Quantcast

കേരം തിങ്ങും കേരള നാട് കെആർ ഗൗരി എന്തുകൊണ്ട് ഭരിച്ചില്ല?

സ്വപ്രയത്‌നം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും പ്രതികൂലമായ എല്ലാ സാമൂഹിക സാഹചര്യങ്ങളോടും പടവെട്ടി താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന, ഭരണരംഗത്ത് തന്റെ സമകാലികരെക്കാൾ ഏറെ മുന്നിലെന്നു പലവട്ടം തെളിയിച്ച ഒരാളെ തഴഞ്ഞ് എന്തുകൊണ്ട് മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയെന്നത് ഇന്നും പാർട്ടിക്ക് മറുപടിയില്ലാത്ത ചോദ്യമാണ്

MediaOne Logo

Web Desk

  • Published:

    11 May 2021 10:01 AM GMT

കേരം തിങ്ങും കേരള നാട് കെആർ ഗൗരി എന്തുകൊണ്ട് ഭരിച്ചില്ല?
X

കേരം തിങ്ങും കേരള നാട്ടിൽ കെആർ ഗൗരി ഭരിച്ചീടും...

1987ലെ തെരഞ്ഞെടുപ്പിൽ കേരളമെങ്ങും മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ കെആർ ഗൗരിയമ്മയെ മുന്നിൽ നിർത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. പക്ഷേ തെരഞ്ഞെടുപ്പ് ജയിച്ചുവന്നപ്പോൾ കെആർ ഗൗരി മുഖ്യമന്ത്രിയായില്ല. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതിന് സിപിഎം ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇഎംഎസ് അധികാരമേൽക്കുമ്പോൾ മന്ത്രിസഭയിൽ റവന്യു, എക്‌സൈസ്, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നയാളാണ് കെആർ ഗൗരിയമ്മ. കേരള സാമൂഹികജീവിതത്തെ അടിമുടി സ്വാധീനിച്ച വിപ്ലവകരമായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കാനുള്ള നിയമവും ഭൂപരിഷ്‌ക്കരണ നിയമവുമെല്ലാം സഭയിൽ അവതരിപ്പിച്ചതും പാസാക്കിയതും ഗൗരിയമ്മയായിരുന്നു. അവിടന്നങ്ങോട്ട് രാഷ്ട്രീയ കേരളത്തിലെ ഏറ്റവും കരുത്തയായ വ്യക്തിത്വമായി നിറഞ്ഞുനിന്നു അവർ. 57നുശേഷം 1961, 1980, 1987, 2001, 2004 വർഷങ്ങളിലും ഗൗരിയമ്മ വിവിധ സുപ്രധാന വകുപ്പുകൾ ഭരിച്ചു.

1987ലെ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരോക്ഷമായി അവതരിപ്പിച്ചാണ് ഇടതുപക്ഷം ജനങ്ങളോട് വോട്ട് ചോദിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനമൊട്ടാകെ അത്തരത്തിലുള്ള പ്രതീതിയാണ് പ്രചാരണരംഗത്തുണ്ടായിരുന്നത്. അതിന്റെ ഭാഗമായിരുന്നു കേരളം ഏറ്റെടുത്ത ആ മുദ്രാവാക്യവും. ഫലം വന്നപ്പോൾ ഗൗരിയമ്മ മുഖ്യമന്ത്രിയാകുന്നതിനാണ് കേരളമൊന്നടങ്കം കാത്തിരുന്നത്. എന്നാൽ, ഇടതുപക്ഷം അധികാരം നൽകിയത് ഇകെ നായനാർക്കായിരുന്നു.

സ്വപ്രയത്‌നം കൊണ്ടും പോരാട്ടവീര്യം കൊണ്ടും പ്രതികൂലമായ എല്ലാ സാമൂഹിക സാഹചര്യങ്ങളോടും പടവെട്ടി താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന, ഭരണരംഗത്ത് തന്റെ സമകാലികരെക്കാൾ ഏറെ മുന്നിലെന്നു പലവട്ടം തെളിയിച്ച ഒരാളെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിയില്ലെന്നത് ഇന്നും പാർട്ടിക്ക് മറുപടിയില്ലാത്ത ചോദ്യമാണ്. പല തരത്തിലുള്ള വിശദീകരണങ്ങൾ ഇതിന് പിന്നീട് ഉയർന്നുവന്നിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക പ്രതിഫലനമാണിതെന്നാണ് ഒരു വിശദീകരണം. അതല്ല, അവരുടെ കീഴാള പശ്ചാത്തലം പാർട്ടിയിലെ സവർണ നേതൃത്വത്തിന് ഒരു കല്ലുകടിയായിരുന്നുവെന്ന് മറ്റൊരു വ്യാഖ്യാനവുമുണ്ട്.


എന്തായാലും, അർഹമായ മുഖ്യമന്ത്രി സ്ഥാനം തനിക്ക് നിഷേധിച്ചത് ഇഎംഎസാണെന്ന് ഗൗരിയമ്മ തന്നെ പല സമയത്തായി വ്യക്തമാക്കിയതാണ്. ഇഎംഎസും നായനാരും ചേർന്ന് താൻ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യയല്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഈഴവയും സ്ത്രീയുമായ തന്നെ ഇഎംഎസ് ബോധപൂർവം തഴയുകയായിരുന്നുവെന്ന് ഗൗരിയമ്മ ഉറച്ചുവിശ്വസിക്കുകയും പരസ്യമായി തുറന്നടിക്കുകയും ചെയ്തു.

ഏതായാലും, ഗൗരിയമ്മയോട് കാണിച്ചത് കൊടുംചതിയാണെന്നാണ്് രാഷ്ട്രീയ കേരളം ഇപ്പോഴും വിശ്വസിക്കുന്നത്. പാർട്ടി അവഗണനയിൽ ക്ഷുഭിതയായ ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോകുന്ന സ്ഥിതിയുണ്ടായി. പിന്നീട് പാർട്ടിയിൽ വിമതസ്വരമായി മാറുകയായിരുന്നു അവർ. ഇതിനിടെ മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതി ലഭിച്ചതിന് വിവിധ പാർട്ടിക്കാർ ചേർന്നുനൽകിയ സ്വീകരണത്തിൽ പങ്കെടുത്തത് പാർട്ടിയെ ചൊടിപ്പിച്ചു. പിന്നീട് യുഡിഎഫ് സർക്കാർ രൂപംനൽകിയ സ്വാശ്രയ സമിതിയുടെ അധ്യക്ഷയായതിലും പാർട്ടി എതിർപ്പ് പറഞ്ഞു. സ്ഥാനമൊഴിയാൻ പറഞ്ഞിട്ട് അനുസരിക്കാതിരുന്നതോടെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഒടുവിൽ ഗൗരിയമ്മയ്‌ക്കെതിരായി ജില്ലാ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് 1994 പിറന്ന ആദ്യദിനം സ്വന്തം ജീവനെപ്പോലെ കരുതിയ പ്രസ്ഥാനം ഗൗരിയമ്മയെ പുറത്തിട്ടു. തുടർന്നാണ് ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്.

ജീവിതത്തിന്റെ സായംസന്ധ്യയിലും ഗൗരിയമ്മ മറക്കുകയും പൊറുക്കുകയും ചെയ്യാതിരുന്ന ഒരേയൊരു കാര്യം പാർട്ടി കാണിച്ച അവഗണനയാണ്. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള ജീവിച്ചിരിപ്പുള്ള പാർട്ടി നേതൃത്വത്തിൽ പലരെയും അടുത്തിരുത്തി തന്നെ ഗൗരിയമ്മ ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story