Quantcast

മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവ് നിഷേധിച്ച് റെയിൽവെ നേടിയത് 5800 കോടി രൂപ

ലോക് ഡൗൺ കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിലെ ഇളവ് പിൻവലിച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2024 5:21 AM GMT

മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവ് നിഷേധിച്ച് റെയിൽവെ നേടിയത് 5800 കോടി രൂപ
X

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിലെ ഇളവുകൾ പിൻവലിച്ചത് വഴി കഴിഞ്ഞ നാല് വർഷം കൊണ്ട് റെയിൽ​വെ നേടിയത് 5800 കോടി രൂപയെന്ന് കണക്കുകൾ. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾക്ക് ലഭിച്ച മറുപടിയിലാണ് റെയിൽവെ മുതിർന്ന പൗരന്മാരുടെ യാത്രാഇളവ് റദ്ദാക്കിയത് വഴി കോടികൾ നേടിയ കണക്കുകൾ പുറത്ത് വന്നത്.

കോവിഡ് 19 നെ തുടർന്ന് 2020 മാർച്ച് 20 ന് രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയിൽവെ നിരക്കുകളിലെ ഇളവ് പിൻവലിച്ചത്. 2020 മാർച്ച് മുതൽ 2024 ജനുവരി വരെയുള്ള കണക്കാണ് പുറത്തുവന്നത്.

കോവിഡിന് മുൻപ് ടിക്കറ്റ് നിരക്കിൽ 60 വയസും അതിൽ കൂടുതലുള്ള പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും 40 ശതമാനവും 58 വയസും അതിൽ കൂടുതലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ഇളവിന് അർഹതയുണ്ടെന്നായിരുന്നു.കോവിഡ് കാലത്ത് യാത്രകൾ കുറക്കുക എന്ന ലക്ഷ്യമായിരുന്നു ഇളവുകൾ പിൻവലിക്കുന്നതിന് റെയിൽവെ പറഞ്ഞ കാരണം. കോവിഡ് ലോക് ഡൗൺ പിൻവലിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഇളവുകൾ പുന:സ്ഥാപിക്കാൻ റെയിൽവെയോ കേ​ന്ദ്രസർക്കാറോ തയാറായിട്ടില്ല. ഇതു വഴി മുഴുവൻ തുകയും നൽകിയാണ് രാജ്യത്തെ മുതിർന്ന പൗരന്മാർ യാത്ര ചെയ്യുന്നത്.

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 13 കോടി പുരുഷന്മാരും ഒമ്പത് കോടി സ്ത്രീകളും 33,700 ട്രാൻസ്​ജെൻഡറുകളുമാണ് ഈകാലയളവിൽ യാത്ര ചെയ്തത്. ഏകദേശം 13,287 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇവർ എടുത്തത്. മൂന്ന് വിഭാഗക്കാരുടെയും യാത്രാ ഇളവുകൾ നിഷേധിച്ചത് വഴി റെയിൽ​ വെ അധികമായി 5875 കോടി രൂപ നേടിയെന്നാണ് കണക്കുകൾ പറയുന്നത്.

മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗറിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകൾ ഉള്ളത്.മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിരവധി തവണ പാർലമെന്റിന്റെ ഇ​രു സഭകളിലും ഉയർന്നിരുന്നെങ്കിലും കൃത്യമായ മറുപടി നൽകാൻ റെയി​ൽവെ മന്ത്രിയോ കേന്ദ്ര സർക്കാരോ തയാറായിട്ടില്ല.

മുഴുവൻ ട്രെയിൻ യാത്രക്കാർക്കും യാത്രാ നിരക്കിൽ 55 ശതമാനം ഇളവ് നൽകുന്നുണ്ടെന്ന് പിന്നീട് മന്ത്രി വാർത്താസമ്മേളനത്തിൽ ന്യായീകരിച്ചു. ടിക്കറ്റ് നിരക്കായി നൂറ് രൂപ ഈടാക്കേണ്ട സ്ഥലത്ത് 55 ശതമാനം ഇളവ് നൽകി 45 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വാദം

TAGS :

Next Story