Quantcast

കുവൈത്തിൽ അമീറി കാരുണ്യത്തിൽ ഈ വർഷം 700 തടവുകാർക്ക് മോചനം ലഭിച്ചേക്കും

MediaOne Logo

Web Desk

  • Published:

    7 Dec 2018 11:58 PM IST

കുവൈത്തിൽ അമീറി കാരുണ്യത്തിൽ ഈ വർഷം 700 തടവുകാർക്ക് മോചനം ലഭിച്ചേക്കും
X

കുവൈത്തിൽ അമീരി കാരുണ്യത്തിൽ ഈ വർഷം 700 തടവുകാർക്ക് മോചനം ലഭിച്ചേക്കും. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സആബിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്കും വിദേശികൾക്കും ഇളവിന് അർഹതയുണ്ടാകും.

ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡമാക്കിയാണ് ശിക്ഷായിളവിനായി തടവുകാരെ തെരഞ്ഞെടുത്തത്. ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇത്തവണ മാറ്റം വരുത്തിയിരുന്നു. ജുഡീഷ്യൽ തടവിലുള്ള വിദേശികളെ ഇഖാമ കാലാവധിയും കുടുംബം കുവൈത്തിലുണ്ടോ എന്നും പരിഗണിക്കാതെ മോചിപ്പിച്ച് നാടുകടത്തണം എന്നതാണ് പുതുതായി വ്യവസ്ഥയിൽ വരുത്തിയ പ്രധാന മാറ്റം. കുവൈത്ത് പൗരന്മാരുടെ വിദേശിയായ ജീവിത പങ്കാളി, കുവൈത്തി മാതാവിന്റെ വിദേശിയായ മകൻ, ബിദൂനികൾ, എന്നിവരെ മോചിപ്പിച്ചാലും നാടുകടത്തില്ല. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല. സ്വദേശികളും വിദേശികളും ഉൾപ്പെടെ എഴുനൂറ് പേർ ഇക്കുറി ഇളവിന് അര്ഹരാകുമ്പോൾ പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണമാകുമിത്. കഴിഞ്ഞ തവണ 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് അമീരി കാരുണ്യം പ്രഖ്യാപിക്കുക.

TAGS :

Next Story