Quantcast

വിന്റര്‍ സീസണ്‍ വിമാന സര്‍വീസുകൾ കേരളത്തില്‍ നിന്നും മാറ്റിയതിനെതിരെ കേന്ദ്രത്തിന് കത്തെഴുതും: മുഖ്യമന്ത്രി

എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്.

MediaOne Logo

Web Desk

  • Published:

    1 Oct 2025 11:43 AM IST

Will write to the Center against the transfer of winter season flight services from Kerala Says Chief Minister
X

Photo| Special Arrangement

തിരുവനന്തപുരം: സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്നും വിന്റര്‍ സീസണ്‍ വിമാനസര്‍വീസുകൾ മംഗലാപുരം, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് കത്ത് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‌നോർക്ക പ്രൊഫഷണൽ ആന്റ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ച് മെൽബൺ എയർപോർട്ട് പ്രൊജക്ട് മാനേജരായ ആഷിഖ് അഹമ്മദിൻ്റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് ഇവിടെത്തന്നെ പുനഃസ്ഥാപിക്കണം എന്നതാണ് കേരളത്തിൻ്റെ ആവശ്യം.

ഫ്ലൈറ്റുകൾ ഏറ്റവും കൂടുതൽ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നും പോയിന്റ് ഓഫ് കോൾ സൗകര്യം ലഭിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് ഒറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള കേരള എയർടെക് കോറിഡോർ എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രമുഖ ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കേരളത്തിലെ മികച്ച സർക്കാർ, സ്വകാര്യ സർവകലാശാലകളെ ബന്ധിപ്പിക്കാനുള്ള ന്യൂകാസിൽ സർവകലാശാലയിലെ ലോറേറ്റ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. അജയൻ വിനുവിന്റെ ആശയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തും വിദ്യാർഥികൾക്ക് മികച്ച പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ട്രോയ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ പ്രിയ മുന്നോട്ടുവച്ച ഇന്റർനാഷണൽ നോളജ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം എന്ന ആശയം മികച്ചതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ മറ്റു വിശദാംശങ്ങൾ തുറന്ന് ചർച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

മുതിർന്ന പൗരൻമാർക്കായുള്ള 'സ്നേഹക്കൂട്' എന്ന എയ്ഞ്ചൽ മൗണ്ട് കെയർ ഹോം സ്ഥാപക ഷിനു ക്ലെയർ മാത്യൂസിൻ്റെ ആശയത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി തുടർ ചർച്ചകൾ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ സന്തോഷവും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങൾ ഉൾപ്പടെ ഒരുക്കാനുള്ള ശ്രമങ്ങൾ ഈ മേഖലയിൽ നടന്നുവരുന്നതായും മുഖ്യമന്ത്രി വിശദമാക്കി.

ഫ്ലോറിഡ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് അബ്ദുൽ മുനീർ മുന്നോട്ടുവച്ച 'അഡ്വാൻസ് ബ്രെയിൻ ഹെൽത്ത് എജ്യുക്കേഷൻ പ്രോഗ്രാം' മികച്ച ആശയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story