Quantcast

താണ്ടിയത് ദുർഘടമായ പാത; ദൈവത്തിന്റെ മാലാഖമാരായി ഒപ്പംനിന്ന മനുഷ്യർക്ക് നന്ദി-സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

'കാപ്പനെ പോലെ ഒരുപാട് നിരപരാധികളായ മനുഷ്യർ ഇരുട്ടറയിൽ ഇപ്പോഴും കിടക്കുന്നുണ്ട്. തെറ്റ് ചെയ്തവർക്കുള്ളതാണ് ജയിൽ.'

MediaOne Logo

Web Desk

  • Updated:

    2023-03-13 13:35:30.0

Published:

13 March 2023 1:33 PM GMT

SiddiqueKappanswifeRaihanaSiddique, RaihanaaboutSiddiqueKappanslegalbattle
X

മലപ്പുറം: യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജയിൽമോചനത്തിൽ സഹായിച്ചവർക്ക് നന്ദി പറഞ്ഞ് ഭാര്യ റൈഹാന. ഏറെ ദുർഘടമായ പാതകളിലൂടെയാണ് കഴിഞ്ഞ രണ്ടര വർഷം കടന്നുപോയതെന്ന് അവർ പറഞ്ഞു. ഈ സമയത്ത് ദൈവത്തിന്റെ മാലാഖമാരായി ഒരുപാട് മനുഷ്യർ തങ്ങൾക്കൊപ്പം ചേർന്നുനിന്നിട്ടുണ്ട്. കോടതിയിൽ കാപ്പന്റെ നിരപരാധിത്വം തെളിയുംവരെ പോരാട്ടം തുടരുമെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും അവർ ആവശ്യപ്പെട്ടു.

ദീർഘമായ സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നിയമവഴിയിൽ സഹായവുമായി എത്തിയ സാമൂഹിക, രാഷ്ട്രീയ, മാധ്യമ, നിയമരംഗങ്ങളിലെ പ്രമുഖർക്ക് റൈഹാന നന്ദി രേഖപ്പെടുത്തിയത്. മുസ്‍ലിം ലീഗ്, സി.പി.എം, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പലസമയത്തും സഹായവുമായി എത്തിയിട്ടുണ്ടെന്ന് കുറിപ്പിൽ അവർ സൂചിപ്പിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, കോൺഗ്രസ് നേതാവ് ശശി തരൂർ, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ലഖ്‌നൗ കേസിൽ ജാമ്യം നിന്ന മുൻ അധ്യാപിക പ്രൊഫ. രൂപ്‌രേഖ വർമ്മ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടി എന്നിവരെയെല്ലാം അവർ പ്രത്യേകം പരാമർശിച്ചു.

റൈഹാന സിദ്ദീഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ,

രണ്ടര വർഷമായി, കൃത്യമായി പറഞ്ഞാൽ 2020 ഒക്ടോബർ അഞ്ചിനുശേഷം ഞാൻ നിങ്ങളുമായി നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു.. ഒരു സോഷ്യൽ മീഡിയയിലും അതിനുമുന്നേ നിങ്ങളെന്നെ കണ്ടിട്ടുണ്ടാവില്ല. സിദ്ദീഖ് കാപ്പനെന്ന ഒരു സാധാരണ മാധ്യമപ്രവർത്തകൻ, എന്റെ ജീവിതപങ്കാളി യു.പി പൊലീസിന്റെ കള്ളക്കേസിൽ കുടുങ്ങി ഇരുട്ടറയിൽ തളക്കപ്പെട്ടപ്പോൾ, തീവ്രവാദിയായി മുദ്രചാർത്തപ്പെട്ടപ്പോൾ, പലരും അദ്ദേഹത്തെ ഒരു തീവ്രവാദിയാക്കാൻ തിടുക്കംകാണിച്ചപ്പോൾ ഞാൻ പൊതുസമൂഹത്തോട് ഇതിന്റെ സത്യാവസ്ഥ വിളിച്ചുപറയണമെന്ന് ഉറപ്പിച്ചു. അന്നുമുതൽ നിരന്തരം മാധ്യമങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും പൊതുസമൂഹത്തോടും കാപ്പന്റെ നിരപരാധിത്വം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. എന്നെ കേൾക്കാൻ നിങ്ങൾ സമയം കണ്ടെത്തി. ഞങ്ങൾക്കുവേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ നിങ്ങൾ നീക്കിവച്ചു. നിങ്ങളുടെ വലിയ പ്രതിസന്ധികളും വേദനകളും ദൈവത്തോട് പറയുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ നിങ്ങൾ മറന്നില്ല..

