Quantcast

തെരഞ്ഞെടുപ്പ് നേട്ടം മുന്നിൽ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാർ സംഭവത്തെ വർഗീയവത്കരിക്കുന്നു -വെൽഫെയർ പാർട്ടി

‘കാസ പോലുള്ള സംഘ്പരിവാർ അനുകൂല തീവ്ര സംഘടനകളുടെ വാദം തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ചിരിക്കുന്നത്’

MediaOne Logo

Web Desk

  • Published:

    7 March 2024 7:06 AM GMT

Suresh Gopi should be punished accordingly, demands Welfare Party
X

കോഴിക്കോട്: പൂഞ്ഞാർ സംഭവത്തിന് പിറകിൽ മുസ്‌ലിം വിദ്യാർഥികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് നേട്ടം മുന്നിൽ കണ്ടുള്ള വർഗീയ വിഭജന ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി കോട്ടയം ജില്ല പ്രസിഡന്റ് സണ്ണി മാത്യു പറഞ്ഞു. വിവിധ മത വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തിയ ഒരു സംഭവത്തിൽ മുസ്‌ലിം വിദ്യാർത്ഥികളെ മാത്രം പഴിചാരി വിഷയത്തെ വർഗീയവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുസ്‌ലിം വിദ്യാർഥികളെ കേന്ദ്രീകരിച്ച് സംഭവത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ഈരാറ്റുപേട്ടയിൽ നടന്ന സർവകക്ഷി യോഗത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവ് തന്നെ തള്ളിപ്പറഞ്ഞതാണ്. വിവിധ സമൂഹങ്ങളിൽപെട്ടവർ ഉൾപ്പെട്ട ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ ഒരു സമുദായത്തെ മാത്രം ഉന്നംവെക്കുന്നതിലൂടെ കാസ പോലുള്ള സംഘ്പരിവാർ അനുകൂല തീവ്ര സംഘടനകളുടെ അതേവാദം തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ചിരിക്കുന്നത്.

നിക്ഷിപ്ത താല്പര്യക്കാരുടെ വ്യാജവാദങ്ങളും അസത്യങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നതിനും അപകടകരമായ രീതിയിൽ ആവർത്തിക്കുന്നതിനും പകരം പക്വവും സത്യസന്ധവുമായ രീതിയിൽ വിഷയത്തെ സമീപിക്കാനായിരുന്നു മുഖ്യമന്ത്രി തയാറാവേണ്ടിയിരുന്നത്.

കുറച്ചു വിദ്യാർഥികളുടെ അപക്വമായ പ്രവർത്തനത്തെ അങ്ങനെ കാണുന്നതിനു പകരം വിദ്യാർഥികളുടെ മതവും സമുദായവും തിരിച്ചു വർഗീയ ധ്രുവീകരണത്തിനുള്ള അവസരമാക്കി മാറ്റിയവരെയാണ് മുഖ്യമന്ത്രി വിമർശിക്കേണ്ടിയിരുന്നത്. അതിനുപകരം നില മറന്ന പ്രതികരണം നടത്തിയ മുഖ്യമന്ത്രി എരിഞ്ഞടങ്ങിയ തീ വീണ്ടും ഊതിപ്പടർത്തുകയാണ്. പദവിക്ക് നിരക്കുന്ന പ്രവൃത്തിയല്ല മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

സംഘ്പരിവാർ മാതൃകയിൽ വർഗീയ ചേരിതിരിവിലൂടെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യുന്ന തീക്കളി ഉപേക്ഷിക്കാൻ സി.പി.എം നേതാക്കൾ തയാറാകാത്തത് ഗുരുതര പ്രത്യാഘാതങ്ങൾ ആയിരിക്കും സമൂഹത്തിൽ സൃഷ്ടിക്കുക. അത്തരം ശ്രമങ്ങൾ ആത്യന്തികമായി സംഘ്പരിവാർ ശക്തികൾക്കായിരിക്കും നേട്ടങ്ങൾ സമ്മാനിക്കുക എന്ന യാഥാർഥ്യം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിക്കാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. പ്രസ്താവന പിൻവലിച്ച് തെറ്റ് തിരുത്താൻ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story