മെസ്സി വിവാദം: മുൻ കായിക മന്ത്രിക്കായി ഇമെയിൽ ഇടപാട് നടത്തിയ അമീറ ഐഷാ ബീഗം ആരാണെന്ന് മന്ത്രി ഒ.ജെ ജനീഷ്
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന വി.അബ്ദുറഹ്മാന്റെ വാദം ഒ.ജെ ജനീഷ് തള്ളി

മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. മുൻ കായിക മന്ത്രിക്ക് വേണ്ടി ഇമെയിൽ ഇടപാട് നടത്തിയത് കോളജ് അധ്യാപികയായ അമീറയാണ്. പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അമീറ. തൃശൂർ ചെറുതുരുത്തി സ്വദേശിയാണ് ഇവർ.
മന്ത്രിക്ക് ഇമെയിൽ തയ്യാറാക്കി നൽകിയത് അമീറയാണ്. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഇവർ ആശയവിനിമയം നടത്തിയിരുന്നു. ഇമെയിൽ കോപ്പി ഇവർക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് അമീറയുടെ പേര് ഉയർന്നുവന്നത്. ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മന്ത്രിയെ പരിചയപ്പെട്ടത് എന്നാണ് അമീറ ഐഷാ ബീഗം നൽകുന്ന വിശദീകരണം. പ്രതിഫലം വാങ്ങാതെയാണ് കാര്യങ്ങൾ ചെയ്തതെന്നും ഇവർ പറഞ്ഞു.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന വി.അബ്ദുറഹ്മാന്റെ വാദം ഒ.ജെ ജെനീഷ് തള്ളി. സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നു. മുൻ കായികമന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രക്ക് ചെലവായിട്ടുണ്ടെന്നും മന്ത്രി ഒ.ജെ ജെനീഷ് പറഞ്ഞു.
Adjust Story Font
16

