Quantcast

കുവൈത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയിലെ നിയമഭേദഗതിക്ക്  പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം  

MediaOne Logo

Web Desk

  • Published:

    9 March 2019 12:16 AM IST

കുവൈത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയിലെ നിയമഭേദഗതിക്ക്  പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം  
X

കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് പാർലമെന്റിന്റെ പ്രാഥമികാംഗീകാരം. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ആദ്യ വായനയിൽ ഏകസ്വരത്തിലാണ് കരട് നിയമഭേദഗതി ബിൽ പാസ്സായത്. പാർലമെന്റും മന്ത്രിസഭയും ബില്ലിനെ അനുകൂലിച്ച സാഹചര്യത്തിൽ ഭേദഗതി നടപ്പാകുമെന്നാണ് സൂചന. ഈമാസം 19 നു ബിൽ വീണ്ടും ചർച്ചക്കെടുക്കും.

സ്വകാര്യ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാര്‍ഷികാവധി 35 ദിവസമാക്കി ഉയർത്തുക, പ്രതിമാസ വേതനത്തിൽ 15 ശതമാനം വർധന ഏർപ്പെടുത്തുക എന്നിവയാണ് പ്രധാനഭേദഗതി നിർദേശങ്ങൾ. പാർലമെന്റിൽ ആരോഗ്യ സാമൂഹ്യ കാര്യ സമിതി അംഗീകാരം നൽകിയ ഭേദഗതി ബില്‍ വ്യാഴാഴ്‌ചയാണ്‌ പാർലമെന്റിൽ ചർച്ചക്കെടുത്തത്. ഒന്നാം വായനയിൽ കാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ പേരും ബില്ലിന് അനുകൂലമായാണ് വോട്ടു ചെയ്തത്, കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് വിദേശികൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് ദേശീയ അസംബ്ലിയിൽ ഏക്വസ്വരത്തിൽ അംഗീകരിക്കപ്പെടുന്നത്. നിലവിൽ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാർഷികാവധി. വെള്ളിയാഴ്ചകൾ കൂടാതെ 35 ദിവസം അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ഭേദഗതി. നിയമം നടപ്പായാൽ ഫലത്തിൽ നാല് വെള്ളിയാഴ്ചകൾ ഉൾപ്പെടെ വാർഷിക അവധികൾ 40 ആയി ഉയരും. ഇതോടൊപ്പം നിലവിലെ ശമ്പളത്തിൽ 15 ശതമാനം വർധനയും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ മാസം 19, 20 തിയതികളിലായി ബില്ലിന്മേൽ കൂടുതൽ ചർച്ചകളുണ്ടാകുമെന്നാണ് പാർലമെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

TAGS :

Next Story