കുവൈത്തിൽ ആളില്ലാ കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നതായി സർവേ റിപ്പോർട്ട്

കുവൈത്തിൽ ആളില്ലാ കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നതായി സർവേ റിപ്പോർട്ട്. കെട്ടിട വാടക താങ്ങാനാവാതെ വിദേശ തൊഴിലാളികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്കു മാറുന്നതു കെട്ടിടങ്ങൾ കാലിയാകാൻ കാരണമാകുന്നതായും പ്രാദേശിക പത്രത്തിന്റെ സർവേ ഫലം സൂചിപ്പിക്കുന്നു.
200 മുതൽ 350 ദീനാർ വരെയാണ് സാധാരണ അപ്പാർട്ട്മെൻറുകൾക്ക് വാടക ഈടാക്കുന്നത്. നേരത്തെ രണ്ടുകുടുംബങ്ങൾ ഒന്നിച്ച് താമസിച്ചായിരുന്നു ഭീമൻ വാടകയുടെ ആഘാതം കുറച്ചിരുന്നത്. പുതിയ അപ്പാർട്മെന്റുകളിൽ ഫ്‌ളാറ്റുകളുടെ വലിപ്പക്കുറവ് കാരണം ഷെയറിങ് താമസം സാധിക്കാത്തതും കുടുംബങ്ങളുടെ തിരിച്ചു പോക്കിന് കാരണമാകുന്നുണ്ട്.
ഹവല്ലി പോലുള്ള സ്ഥലങ്ങളിൽ ഈ വർഷം 15 ശതമാനം മുതൽ 20 ശതമാനം വരെ വാടക കുറച്ചിട്ടും ഫ്ലാറ്റുകൾ ആളൊഴിഞ്ഞ് കിടക്കുകയാണെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അപ്പാർട്ട്മെൻറുകൾ പുതുതായി നിർമിക്കപ്പെട്ടത്, റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യം, വിദേശ അധ്യാപകരുടെ താമസ അലവൻസ് ഗണ്യമായി കുറച്ചത്, കുടുംബ വിസക്കുള്ള ശമ്പള പരിധി 450 ദീനാർ ആയി ഉയർത്തിയത് എന്നിവയും താമസകേട്ടിടങ്ങൾ കാലിയാകാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16

