സിസ തോമസിനോട് എന്തിനാണ് വിരോധം? സര്‍ക്കാരിനോട് ഹൈക്കോടതി
ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു

കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസ തോമസിനോട് സർക്കാരിന് വിരോധമെന്തിനെന്ന് ഹൈക്കോടതി. പെൻഷൻ അടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്ത നടപടിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിക്കെതിരായ സിസയുടെ ഹരജി നാളെ വീണ്ടും പരിഗണിക്കും.
സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി സിസാ തോമസ് ചുമതലയേറ്റത് ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ശിപാർശ മറികടന്നാണ് ഗവർണർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസലർ സ്ഥാനം നൽകിയത്. സർക്കാർ ചട്ടപ്രകാരം ചുമതല ലഭിക്കുന്ന വ്യക്തി അത് ഏറ്റെടുക്കുന്നതിന് മുൻപായി മാതൃസ്ഥാപനത്തെയും വകുപ്പിനെയും വിവരമറിയിക്കണം. എന്നാൽ ചുമതല ലഭിച്ച വിവരം ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിൻ ഡയറക്ടറായ സിസാ തോമസ് മാതൃസ്ഥാപനത്തെ അറിയിച്ചിട്ടില്ല. പകരം ഗവർണറുടെ ഉത്തരവിന്‍റെ മാത്രം പിൻബലത്തിൽ അധികാരമേറ്റു.
സിസാ തോമസ് വൈസ് ചാൻസലറായി ചുമതലയേൽക്കാൻ എത്തിയപ്പോൾ പ്രൊ വിസിയും രജിസ്ട്രാറും വിട്ടുനിന്നതും ഒപ്പിട്ടു ചുമതല ഏറ്റെടുക്കാൻ ജോയിനിങ് രജിസ്റ്റർ നൽകാതിരുന്നതും വിവാദമായിരുന്നു.
Adjust Story Font
16

