100 വയസ് തികയ്ക്കണം, ലോകത്തും ഇന്ത്യയിലുമുള്ള ചില ഭരണാധികാരികളുടെ പതനം കാണണം: ടി.പത്മനാഭൻ
മരണചിന്തകൾ ഭയപ്പെടുത്താറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ടി.പത്മനാഭൻ

കണ്ണൂർ: ലോകത്തിലെയും ഇന്ത്യയിലെയും ചില ഭരണാധികാരികളുടെ പതനം കണ്ടതിന് ശേഷമേ മരിക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് പ്രശസ്ത കഥാകാരൻ ടി. പത്മനാഭൻ. 2029 വരെയെങ്കിലും ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർക്കൊപ്പം ഇന്ത്യയിലെ ഒരു ഭരണാധികാരിയുടെയും പതനം കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ടി. പത്മനാഭൻ നിലപാട് വ്യക്തമാക്കിയത്.
മരണചിന്തകൾ ഭയപ്പെടുത്താറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "ഇതുവരെ മരണചിന്തകൾ ഭയപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇപ്പോൾ ഒരു തമാശയുണ്ട്. ഏതായാലും നൂറ് വയസ് തികയ്ക്കട്ടെ എന്നാണ് ആഗ്രഹം. അതിനൊരു കാരണവുമുണ്ട്. ലോകത്തിലും ഇന്ത്യയിലുമുള്ള ചില ഭരണാധികാരികളുടെ പതനം കണ്ടിട്ട് വേണം പോകാൻ"- അദ്ദേഹം പറഞ്ഞു.
2029-ലാണ് അടുത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഓർമിപ്പിച്ച അദ്ദേഹം, അതിൽ ട്രംപ് പരാജയപ്പെടുന്നത് കാണണമെന്ന് തുറന്നുപറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ 'ലോകകണ്ടകൻ' എന്ന് വിശേഷിപ്പിച്ച പത്മനാഭൻ, അയാളുടെ പതനവും കാണണമെന്ന് കൂട്ടിച്ചേർത്തു.
ഇവർക്ക് പുറമെ പതനം കാണാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെയാൾ ഒരു ഇന്ത്യക്കാരനാണെന്നും, പേര് പറയുന്നില്ലെങ്കിലും അത് ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. "ഇതെല്ലാം 2029 കഴിഞ്ഞിട്ടല്ലേ... അത് കഴിഞ്ഞിട്ട് മരണം വിളിച്ചാൽ മതി" എന്നും ടി.പത്മനാഭവൻ പറഞ്ഞു.
Adjust Story Font
16

