Quantcast

'വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവനെടുക്കുന്നത് കേരളത്തിന് അപമാനകരം'; കർദിനാൾ ജോർജ് ആലഞ്ചേരി

വന്യജീവി ആക്രമങ്ങൾ വർധിച്ചുവരികയാണെന്നും മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി

MediaOne Logo

Web Desk

  • Updated:

    2023-05-19 16:42:44.0

Published:

19 May 2023 4:40 PM GMT

George Alencherry, Wild Gaur Attack, കാട്ടുപോത്ത്, ജോര്‍ജ് ആലഞ്ചേരി
X

കൊച്ചി: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനെടുക്കുന്നത് കേരളത്തിന് അപമാനകരമെന്ന് സിറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. വന്യജീവി ആക്രമങ്ങൾ വർധിച്ചുവരികയാണെന്നും മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർദിനാൾ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ വെച്ചുപുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. ആവശ്യമായ നിയന്ത്രണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും പത്രക്കുറിപ്പിലൂടെ കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്നതും പരിക്കേൽപ്പിക്കുന്നതുമായ സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇന്നുതന്നെ മൂന്നു വ്യക്തികളാണു കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരണമടഞ്ഞത്. എരുമേലി കണമല പ്രദേശത്തു കർഷകനായ പ്ലാവനാക്കുഴിയിൽ തോമസിനെ റബർതോട്ടത്തിൽവച്ചും പുറത്തേൽ ചാക്കോച്ചനെ വീടിന്റെ വരാന്തയിൽവച്ചുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇതേസമയം തന്നെ കൊല്ലം അഞ്ചലിൽ പ്രവാസിയായ സാമുവൽ വർഗീസിനെയും കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി. സമാനമായ സംഭവങ്ങൾ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് തികച്ചും അപമാനമാണ്.

മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനുമുള്ള അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണം. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവർ പുലർത്തുന്ന അലംഭാവം പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങൾക്കു കൊടുക്കുന്ന പരിഗണനയും നിയമപരിരക്ഷയും സംരക്ഷണവും മനുഷ്യർക്കു നിഷേധിക്കുന്നതു ന്യായീകരിക്കാനാവാത്തതാണ്. ഇത്തരം സാഹചര്യങ്ങളിൽ പതിവായി നടത്തുന്ന പ്രസ്താവനകൾക്കും തുച്ഛമായ സാമ്പത്തികസഹായ പ്രഖ്യാപനങ്ങൾക്കുമപ്പുറം ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാകണം. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ എണ്ണത്തിലുള്ള അപകടകരമായ വർധനവ് നിയന്ത്രിക്കുന്നതിനും മറ്റു വികസിതരാജ്യങ്ങളിൽ എടുത്തിരിക്കുന്ന നിയമനടപടികൾ നമ്മുടെ രാജ്യത്തിനും മാതൃകയാകേണ്ടതാണെന്നും കർദിനാൾ ജോർജ് ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story