'പ്രതിഷേധമെന്തിന് ഡൽഹിയിൽ വിളിച്ച് ആദരിച്ചാൽ പോരെ?'; കന്യാസ്ത്രീകളുടെ അറസ്റ്റിൽ യൂഹാനോൻ മെത്രാപ്പൊലീത്ത
കന്യാസ്ത്രീകളെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ച് എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് മെത്രാപ്പൊലീത്ത ചോദിച്ചു

തൃശൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ മെത്രാപ്പൊലീത്ത യൂഹാനോൻ മാര്‍ മിലിത്തിയോസ്. കന്യാസ്ത്രീകളെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ച് എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് മെത്രാപ്പൊലീത്ത ചോദിച്ചു.
''എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?'' എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറി പ്രാര്‍ത്ഥിച്ചാല്‍ പ്രശ്നത്തിന് പരിഹാരം കാണുമോയെന്ന ചോദ്യം ഉയര്‍ത്തി സഭകളെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ മുന്നില്‍ പോയി പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
രാജ്യം ആര് ഭരിച്ചാലും ഭരണഘടനയും മത സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് സിബിസിഐ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റ് പോലുള്ള വേദനാജനകമായ കാര്യങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കണം. സുരേഷ് ഗോപി ,ജോർജ് കുര്യൻ ,രാജീവ് ചന്ദ്രശേഖർ എന്നിവരോടും പ്രധാനമന്ത്രിയോടും സംസാരിച്ചിട്ടുണ്ടെന്നും ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു. മതേതര ജനാധിപത്യ തത്വങ്ങൾക്ക് കളങ്കമുണ്ടാക്കുന്നതാണ് അറസ്റ്റെന്ന് ലത്തീൻ സഭ വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കന്യാസ്ത്രീകൾ നേരിട്ടത് ക്രൂരതയെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ ജോലിക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Adjust Story Font
16

