കണ്ണെത്താ ദൂരം ആമ്പൽപ്പാടം; മലരിക്കലിൽ വീണ്ടും പൂ വസന്തം
വഞ്ചിയിൽ ഇരുന്ന് പാടത്തിൽ ആമ്പൽപൂക്കൾക്കിടയിലിരുന്ന് ഫോട്ടോ എടുക്കാനായി വരുന്നവരും കുറവല്ല

കോട്ടയം: കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍...കോട്ടയം മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം നിറഞ്ഞിരിക്കുകയാണ്. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ച കാണാൻ പതിവ് തെറ്റാതെ നിരവധി സഞ്ചാരികളാണ് മലരിക്കലേക്ക് എത്തുന്നത്.
തിരുവാര്‍പ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പലുകള്‍ വിരിയുന്നത്. എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുടങ്ങുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂ വിരിയുന്നത്. ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് വരെ നെല്‍കൃഷിയായിരിക്കും. രാവിലെ 6 മുതല്‍ 10 വരെയാണു മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. പത്തുമണിക്ക് ശേഷം പൂക്കള്‍ വാടും.
പിങ്ക് നിറത്തിലുള്ള പരവതാനി പോലെ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് മലരിക്കലിലേക്ക് എത്തുന്നത്. വഞ്ചിയിൽ ഇരുന്ന് പാടത്തിൽ ആമ്പൽപൂക്കൾക്കിടയിലിരുന്ന് ഫോട്ടോ എടുക്കാനായി വരുന്നവരും കുറവല്ല.പിറന്നാൾ ഫോട്ടോകൾ മുതൽ കല്യാണ ഫോട്ടോയും സേവ് ദ ഡേറ്റും ബേബി ഷവർ ഫോട്ടോയും ഫാഷൻ ഫോട്ടോ ഷൂട്ട് വരെ ഇവിടെ നടക്കാറുണ്ട്.
മലരിക്കലിലേക്ക് എങ്ങനെ എത്താം?
കോട്ടയത്ത് നിന്ന് ഇല്ലിക്കല്‍ കവലയില്‍ എത്തി തിരുവാര്‍പ്പ് റോഡില്‍ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാല്‍ കാഞ്ഞിരം മലരിക്കലില്‍ എത്തിച്ചേരാം.
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്
Adjust Story Font
16

