പത്തനംതിട്ട കോന്നി മെഡിക്കൽ കോളജ് പരിസരത്ത് വീണ്ടും കാട്ടുപോത്ത്
തുടർച്ചയായി കാട്ടുപോത്തിറങ്ങുമ്പോഴും വനംകുപ്പിന് പ്രശ്നപരിഹാരം കാണാൻ ആകുന്നില്ലെന്ന് നാട്ടുകാർ

കോന്നി: പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിൽ വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടുപോത്ത്. കഴിഞ്ഞ ദിവസങ്ങളിലും മെഡിക്കൽ കോളജ് കമ്പോണ്ടിൽ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് മെഡിക്കൽ കോളജിന്റെ പ്ലാന്റ് നിർമിക്കുന്ന ഭാഗത്ത് കാട്ടുപോത്ത് എത്തിയിരുന്നത്. മുൻപ് ആശുപത്രി കെട്ടിടത്തിനു മുൻപിലും കാട്ടുപോത്ത് എത്തിയിരുന്നു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കയറി കാട്ടുപന്നി ഭീതി സൃഷ്ടിച്ച സംഭവുമുണ്ട്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ഭീഷണിയും ഈ പ്രദേശങ്ങളിലുണ്ട്.
ദിവസവും മെഡിക്കൽ കോളജിലേക്ക് നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. നിരവധി സ്ഥാപനങ്ങളും വീടുകളും ഉള്ള ഈ മേഖലയിൽ ഇപ്പോൾ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട്ട് മുറ്റത്ത് വരെ കാട്ടുപോത്തുകൾ നിലയുറപ്പിക്കുന്നു. തുടർച്ചയായി കാട്ടുപോത്തിറങ്ങുമ്പോഴും വനംകുപ്പിന് പ്രശ്നപരിഹാരം കാണാൻ ആകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Adjust Story Font
16

