Quantcast

'വി.എസിനുള്ള പത്മവിഭൂഷൺ സ്വീകരിക്കും'; എം.വി ഗോവിന്ദൻ

കുടുംബത്തിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കും

MediaOne Logo

Web Desk

  • Updated:

    2026-01-26 07:00:19.0

Published:

26 Jan 2026 12:08 PM IST

വി.എസിനുള്ള പത്മവിഭൂഷൺ സ്വീകരിക്കും; എം.വി ഗോവിന്ദൻ
X

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുടുംബത്തിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് നേതാക്കൾ പുരസ്കാരം നിഷേധിച്ചത് വ്യക്തിപരമാണ്. ഇഎംഎസ് നിരസിക്കുകയാണ് ചെയ്തത്. ജ്യോതിബസുവും ബുദ്ധദേവഡി ഭട്ടാചാര്യും നിരസിച്ചു. വി.എസിന് മരണാനന്തര ബഹുമതിയാണ് ലഭിച്ചത്. വി.എസിന്‍റെ കുടുംബം സന്തോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിൻ്റെ സന്തോഷത്തോടെയുള്ള സ്വീകരണത്തെ അംഗീകരിക്കുന്നു. വി.എസിൻ്റെ കുടുംബം എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. പുരസ്കാരം ലഭിച്ചതിൽ അർഹതയുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. പാർട്ടി പറഞ്ഞിട്ടില്ല മുൻ നേതാക്കൾ അവാർഡ് നിരസിച്ചതെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

പാർട്ടി പറഞ്ഞിട്ടാണ് ശൈലജ മാഗ്സസെ അവാർഡ് നിരസിച്ചത്. ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ്റെ പേരിലുള്ളതാണ് പുരസ്കാരം. അതുകൊണ്ടാണ് പുരസ്കാരം സ്വീകരിക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വി.എസിന്‍റെ മകൻ വി.എ അരുൺ കുമാര്‍ പറഞ്ഞു. അച്ഛൻ എന്നും ജനങ്ങളുടെ കൂടെയായിരുന്നു. ജനങ്ങളുടെ സ്നേഹത്തെയും ലഭിക്കുന്ന അംഗീകാരങ്ങളെയും വളരെ പോസിറ്റീവായി കാണുന്നു. അച്ഛൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അതിൻ്റെ ആനുകൂല്യം ഒന്നും അച്ഛൻ കൈപ്പറ്റിയിട്ടില്ല. അംഗീകാരം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും അരുൺ കുമാര്‍ പറഞ്ഞു.


ശശി തരൂരിന്‍റെ സിപിഎം പ്രവേശനത്തെക്കുറിച്ച് ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. സാങ്കൽപിക ചോദ്യത്തിന് മറുപടിയില്ല. പ്രചാരവേലകളിൽ കാര്യമായ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. വർഗീയ വിരുദ്ധ നിലപാട്,കേരളത്തിൻ്റെ വികസനത്തോട് സഹകരിക്കുക. ഈ നിലപാടുള്ള ആരു വന്നാലും തങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രം ഒരാളെ ആദരിക്കുമ്പോൾ അംഗീകരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. നേട്ടങ്ങളിൽ അനുമോദിക്കുന്നത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മലയാളികൾക്ക് പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്നും ആർക്ക് പുരസ്കാരം നൽകണമെന്നത് കേന്ദ്ര സർക്കാർ തീരുമാനമാണ്. അതിൽ ആരും ആക്ഷേപം ഉന്നയിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു.



TAGS :

Next Story