ഇതിന്റെയൊക്കെ ഫലമായി രണ്ടര വർഷങ്ങൾക്കുശേഷം ഭാഗികമായെങ്കിലും നമുക്ക് നീതി കിട്ടി. ദൈവത്തിനു സ്തുതി. ഇന്ന് കാപ്പൻ ഞങ്ങളുടെ കൂടെയുണ്ട്.

നമുക്കറിയാം ഇന്ത്യയിൽ യു.എ.പി.എ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിൽനിന്ന് മോചനം ലഭിക്കാനുള്ള പ്രയാസം. നിരപരാധികൾക്കുമേൽ കരിനിയമങ്ങൾ ചാർത്തപ്പെട്ടാൽ പെട്ടെന്ന് മോചനം കിട്ടില്ലെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കറിയാം. എനിക്ക് ഇത് വളരെ ദീർഘമായ സമയമായി തോന്നുമെങ്കിലും നിയമം പഠിച്ചവർക്കറിയാം ഇതൊരു ചെറിയ കാലയളവാണെന്ന്.

ഈ രണ്ടര വർഷം കടന്നുപോയത് വളരെ ദുർഘടമായ പാതകളിലൂടെയാണ്. എങ്കിലും എനിക്ക് ഉറച്ച കാൽവയ്പ്പുകളോടെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോവാൻ ദൈവം എന്റെ കൈപിടിച്ചു നടത്തിയിട്ടുണ്ട്. ദൈവത്തിന്റെ മാലാഖമാരായി ഒരുപാട് മനുഷ്യർ ഞങ്ങൾക്കൊപ്പം ചേർന്നുനിന്നു. എല്ലാവരുടെയും പേര് എഴുതാൻ കഴിയില്ല, അതിന് ഈ കുറിപ്പ് മതിയാവില്ല.

കാപ്പൻ അറസ്റ്റിലായി എന്നറിഞ്ഞ നിമിഷം മുതൽ അദ്ദേഹത്തിന്റെ മോചനത്തിനായി നിയമപരമായും മറ്റെല്ലാ തരത്തിലും മുന്നിട്ടിറങ്ങിയ KUWJ യൂനിയൻ. പല സമ്മർദ്ദങ്ങളും അവർക്കുണ്ടായിട്ടുണ്ടെങ്കിലും അവർ അവരുടെ സുഹൃത്തിനു വേണ്ടി ഉറച്ചുനിന്നു. മണികണ്ഠൻ, പ്രശാന്ത്, ജിഗീഷ്, മിജി, ധനസുമോദ്, അഴിമുഖത്തിലെ ജോസി ജോസഫ്, പ്രസൂൺ, ഡൽഹി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം യൂനിയൻ അംഗങ്ങൾ.. അങ്ങനെ ഒരുപാട് മാധ്യമസുഹൃത്തുക്കൾ..

