അടിമാലിയിൽ നിയന്ത്രണം ലംഘിച്ച് സിപ് ലൈൻ; എം.എം മണിയുടെ സഹോദരൻ ലംബോദരനെതിരെ കേസെടുത്തു
ജീവന് അപായം ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയെന്ന് എഫ്ഐആര്‍

ഇടുക്കി: അടിമാലിയിൽ നിയന്ത്രണം ലംഘിച്ച് സിപ് ലൈൻ പ്രവർത്തിപ്പിച്ചതിൽ മുന്‍മന്ത്രിയും എംഎൽഎയുമായ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാൻ പ്രേരിപ്പിച്ചതിനുമാണ് അടിമാലി പൊലീസാണ് കേസെടുത്തത്.മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയെന്നും എഫ് ഐആറിൽ പറയുന്നു.
അടിമാലി ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ എന്ന സ്ഥാപനത്തിനെതിരെയാണ് ഇടുക്കി ജില്ലാഭരണകൂടം നടപടിയെടുത്തത്. കനത്ത മഴ മൂലം ജില്ലയിൽ സാഹസിക വിനോദസഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
മഴ ശക്തമായതോടെ ജില്ലയിൽ വിനോദസഞ്ചാരം പൂർണമായും നിരോധിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ഇതിൽ ഇളവ് വരുത്തിയത് .എന്നാൽ സാഹസിക വിനോദങ്ങൾക്ക് ഇളവുണ്ടായിരുന്നില്ല. നിയന്ത്രണം നിലനിൽക്കെയാണ് ഹൈറേഞ്ച് സിപ്പ് ലൈൻ പ്രവർത്തനമാരംഭിച്ചത്.
സ്ഥാപനം നിയന്ത്രണം ലംഘിച്ച് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. നിയന്ത്രണം പിൻവലിച്ചു എന്ന് കരുതിയാണ് സ്ഥാപനം പ്രവർത്തിപ്പിച്ച് നിന്നാണ് ലംബോദരന്റെ വിശദീകരണം.
Adjust Story Font
16

