'വട്ടിയൂർക്കാവോ തൃശൂരോ വേണം': നേതൃത്വത്തോട് ആവശ്യമുന്നയിച്ച് കെ.സുരേന്ദ്രൻ
വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരത്തിനില്ലെന്നും സുരേന്ദ്രൻ നിലപാട് കടിപ്പിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ലക്ഷ്യമിട്ട് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്നാണ് ആവശ്യം. ആർ ശ്രീലേഖക്ക് വട്ടിയൂർക്കാവ് നൽകാനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനം. അതിനിടെ ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലെ വിലയിരുത്തൽ.
നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ , കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസ്, വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആർ ശ്രീലേഖ എന്നിവര്‍ക്കായിരുന്നു രാജീവ് ചന്ദ്രശേഖർ ഓഫർ നൽകിയത്. എന്നാൽ ഇത് മറികടന്നാണ് കെ സുരേന്ദ്രന്റെ രംഗപ്രവേശം. മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്നാണ് കെ സുരേന്ദ്രന്റെ ആവശ്യം. വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരത്തിനില്ലെന്നും സുരേന്ദ്രൻ നിലപാട് കടിപ്പിച്ചു. കെ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആലോചന.
എന്നാൽ പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്നും സുരേന്ദ്രൻ പക്ഷം ആവശ്യപ്പെടുന്നു. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് തീരുമാനിച്ച ആളാണ് ആർ ശ്രീലേഖ. എന്നാൽ അന്ന് നീക്കം തടഞ്ഞത് വി മുരളീധരൻ പക്ഷം ആയിരുന്നു. വട്ടിയൂർക്കാവ് കൂടി വി മുരളീധരൻ പക്ഷം ലക്ഷമിടുമ്പോൾ രാജീവ് ചന്ദ്രശേഖറിന് പുതിയ പ്രതിസന്ധിയാകും. ഈ മാസം 11ന് അമിത് ഷാ പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗത്തിലാകും തീരുമാനം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ലെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ. ക്രിസ്ത്യൻ വോട്ടുകൾക്ക് പിറകെ പോയത് ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും കോർ കമ്മിറ്റി യോഗം വിലയിരുത്തി. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ 1.3% മാത്രമാണ് വിജയിച്ചത്. അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Adjust Story Font
16

