Quantcast

തിരുവനന്തപുരത്ത് ഒരാള്‍ക്ക് സിക്ക വൈറസ് ബാധ; 12 പേർക്ക് ലക്ഷണങ്ങള്‍

സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-08 13:53:41.0

Published:

8 July 2021 5:40 PM IST

തിരുവനന്തപുരത്ത് ഒരാള്‍ക്ക് സിക്ക വൈറസ് ബാധ; 12 പേർക്ക് ലക്ഷണങ്ങള്‍
X

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 പേർക്ക് രോഗലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് സിക്ക ബാധയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയക്കുകയായിരുന്നു. അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍.ഐ.വി. പൂനെയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നേരത്തെ തന്നെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 2018ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജ്യത്ത് ആദ്യമായി സിക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിക്കന്‍ ഗുനിയയും ഡെങ്കിപനിയും പടര്‍ത്തുന്ന പകല്‍ പറക്കുന്ന കൊതുകളായ ഈഡിസ്‌ ഈജിപ്തി തന്നെയാണ് സിക്ക വൈറസിന്‍റെയും വാഹകര്‍. പനി, പേശി വേദന, കണ്ണിന് ചുവപ്പ്, ത്വക്കില്‍ തടിപ്പ്, തല വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. 70 വര്‍ഷം മുമ്പ് ആഫ്രിക്കയിലെ കുരങ്ങുകകളിലാണ് സിക്ക വൈറസ് ആദ്യമായി കണ്ടെത്തിയത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗ ബാധ സ്ഥിരീകരിച്ചവര്‍ക്ക് നല്‍കുന്നത്. സാധാരണ ഗതിയില്‍ സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമമാണ് ആരോഗ്യവിദഗ്ദര്‍ കൂടുതലായും നിര്‍ദേശിക്കാറ്. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.



TAGS :

Next Story