Quantcast

'കടന്നാല്‍ ഇനി കുടുങ്ങില്ല..' കടമക്കുടി ദ്വീപുകളിലേക്ക് വാട്ടര്‍ മെട്രോ വരുന്നു

വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കുമെന്നും നിലവിലെ യാത്രക്ലേശങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    25 July 2025 6:05 PM IST

കടന്നാല്‍ ഇനി കുടുങ്ങില്ല.. കടമക്കുടി ദ്വീപുകളിലേക്ക് വാട്ടര്‍ മെട്രോ വരുന്നു
X

കൊച്ചി: കടന്നാല്‍ കുടുങ്ങി എന്നൊക്കെ കടമക്കുടിയെ വിളിച്ചിരുന്ന കാലം അവസാനിക്കുന്നു. റോഡിനും പാലത്തിനും പിന്നാലെ വാട്ടര്‍ മെട്രോ കൂടി കടമക്കുടിയിലേക്ക് എത്തുകയാണ്. നിലവിലുള്ള യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്ടര്‍ മെട്രോ സൗകര്യം കൂടി വരുന്നതോടെ കടമക്കുടിക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും. വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കും. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ടെര്‍മിനലുകളില്‍ കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.

ബോട്ടുകള്‍ ലഭ്യമാക്കി, മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷാവസാനത്തോടെ രണ്ട് ടെര്‍മിനലുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് എന്നീ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂര്‍, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളംകുന്നപ്പുഴ, മൂലമ്പിള്ളി എന്നീ ടെര്‍മിനലുകള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയുമാണ്. 2023 ഏപ്രില്‍ 25 ന് പ്രവര്‍ത്തനമാരംഭിച്ച വാട്ടര്‍ മെട്രോ നിലവില്‍ ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഹൈക്കോര്‍ട്ട്-ഫോര്‍ട്ട്‌കൊച്ചി റൂട്ടിലാണ്.

കടമക്കുടിയുടെ കായല്‍ ഭംഗി ആസ്വദിക്കുവാനും, ഞണ്ടും ചെമ്മീനും കായല്‍ മത്സ്യങ്ങളും ഉള്‍പ്പടെ രുചികരമായ കായല്‍ വിഭവങ്ങള്‍ രുചിച്ചറിയാനും പക്ഷി നിരീക്ഷണത്തിനുമൊക്കെയായി വിദേശികളും സ്വദേശികളും ആയിട്ടുള്ള നിരവധി ആളുകളാണ് ദിനംപ്രതി കടമക്കുടിയിലേക്ക് എത്തിച്ചേരുന്നത്. കടമ ക്കുടിയുടെ കായല്‍ പരപ്പിലൂടെയുള്ള യാത്ര നയനാനന്ദകരമാണ്. അപൂര്‍വയിനം ദേശാടന പക്ഷികള്‍ വരമ്പുകളില്‍ വന്നിറങ്ങുന്ന കാഴ്ചകള്‍, പൊക്കാളി പാടങ്ങള്‍, ചെറുതോണികളില്‍ എത്തി വലയെറിയുന്നവര്‍, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമീണ കാഴ്ച്ചകള്‍, ഉദയാസ്തമയങ്ങള്‍ തുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകള്‍ കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് വാട്ടര്‍ മെട്രോയിലുള്ള യാത്ര പുതിയ അനുഭവമാകും.

ദ്വീപിന്റെ മനോഹാരിത നിലനിര്‍ത്തി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കടമക്കുടിയില്‍ നടന്നിട്ടുള്ളത്. വാട്ടര്‍ മെട്രോ വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ നാഴികക്കല്ലാകും.

TAGS :

Next Story