കുവൈത്തിൽ വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ ഇളവ്
ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലായാണ് കരാർ കാലാവധി ദീർഘിപ്പിച്ചതെന്നു അധികൃതർ വ്യക്തമാക്കി

കുവൈത്തിൽ സമ്പൂർണ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ ആരോഗ്യമന്ത്രാലയത്തിന് ഇളവ്. ഇളവ് ലഭിച്ച സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ സാങ്കേതികപ്രവർത്തകരുടെ കരാർ കാലാവധി നീട്ടി നൽകുമെന്നു അധികൃതർ അറിയിച്ചു.
സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാൻ സിവിൽ സർവീസ് കമ്മീഷൻ വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പകരം നിയമിക്കാൻ സ്വദേശി ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ സ്വദേശി വൽക്കരണം പൂർത്തിയാക്കാൻ കൂടുതൽ കാലതാമസം വേണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഇളവ് നൽകിയത്.
ഇതോടെ ആരോഗ്യ മേഖലകളിൽ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യുന്ന വിദേശികളുടെ സേവനകരാർ പുതുക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. എക്സ്റേ ലാബ് ടെക്‌നീഷ്യന്മാർ, ഫാര്‍മസിസ്റ്റുകൾ എന്നിവർക്ക് അഞ്ചു മുതൽ ഒമ്പതു മാസം വരെയാണ് തൊഴിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നത്. ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലായാണ് കരാർ കാലാവധി ദീർഘിപ്പിച്ചതെന്നു അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

