിറുത്തി വച്ചത് ഒടുവിലത്തെ ഉദാഹരണം. രണ്ടു ഡസൻ ദർസുകൾ മുന്നോട്ട് വന്നിരുന്നു.

സമസ്ത കത്തുകളിൽ പറഞ്ഞതിനൊക്കെ വ്യക്തവും ഉചിതവും വിനയാന്വിതവുമായ മറുപടികൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലത് മേൽ മാനേജ്മെന്റ് സംഗമത്തിൽ വായിക്കപ്പടുകയുമുണ്ടായി. ബഹുമാനപ്പെട്ട സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ രജ്ഞിപ്പിന് ശ്രമിക്കുന്നതിനിടയിലാണ് മാനേജ്മെൻറ് സംഗമത്തിൽ വെച്ച് സംഘടനാ ബന്ധം വിച്ഛേദിച്ചതായി അറിയിച്ചത്!!!. വസ്തുതകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ClC സമസ്തയുടെ കത്തിന് മറുപടി കൊടുത്തില്ലെന്നും CIC ക്കെതിരേയുള്ള സമസ്തയുടെ കത്ത് CIC തന്നെയാണ് പുറത്തു വിട്ടതെന്നും (!!) മറ്റുമാണ് പ്രചരിപ്പിക്കപ്പെടുന്നത്.

സി.ഐ.സി യുടെ നിയമനിർമ്മാണ ബോഡികൾക്കും വ്യക്തികൾക്കും അംഗസ്ഥാപനങ്ങൾക്കും ഉചിതമായ നിലപാടുകൾ സ്വീകരിക്കാം. പതിനായിരത്തോളം വരുന്ന ഈ കുടുംബത്തിലെ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് സ്വാഭാവിക മനുഷ്യാവകാശങ്ങളുണ്ട്. നിയമവാഴ്ചയുള്ള ഈ നാട്ടിൽ എല്ലാവരും അതു പരിഗണിക്കുമെന്നു വിശ്വസിക്കാം. സി. ഐ.സി. ഇതുവരെ സ്വീകരിച്ചിട്ടുള്ള മുഴുവൻ സമീപനങ്ങളും തീരുമാനങ്ങളും അതിന്റെ ഭരണഘടന പ്രകാരവും സുതാര്യവും മാന്യവുമാണ്. ഇക്കാര്യം ബന്ധപ്പെട്ടവരെയെല്ലാം അറിയിക്കുന്നു.





TAGS :

Next Story