കാപ്പന്റെ അറസ്റ്റ് വിവരം അറിഞ്ഞ നിമിഷം മുതൽ വീട്ടിൽ വന്നും ഫോണിൽ സംസാരിച്ചും എനിക്ക് ധൈര്യവും സമാധാനവും തന്ന്, അദ്ദേഹത്തിന് വേണ്ടി ഐക്യദാർഢ്യ സമിതി രൂപീകരിച്ച്, സമരങ്ങൾ നടത്തി കൂടെനിന്ന മനുഷ്യർ.. മുതിർന്ന മാധ്യമപ്രവർത്തകനും കാപ്പനെ നന്നായി അറിയുന്ന ചെക്കുട്ടി സർ, എന്നെയും കൊണ്ട് തിരുവനന്തപുരത്തുള്ള എല്ലാ നേതാക്കളുമായി കാര്യങ്ങൾ സംസാരിക്കാൻ ഓടിനടന്ന, അതിനു വേണ്ടി കുറേ തെറികേൾക്കേണ്ടി വന്ന ശ്രീജ, സോണിയ ചേച്ചി, എന്റെ നിഴലായി നിന്ന അംബിക ചേച്ചി, ഹരിഹരൻ സഖാവ്, പി.എ.എം ഹാരിസ്, കെ.പി.ഒ റഹ്മത്തുല്ല, റെനി ഐലിൻ.. അങ്ങനെ കുറേപേർ. കാപ്പന്റെ അറസ്റ്റ് മുതൽ ഈ കേസ് ഞാൻ ഏറ്റെടുത്തുകൊള്ളാമെന്നു പറഞ്ഞ് തീർത്തും സൗജന്യമായി കേസ് വാദിച്ച ഇന്ത്യയിലെ ഏറ്റവും മുതിർന്ന വക്കീൽ ബഹു. കപിൽ സിബൽ സർ.

അറസ്റ്റ് സമയത്തെ പ്രതിസന്ധികൾ ചെറുതല്ലായിരുന്നു. 45 ദിവസം കാപ്പൻ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നിശ്ചയമില്ലാത്ത സമയത്ത് സുപ്രിംകോടതിയിൽനിന്ന് ഒരു വക്കീൽ ഡൽഹിയിലേക്കും യു.പിയിലേക്കും ഓടിക്കൊണ്ടേയിരുന്നു. എന്റെ മനസികസമ്മർദങ്ങൾ മുഴുവൻ അറിഞ്ഞ, നിയമവശങ്ങൾ ക്ഷമയോടെ പറഞ്ഞുതന്ന അഡ്വ. വിൽസ് മാത്യു സർ, ലഖ്‌നൗ കോടതിയിലേക്ക് കേസ് മാറ്റിയപ്പോൾ അവിടെ ഒരു വക്കീലിനെ കണ്ടെത്താനും അന്വേഷിക്കാനും ബുദ്ധിമുട്ടിയ സമയത്ത് വക്കീലിനെ ഏർപ്പാട് ചെയ്യാനും കണ്ടെത്താനും സഹായിച്ച മുതിർന്ന മാധ്യമപ്രവർത്തകയും ചെക്കുട്ടി സാറിന്റെ സുഹൃത്തുമായ മുംബൈ സ്വദേശിനിയായ ഗീത മാഡം, ഡൽഹിയിലുള്ള സാവിന്തി നൈനാൻ, എന്റെ അമ്മയെപ്പോലെ കൂടെനിന്ന രമ സുന്ദരി മാഡം.

ലഖ്‌നൗവിൽ സൗജന്യമായി കേസ് വാദിക്കാൻ തയാറായ അവിടത്തെ ഏറ്റവും മുതിർന്ന, അറിയപ്പെടുന്ന വക്കീൽ ഐ.ബി സിങ്, അദ്ദേഹത്തിന്റെ മകൻ ഇഷാൻ ഭാഗേൽ, അഡ്വ. ഖാലിദ് അടങ്ങിയ വലിയ ഒരു ടീം..

യു.എ.പി.എ കേസിൽ ഹൈക്കോടതി ജാമ്യം തള്ളി കേസ് വീണ്ടും സുപ്രിംകോടതിയിലെത്തി, അഡ്വ. ഹാരിസ് ബീരാൻ സർ ആയിരുന്നു കേസ് നോക്കിയിരുന്നത്. കേസിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മത പുലർത്തി സിബൽ സാറുമായുള്ള ബ്രീഫിങ്ങിൽ വരെ എന്നെയും കൂടെക്കൂട്ടി.. സിബൽ സാറിന്റെ ഓഫിസിൽ തന്നെയുള്ള അഡ്വ. കോശി സർ..

