Quantcast

ബസപകട സമയത്ത് ഉറക്കത്തിലായിരുന്നു; പരിക്കേറ്റ വിദ്യാർഥികൾ

അപകടത്തിൽ മരിച്ച മിൽഹാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

MediaOne Logo

Web Desk

  • Published:

    1 Jan 2023 10:25 AM GMT

ബസപകട സമയത്ത് ഉറക്കത്തിലായിരുന്നു; പരിക്കേറ്റ വിദ്യാർഥികൾ
X

ഇടുക്കി: അടിമാലിയിൽ ബസ് അപകടപ്പെട്ട സമയത്ത് തങ്ങൾ ഉറക്കത്തിലായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾ. വീഴ്ചയിലാണ് ഉണരുന്നതെന്നും അമിതവേ​ഗതയിലായിരുന്നോ എന്നറിയില്ലെന്നും അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾ പറഞ്ഞു.

ഗുരുതര പരിക്കേറ്റവർ കോലഞ്ചേരി, കോട്ടയം മെഡിക്കൽ കോളജുകളിലും മറ്റുള്ളവർ അടിമാലി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം, അപകടത്തിൽ മരിച്ച വളാഞ്ചേരി ആതവനാട് സ്വദേശി മിൽഹാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയിൽ നിന്നാണ് മിൽഹാജിന്റെ മൃതദേഹം കണ്ടെത്തിയത്. അടിമാലി മുനിയറയിൽ പുലർച്ചെ 1.15ഓടെയാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. വളാഞ്ചേരി റീജണൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേർക്ക് പരിക്കേറ്റു.

കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്.

അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരമെടുത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വീതി കുറഞ്ഞ റോഡാണ് അപകടകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ റോഡിൽ വാഹനാപകടം നിത്യസംഭവമാണെന്നും അവർ പറയുന്നു.

എന്നാൽ, കോളജിൽ നിന്ന് വിദ്യാർഥികൾ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയെന്ന് കോളജ് അധികൃതർ പറഞ്ഞു. ക്രിസ്മസ് അവധിയായതിനാൽ കോളജ് പ്രവർത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ മീഡിയവണിനോട് പറഞ്ഞു.

വളാഞ്ചേരിയിലെ ഒരു ക്ലബ്ബുമായി സഹകരിച്ചാണ് വിദ്യാർഥികൾ ടൂർ സംഘടിപ്പിച്ചതെന്നാണ് സൂചന. മറ്റൊരു കോളജിലെ വിദ്യാർഥികളും യാത്രയിൽ ഉണ്ടെന്നാണ് അറിഞ്ഞതെന്നും പ്രിൻസിപ്പൽ സന്തോഷ് പറഞ്ഞു.


TAGS :

Next Story