ഗസ്സയിലേത് വംശഹത്യയല്ല, യുഎൻ പൊതുസഭയിൽ നെതന്യാഹുവിനെ കൂക്കിവിളിച്ചത് ശരിയായില്ല: സി.രവിചന്ദ്രൻ
'നോട്ടിഫിക്കേഷൻ കൊടുത്താണ് ഇസ്രായേൽ ആക്രമിക്കുന്നത്. ലോകത്ത് ഒരു രാജ്യവും അങ്ങനെ ചെയ്യുന്നില്ല''

സി.രവിചന്ദ്രൻ- Photo- Ravichandran C FB Page
കൊച്ചി: ഗസ്സയിൽ നടക്കുന്നത് വംശഹത്യയല്ലെന്ന് പ്രമുഖ യുക്തിവാദി നേതാവ് സി.രവിചന്ദ്രൻ. വംശഹത്യ നടക്കാതിരിക്കാൻ ഇസ്രായേൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഇത്രയും സമയംപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നോട്ടിഫിക്കേഷൻ കൊടുത്താണ് ഇസ്രായേൽ അക്രമിക്കുന്നത്. ലോകത്ത് ഒരു രാജ്യവും അങ്ങനെ ചെയ്യുന്നില്ല. റഷ്യ, യുക്രൈനിൽ ഇങ്ങനെ ചെയ്യുന്നില്ല. ലോകത്ത് ഒരു രാജ്യത്തും ആക്രമിക്കപ്പെടുന്ന രാജ്യത്തിന് മരുന്നും ആഹാരവും കൊടുക്കാനുള്ള ബാധ്യത ആക്രമിക്കുന്ന രാജ്യത്തിനില്ല.
ഗസ്സയിൽ നടക്കുന്നത് ഷട്ട്‌ലിങ് ഓഫ് പോപുലേഷൻ ആണ്. വാഷിങ് മെഷിനീൽ തുണി അങ്ങോട്ടും ഇങ്ങോട്ടും മറിക്കുന്നത് പോലെ നോട്ടിഫിക്കേഷൻ കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു. അവിടെ ആക്രമിക്കുന്നു, ഇതാണ് ഗസ്സയില്‍ നടക്കുന്നത്. സ്ത്രീകളും കുട്ടികളും അല്ല ഗസ്സയിൽ കൂടുതലായി കൊല്ലപ്പെട്ടത്. പുരുഷന്മാരാണ്. 65,000 പേർ കൊല്ലപ്പെട്ടതിൽ 18,000 കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. 18 മുതൽ 19 വയസ് പ്രായമുള്ളവരെയാണ് കുട്ടികൾ എന്ന് പറയുന്നത്. ഹമാസിന്റെ റിക്രൂട്ട്‌മെന്റ് തുടങ്ങുന്നത് തന്നെ 13 വയസ് മുതലാണ്.
യുഎൻ പൊതുസഭയിൽ നെതന്യാഹുവിനെ കൂക്കിവിളിച്ചത് ശരിയായില്ല. നെതന്യാഹു വരുമ്പോൾ കുറെപേർ വലിയ സംഭവമാണെന്ന് കരുതി ഇറങ്ങിപ്പോകുകയാണ്. നെതന്യാഹു കൂ... എന്ന പത്ര തലക്കെട്ട് പോലും അങ്ങേയറ്റം സംസ്ക്കാര ശൂന്യവും മാനവിക വിരുദ്ധവുമാണ്. ആരെയും കൂവാൻ പാടില്ല. കേൾക്കാൻ തയ്യാറാവണം. യാസർ അറഫാത്ത് വലിയ പോരാളിയാണ് എന്നാണ് സ്‌കൂൾ കാലഘട്ടത്തെ എന്റെ ധാരണ. അന്ന് ഇന്ദിരാഗാന്ധിക്കൊപ്പം ഇരിക്കുന്ന യാസര്‍ അറഫാത്തിന്റെ ഫോട്ടോ വീട്ടിലെ ചുവരിലും ഉണ്ടായിരുന്നു. എന്നാൽ ലോകത്ത് ജീവിച്ചിരുന്നവരിൽ ഏറ്റവും സമ്പന്നനും കപടനും തീവ്രവാദിയുമായിരുന്നു യാസർ അറഫാത്ത്. അദ്ദേഹം ഒരു ബഹുമാവനും അർഹിക്കുന്നില്ല''-സി.രവിചന്ദ്രൻ പറയുന്നു.
വൺഇന്ത്യ മലയാളം, റീൽ റിയൽ എന്നീ യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Adjust Story Font
16

