കടുവാഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ പഞ്ചാരക്കൊല്ലി
ചത്തത് നരഭോജിക്കടുവ തന്നെ എന്നുറപ്പിച്ചതോടെ ദിവസങ്ങൾ നീണ്ട രോഷവും സങ്കടവും സന്തോഷത്തിനു വഴി മാറി

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവാഭീതി ഒഴിഞ്ഞതോടെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് അവർ സന്തോഷം പങ്കിട്ടത്. ചത്തത് നരഭോജിക്കടുവ തന്നെ എന്നുറപ്പിച്ചതോടെ ദിവസങ്ങൾ നീണ്ട രോഷവും സങ്കടവും സന്തോഷത്തിനു വഴി മാറി.
രാവിലെ ആറരയോടെ കടുവയുടെ ജഡം ലഭിച്ചതോടെ തന്നെ ജനങ്ങളുടെ ആഹ്ലാദം അണപൊട്ടിയിരുന്നു. ചത്തത് രാധയുടെ ജീവനെടുത്ത കടുവ തന്നെ എന്ന സ്ഥിരീകരണമെത്തിയതോടെ ആഘോഷമാരംഭിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ അവർ കടന്നുപോയ മാനസികാഘാതങ്ങൾ കൊണ്ടാകാം ഭീതിയൊഴിഞ്ഞു എന്ന് പലർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി വനിത കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോയ സമയത്താണ് വനംവകുപ്പിൽ താത്കാലിക വാച്ചറായ അപ്പച്ചൻ്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. കണ്ടെത്തുമ്പോൾ പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
Adjust Story Font
16

