Quantcast

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്: പ്രതി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

ഇന്ന് വിശദമായ ചോദ്യം ചെയ്യല്‍; നാളെ ബ്യൂട്ടിപാർലറില്‍ എത്തിച്ച് തെളിവെടുപ്പ്

MediaOne Logo

Web Desk

  • Updated:

    2021-06-03 03:47:10.0

Published:

3 Jun 2021 6:16 AM IST

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്: പ്രതി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
X

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരയെ ക്രൈംബ്രാഞ്ച് കൊച്ചിയിൽ എത്തിച്ചു. ബാംഗ്ലൂരു പരപ്പന ആഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന രവി പൂജാരിയെ വിമാന മാർഗമാണ് കൊച്ചിയിൽ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അടുത്ത ദിവസം തന്നെ രവി പൂജാരിയെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിൽനിന്ന് ഇന്നലെ രാത്രിയോടെ രവി പൂജാരിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. ബംഗളുരുവിൽ നിന്ന് പുറപ്പെടും മുമ്പ് നടത്തിയ പരിശോധനയിൽ രവി പൂജാരിക്ക് കോവിഡ് നെഗറ്റീവായിരുന്നു. നെടുമ്പാശേരിയിലെ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിന്‍റെ കേന്ദ്രത്തിലെത്തിച്ച രവി പൂജാരിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ.

ഇന്നോ നാളെയോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാർലറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത്. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. 2018 ഡിസംബർ 15 നായിരുന്നു നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിൽ ഉള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ 2 പേർ വെടിയുതിർത്തത്. രവി പൂജാരിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മൊഴി നൽകിയിരുന്നു. ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രവി പൂജാരിയുടെ ശബ്ദരേഖയും പിന്നീട് പുറത്തുവന്നു. ഇത് സ്ഥിരീകരിക്കാൻ രവി പൂജാരിയുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കും


TAGS :

Next Story