വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ പരിശീലനം കഴിഞ്ഞ് ഒരു ദിവസം മാത്രം
പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായാണ് ഉമീദ് പോർട്ടലിൽ സ്വത്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന വന്നത്

കോഴിക്കോട്: വഖഫ് വസ്തുകൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ അഞ്ചിന് അവസാനിരിക്കെ വിചിത്ര നടപടിയുമായി വഖഫ് ബോർഡ്. ഡിസംബർ നാലിനാണ് ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച പരിശീലനം നൽകുന്നത്. തിരുവനന്തപുരം- പത്തനംതിട്ട ജില്ലകളിലെ വഖഫ് ഭാരവാഹികൾക്കുള്ള പരിശീലനമാണ് വഖഫ് ബോർഡ് ഡിസംബർ നാലിന് വെച്ചിരിക്കുന്നത്.
പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായാണ് ഉമീദ് പോർട്ടലിൽ സ്വത്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന വന്നത്. കോഴിക്കോട്, മലപ്പുറം അടക്കമുള്ള ജില്ലകളിൽ പരിശീലനം പൂർത്തിയായിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലയിൽ പരിശീലനം വളരെ വൈകിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ നാലിന് പരിശീലനം നേടി അഞ്ചാം തീയതി വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം എന്ന സ്ഥിതിയാണുള്ളത്.
വിവിധ ജില്ലകളിലെ പരിശീലനം ക്രമീകരിച്ചപ്പോൾ ഇങ്ങനെ സംഭവിച്ചതാണെന്നാണ് വഖഫ് ബോർഡ് വിശദീകരണം. കൂടുതൽ വഖഫ് സ്വത്തുക്കളുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പരിശീലനം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട് എന്നും ബോർഡ് അധികൃതർ പറയുന്നു. അതേസമയം ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സംബന്ധിച്ച് ഭാവിയിൽ തർക്കത്തിന് സാധ്യതയുള്ളതിനാൽ സമയപരിധി നീട്ടണമെന്നാണ് തിരുവനന്തപുരം, പത്തനംതിട്ട ജില്ലയിലുള്ളവർ ആവശ്യപ്പെടുന്നത്.
Adjust Story Font
16

