Quantcast

കേരളത്തിന് എപ്പോള്‍ വാക്സിന്‍ നല്‍കും? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിലെ കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിർദേശം.

MediaOne Logo

Web Desk

  • Published:

    14 May 2021 8:05 AM GMT

കേരളത്തിന് എപ്പോള്‍ വാക്സിന്‍ നല്‍കും? കേന്ദ്രത്തോട് ഹൈക്കോടതി
X

കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. വെള്ളിയാഴ്ചക്കകം കേന്ദ്രം ഇക്കാര്യത്തിൽ മറുപടി നൽകണം. കേരളത്തിലെ കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിർദേശം. അതേസമയം വാക്സിൻ വിതരണത്തിൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് ഹരജി പരിഗണനക്ക് വന്നപ്പോഴാണ് കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.

വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കോവിഡ് നിരക്ക് വർധിക്കുകയാണ്. അതിനാൽ വാക്‌സിൻ നൽകുന്നതിനുള്ള സമയക്രമം കേന്ദ്രം അറിയിക്കണമെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണന്നും കോടതി വ്യക്തമാക്കി. കേസ് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

TAGS :

Next Story