'ഞങ്ങൾക്ക് 21 വയസായി, മദ്യം വേണം'; യൂണിഫോമിലെത്തിയ വിദ്യാർഥികളെ മടക്കിയയച്ച് ബിവറേജസ് ജീവനക്കാർ
ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുമ്പോൾ ചിലർ രേഖകളില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോകും. പിന്നീട് പ്രായപൂർത്തിയായ മറ്റുള്ളവരോടൊപ്പം തിരിച്ചെത്തുന്ന സംഭവങ്ങളുമുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു

കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിന് സമീപമുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ യൂണിഫോമിലെത്തി വിദ്യാർഥികൾ. മദ്യം നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചെന്ന് ജീവനക്കാർ പറയുന്നു.
ഐടിഐയിൽ ഫ്രഷേഴ്സ് ഡേ പരിപാടി നടക്കുന്നതിനാൽ നിരവധി വിദ്യാർഥികൾ ഔട്ട്ലെറ്റിലെത്തിയെന്നാണ് വിവരം. യൂണിഫോമിലെത്തിയ വിദ്യാർഥികളെ തിരിച്ചറിഞ്ഞ ജീവനക്കാർ മദ്യം നൽകാതെ മടക്കിയയച്ചു. പിന്നീട് യൂണിഫോം മാറ്റി തിരിച്ചെത്തിയ ചിലർക്ക് പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടതായും ജീവനക്കാർ പറഞ്ഞു.
തങ്ങൾക്ക് 21 വയസ്സ് കഴിഞ്ഞെന്നും മദ്യം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടതായി ഔട്ട്ലെറ്റിലെ ജീവനക്കാർ പറഞ്ഞു. എന്നാൽ, യൂണിഫോമിലെത്തുന്ന വിദ്യാർഥികൾക്ക് മദ്യം നൽകുന്നത് തങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സാഹചര്യമാണെന്നും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും ജീവനക്കാർ വ്യക്തമാക്കി.
ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുമ്പോൾ ചിലർ രേഖകളില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോകും. പിന്നീട് പ്രായപൂർത്തിയായ മറ്റുള്ളവരോടൊപ്പം തിരിച്ചെത്തുന്ന സംഭവങ്ങളുമുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. പ്രായം സംബന്ധിച്ച് സംശയമുള്ളവരോട് രേഖകൾ ആവശ്യപ്പെടാറുണ്ടെന്നും അവർ വ്യക്തമാക്കി.
നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.
Adjust Story Font
16

