Quantcast

പ്രധാനമന്ത്രിയുടെ സന്ദർശനം: ഇന്‍റലിജൻസ് എ.ഡി.ജി.പിയുടേതായി പുറത്തുവന്ന റിപ്പോർട്ട് സംഘ്പരിവാർ പ്രചാരണം ഏറ്റുപിടിക്കുന്നതെന്ന് വെൽഫെയർ പാർട്ടി

'12 വർഷമായി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിര്‍ത്തി സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യം കേരളത്തിൽ സാധിച്ചു കൊടുക്കാന്‍ സർക്കാറും പൊലീസ് സംവിധാനങ്ങളും ചേർന്ന് ശ്രമിക്കുന്നു'

MediaOne Logo

Web Desk

  • Published:

    23 April 2023 2:21 PM GMT

Welfare Party in daily commodities price hike, Welfare Party against daily commodities price hike
X

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് എ.ഡി.ജി.പിയുടേതായി പുറത്തുവന്ന റിപ്പോർട്ട് സംഘ്പരിവാർ പ്രചാരണം ഏറ്റുപിടിക്കുന്നതെന്ന് വെൽഫെയർ പാർട്ടി. കേരളത്തെ ഉന്നംവെച്ച് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങൾ എങ്ങനെ ഇന്‍റലിജൻസ് രേഖയിൽ വന്നു? ഇതിന് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.

വെൽഫയർ പാർട്ടിയെ കുറിച്ച് റിപ്പോർട്ടിലുള്ള പരാമർശങ്ങൾ എന്തുവസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റിപ്പോർട്ട് ചോർന്നതിനു പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങൾ പുറത്തുകൊണ്ടുവരണം. 12 വർഷങ്ങളായി കേരളത്തിൽ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിര്‍ത്തി സംഘ്പരിവാറിനെ സഹായിക്കുകയാണ് സർക്കാറും പൊലീസ് സംവിധാനങ്ങളും ചെയ്യുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും വെൽഫെയർ പാർട്ടി വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണരൂപം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു സംസ്ഥാന ഇന്റലിജൻസ് എ.ഡി.ജി.പിയുടേതായി പുറത്തു വന്ന റിപ്പോർട്ടിൽ, സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ടു വിവരിക്കുന്ന കാര്യങ്ങൾ കേരളത്തെ കുറിച്ച് സംഘ്പരിവാർ കാലങ്ങളായി നടത്തുന്ന പ്രചാരണങ്ങൾ ഏറ്റു പിടിക്കുന്ന രീതിയിൽ ഉള്ളതാണ്. സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരിൽ ശക്തമായ വിയോജിപ്പും പ്രതിഷേധങ്ങളും നടക്കുന്ന സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി - യുവജന സംഘടനകളും നടത്തുന്ന അത്തരം പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധിപ്പിച്ചു സമൂഹത്തിൽ പുകമറകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്ന ശൈലി വിവേകപൂർണമല്ല.

വെൽഫെയർ പാർട്ടിയെ കുറിച്ച് റിപ്പോർട്ടിലുള്ള പരാമർശങ്ങൾ എന്ത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് ഇന്റലിജൻസും സംസ്ഥാന ആഭ്യന്തര വകുപ്പും വ്യക്തമാക്കണം. വെൽഫെയർ പാർട്ടി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് സുരക്ഷാ ഭീഷണിയുടെ കാരണങ്ങളെങ്കിൽ അക്കാര്യം സർക്കാർ പൊതുജനങ്ങളോട് പറയണം. കഴിഞ്ഞ 12 വർഷങ്ങളായി കേരളത്തിൽ ജനാധിപത്യപരമായി പ്രവർത്തിച്ചു വരുന്ന വെൽഫെയർ പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിര്‍ത്തി സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യം കേരളത്തിൽ സാധിച്ചു കൊടുക്കുന്നതിന് സർക്കാറും പൊലീസ് സംവിധാനങ്ങളും ചേർന്ന് ശ്രമിക്കുകയാണ്. ഇത്തരം നീക്കങ്ങളെ വെൽഫെയർ പാർട്ടി രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കും.

അടിസ്ഥാന രഹിതമായ മാവോയിസ്റ്റ് - തീവ്രവാദ ആരോപണങ്ങൾ ഉന്നയിച്ചും അതിഥി തൊഴിലാളികളെ ഉന്നം വെച്ചുള്ള പ്രചാരണങ്ങൾ നടത്തിയും മുസ്‌ലിം സമൂഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലുള്ള കാമ്പെയ്‌നുകൾ നടത്തിയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിർമിച്ചു വിടുന്ന ശൈലി സംഘ്പരിവാറിന്റേതാണ്. പ്രധാനമന്ത്രി പോലും സുരക്ഷാ ഭീഷണി നേരിടുന്ന സംസ്ഥാനം എന്ന മോശം പ്രതിച്ഛായ കേരളത്തെ കുറിച്ച് നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യാമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങൾക്ക് വഴങ്ങിക്കിട്ടാത്ത കേരളത്തെ ഉന്നം വെച്ച് കൊണ്ട് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങൾ എങ്ങനെയാണ് ഇന്റലിജൻസ് രേഖയിൽ അതേപടി കയറിപ്പറ്റിയതെന്ന ചോദ്യത്തിന് മറുപടി പറയാൻ സംസ്ഥാന മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. റിപ്പോർട്ട് ചോർന്നതിലൂടെ രാഷ്ട്രീയലാഭം നേടുന്നത് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളുമാണ്. ഔദ്യോഗികമായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ട റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്നത് ഗൗരവത്തിൽ അന്വേഷിക്കണം. റിപ്പോർട്ട് ചോർന്നതിനു പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങൾ പുറത്തുകൊണ്ടുവരണം.

TAGS :

Next Story