എലപ്പുള്ളിയിലെ മദ്യനിർമാണ യൂണിറ്റിനുള്ള അനുമതി പിൻവലിക്കണം: റസാഖ് പാലേരി
കമ്പനിക്ക് പ്രതിദിനം ആവശ്യമായ 10 ലക്ഷം ലിറ്റർ വെള്ളം ജല അതോറിറ്റി ഉറപ്പുനൽകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് റസാഖ് പാലേരി ചോദിച്ചു.

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലപ്പുള്ളിയിൽ മദ്യനിർമാണ യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. രാജ്യം തന്നെ ശ്രദ്ധിച്ച ജലസമരമായ പ്ലാച്ചിമടയുടെ പരിസരപ്രദേശത്തു തന്നെ വൻതോതിൽ ജലം ഉപയോഗിക്കേണ്ടി വരുന്ന മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അങ്ങേയറ്റം ജനവിരുദ്ധമാണ്. ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിക്ക് ആവശ്യമായ ജലം കഴിഞ്ഞ നാലു വർഷമായി നൽകാൻ കഴിയാതിരിക്കെ അതിനേക്കാൾ കൂടുതൽ അളവിൽ ജലം ആവശ്യമായി വരുന്ന മറ്റൊരു ഫാക്ടറിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത് അങ്ങേയറ്റം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിക്ക് പ്രതിദിനം ആവശ്യമായ 10 ലക്ഷം ലിറ്റർ വെള്ളം ജല അതോറിറ്റി ഉറപ്പുനൽകുന്നത് എന്തടിസ്ഥാനത്തിലാണ്? പ്രതിദിനം 400 ദശലക്ഷം ലിറ്റർ ജലം ആവശ്യമായ പാലക്കാട് നഗരത്തിലേക്ക് ജലവിതരണം നടത്തിക്കൊണ്ടിരിക്കുന്ന മലമ്പുഴ ഡാമിൽ നിന്ന് ഇത്രയധികം ജലം ഫാക്ടറിക്ക് നൽകാമെന്ന് സർക്കാർ ഉറപ്പു നൽകുമ്പോൾ പാലക്കാട്ടെ ജനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്. വൻതോതിൽ ജല ഉപയോഗം ആവശ്യമായി വരുന്ന കമ്പനികൾക്ക് പ്രവർത്തിക്കുന്നതിന് അനുയോജ്യമായ സ്ഥലമല്ല പാലക്കാട് എന്ന് നിരവധി കമ്മീഷനുകൾ ചൂണ്ടിക്കാണിച്ചിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അമിതാവേശത്തോടെ മദ്യനിർമാണ കമ്പനിയെ സ്വീകരിച്ചാനയിക്കുന്നതിന്റെ പിന്നിൽ മറ്റ് താത്പര്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ മദ്യലഭ്യത കുറച്ചു കൊണ്ടുവരുമെന്ന പ്രകടനപത്രിക വാഗ്ദാനം അല്പം പോലും നടപ്പാക്കാൻ ശ്രമിക്കാതെ പുതിയ തലമുറയിലെ യുവാക്കളെ കൂടുതൽ മദ്യപാനത്തിന് പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ലഹരിക്കടിമപ്പെട്ട മനുഷ്യർ സൃഷ്ടിക്കുന്ന അക്രമ പ്രവർത്തനങ്ങളുടെ വാർത്തകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ സമാധാന ജീവിതത്തിനു പുതുതലമുറയുടെ ആരോഗ്യത്തിനും സർക്കാർ അൽപ്പം പോലും പ്രാധാന്യം നൽകുന്നില്ല. ജനങ്ങളെ നശിപ്പിക്കുന്ന ഇത്തരം വിനാശകരമായ പദ്ധതികളിലൂടെ അല്ല സർക്കാർ വരുമാനം കണ്ടെത്തേണ്ടത്. ഡൽഹി മദ്യനയ അഴിമതി കേസിൽ ഉൾപ്പെട്ട ഒയാസിസ് കൊമേഴ്സ്യൽ എന്ന കമ്പനി പഞ്ചാബിൽ നടത്തിക്കൊണ്ടിരിക്കുന്ന യൂണിറ്റിനെതിരെ അവിടുത്തെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. മലിനീകരണ നിയന്ത്രണ ബോർഡ് അവിടെ കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സർക്കാർ കമ്പനിയെ കുറിച്ച് പുകഴ്ത്തൽ നടത്തുന്നത്. ഭരണാധികാരികൾക്കും ഭരണ പാർട്ടികൾക്കും പണം കൊടുത്തു അനുമതി വാങ്ങുന്ന കമ്പനിക്ക് പരവതാനി വിരിച്ചതിലൂടെ എന്ത് ലഭിച്ചു എന്ന് ജനങ്ങളോട് വെളിപ്പെടുത്തേണ്ടതുണ്ട്. കൂടുതൽ തൊഴിലവസരങ്ങളും കാർഷിക മേഖലക്ക് ഉണർവും നൽകുമെന്ന വ്യാജ വാഗ്ദാനം നൽകി മദ്യ കമ്പനിയെ പാലക്കാട്ട് കുടിയിരുത്താം എന്നാണ് സംസ്ഥാന സർക്കാരും എക്സൈസ് മന്ത്രിയും കരുതുന്നതെങ്കിൽ അതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്ന് റസാഖ് പാലേരി പറഞ്ഞു.
Adjust Story Font
16

