സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. മുൻകരുതലിന്റെ ഭാഗമായി 9 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് ഇന്നും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. അതേസമയം അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 9 ഡാമുകളിൽ റെഡ് അലർട്ട് നൽകി.ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ചത്തീസ്ഗഡിലെ ബസ്തറിലെ പ്രളയത്തിൽ എട്ടു പേർ മരിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിൽ മരണം 40 ന് മുകളിലായി . വൈഷ്ണോ ദേവി തീർത്ഥാടന യാത്രയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്ച കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന് മുന്നറിയിപ്പ്.
Adjust Story Font
16