ഒന്നര വർഷമായിട്ടും കാപ്പനെ ഒന്ന് കാണാൻ വേണ്ടി ഞാൻ മുട്ടാത്ത വാതിലുകളില്ല.. ഒരു കണക്കിനും എനിക്ക് കാണാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന സമയത്ത് എന്റെ കൂടെ ലഖ്‌നൗ വരെ വന്ന് കാപ്പനെ കാണാനും എല്ലാ വക്കീലുമാരുമായും കാര്യങ്ങൾ ചർച്ച ചെയ്ത് കേസ് ഏകോപിപ്പിച്ചുനിർത്താനും സഹായിച്ച എന്റെ കുടുംബാംഗം കൂടിയായ അഡ്വ. മുഹമ്മദ് ദാനിഷ്. കാപ്പൻ മധുര ജയിലിൽ കിടക്കുമ്പോൾ വക്കീലിന് പോലും അടുക്കാൻ കഴിയാത്ത സമയം ദൈവദൂതനെപ്പോലെ കാപ്പന് വേണ്ടി ഭക്ഷണവും വസ്ത്രവും പുസ്തകവും എത്തിച്ചുകൊണ്ടിരുന്ന സ്വാമി നാരായൺ ദാസ്.

ജാമ്യം ലഭിച്ച്, യു.പിയിലുള്ള ജാമ്യക്കാരെ തന്നെ വേണമെന്ന കോടതിയുടെ നിർദേശത്തിൽ പല ആളുകളുമായും നിരന്തരം അന്വേഷിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എ ഷാജി, അദ്ദേഹം വഴി സ്‌നേഹത്തിന്റെ നിറകുടമായ ഒരമ്മയെ ഞങ്ങൾക്ക് ലഭിച്ചു-പ്രൊഫസർ രൂപ്‌രേഖ വർമ്മ.. നദീം ഖാൻ വഴി റിയാസ് ഖാനും അലീമുല്ല ഖാനും, ഡൽഹി പ്രസ് ക്ലബ് പ്രസിഡന്റ് ഉമാ കാന്ത്, അദ്ദേഹം വഴി ലഖ്‌നൗവിലെ മാധ്യമപ്രവർത്തകൻ കുമാർ സൗവീർ സാറും ഞങ്ങൾക്കൊപ്പം നിന്നു.

എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളുമായും എം.പിമാരുമായും എം.എൽ.എമാരുമായും ഞാൻ സംസാരിച്ചിട്ടുണ്ട്, കത്തെഴുതിയിട്ടുണ്ട്. അവർ കാപ്പനുവേണ്ടി സംസാരിച്ചിട്ടുണ്ട്. യൂനിയനും ഐക്യദാർഢ്യ സമിതിയും നയിച്ച പരിപാടികളിൽ അവർ പങ്കെടുത്തിട്ടുണ്ട്. കാപ്പനുവേണ്ടി പാർലമെന്റിലും നിയമസഭയിലും ശബ്ദിച്ചു. ബഹുമാനപ്പെട്ട പാണക്കാട് മുനവ്വറലി തങ്ങളാണ് അഡ്വ. ഹാരിസ് ബീരാൻ സാറെ കേസ് ഏൽപിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി പല കാര്യങ്ങളിലും കൂടെനിന്നു.

കാപ്പൻ കോവിഡ് ബാധിച്ച് എയിംസ് ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ഞാനും മോനും ഡൽഹിയിലേക്ക് ഫ്‌ളൈറ്റ് കയറിയപ്പോൾ അപകടകരമായ ഒരു സാഹചര്യമായിരുന്നു. അന്ന് എം.പി അബ്ദുൽ വഹാബ് സാറിന്റെ ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനത്തിൽ സുരക്ഷിതമായി ഞങ്ങൾ ഹോസ്പിറ്റലിലേക്കും ഫ്‌ളാറ്റിലേക്കും സഞ്ചരിച്ചു. ബിനോയ് വിശ്വം സർ എപ്പോഴും എനിക്ക് വിളിച്ച് ധൈര്യം നൽകിക്കൊണ്ടിരുന്നു.

കോൺഗ്രസ് ആദ്യം മുതൽ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെയെന്ന് പറഞ്ഞ് ഒപ്പംനിന്നു. കെ.പി നൗഷാദ് അലി തുടക്കം മുതൽ ഞങ്ങളെ ചേർത്തുനിർത്തി. കോൺഗ്രസ് എം.പിമാർ എല്ലാവരും കാപ്പനുവേണ്ടി സംസാരിച്ചു. കേരളത്തിൽനിന്നുള്ള ഇരുപത് എം.പി മാർ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിന് അയച്ചു. ശശി തരൂർ എം.പി കേസിന്റെ കാര്യങ്ങൾ കപിൽ സിബൽ സാറുമായി ചർച്ച ചെയ്തു.

സി.പി.എം എം.പിമാരും മുസ്‌ലിം ലീഗ് എം.പിമാരും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. കോൺഗ്രസ് വനിതാ നേതാവ് ഷമ മുഹമ്മദ് ഒരു അനിയത്തിയോടുള്ള സ്‌നേഹത്തോടെ ചേർത്തുപിടിച്ചു. ഡൽഹിയിൽ വരുമ്പോഴൊക്കെ കാണാൻ വന്ന് ധൈര്യം പകർന്നു. ഇന്ത്യയിലെ പല എം.പിമാരും പാർലമെന്റിൽ കാപ്പന് വേണ്ടി സംസാരിച്ചു.

തേജസ് പത്രത്തിലെ കാപ്പന്റെ സഹപ്രവർത്തകർ ഇന്ത്യയിലും ഇന്ത്യയുടെ പുറത്തുള്ള മാധ്യമങ്ങളും കാപ്പന് വേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. ഒട്ടുമിക്ക മതസംഘടനകളും, എല്ലാ രാഷ്ട്രീയ പാർട്ടികളിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാവരും കൂടെനിന്ന് കാപ്പനുവേണ്ടി സംസാരിച്ചിട്ടുണ്ട്, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

എന്റെ ഫാമിലി എല്ലാം കൊണ്ടും എനിക്ക് തുണയായി നിന്നു. കാപ്പന്റെ ഫാമിലി, ഞങ്ങളുടെ നാട്ടുകാർ, പ്രത്യേകിച്ച് എടുത്തുപറയേണ്ട എന്റെ അയൽവാസികൾ, അവരായിരുന്നു എപ്പോഴും കൂടെ.. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ

നോമ്പുനോറ്റും പ്രാർത്ഥിച്ചും ധൈര്യം പകർന്നു. എന്റെ മാതാപിതാക്കൾ.. സോഷ്യൽ മീഡിയ വഴി എനിക്ക് കിട്ടിയ സ്‌നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യർ..

എന്റെ എല്ലാ സമ്മർദങ്ങളും വേദനകളും അനുഭവിച്ചറഞ്ഞ ഞങ്ങളുടെ മക്കൾ.. ഏത് പ്രതിസന്ധിയും നേരിടാൻ അവരെ പ്രാപ്തരാക്കിയെടുത്തു.. ശത്രുക്കൾ പല വ്യാജപ്രചാരണങ്ങളും നിലക്കാതെ നടത്തിക്കൊണ്ടിരുന്നപ്പോൾ, ഞാൻ സത്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നു. ഇനിയും കടമ്പകൾ ഏറെയുണ്ട്. നിയമപരമായി അതിനെ നേരിടും. കോടതിയിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയുംവരെ മുന്നോട്ടുതന്നെ പോവണം.

ഇതുവരെ ഞങ്ങളുടെ കൂടെനിന്ന, ഞങ്ങൾക്കുവേണ്ടി സംസാരിച്ച, പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാവണം..

കാപ്പനെ പോലെ ഒരുപാട് നിരപരാധികളായ മനുഷ്യർ ഇരുട്ടറയിൽ ഇപ്പോഴും കിടക്കുന്നുണ്ട്. അവർക്കുവേണ്ടി ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. വീണ്ടും പറയുന്നു.. തെറ്റ് ചെയ്തവർക്കുള്ളതാണ് ജയിൽ. നിരപരാധികൾക്കുള്ളതല്ല.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.

സ്‌നേഹത്തോടെ

റൈഹാന സിദ്ദീഖ്‌

Summary: Raihana Siddique, wife of Siddique Kappan, Malayali journalist who was arrested by UP Police under UAPA, thanks those who helped her in the legal battle

TAGS :

Next Story