Quantcast

സ്വകാര്യ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കുവെെത്ത്

MediaOne Logo

Web Desk

  • Published:

    11 April 2019 7:10 AM IST

സ്വകാര്യ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കുവെെത്ത്
X

കുവൈത്തിൽ സ്വകാര്യ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് താമസകാര്യ വകുപ്പ് പുതിയ നിബന്ധന ഏർപ്പെടുത്തി. സ്ഥാപനത്തിന്റെ വാണിജ്യ ലൈസൻസിന് ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇത് മൂലം നിരവധി സ്ഥാപനങ്ങളുടെ ഇഖാമ നടപടികൾ അവതാളത്തിലായതായാണ് റിപ്പോർട്ട്.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ലൈസൻസ് കാലാവധി കൂടി മാനദണ്ഡം ആക്കിയതോടെ ചെറുതും വലുതുമായ നിരവധി കമ്പനികളാണ് പ്രയാസത്തിലായത്. കമ്പനികളുടെ ലൈസൻസ് കാലാവധി ആറുമാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കിനൽകില്ലെന്നാണ് താമസകാര്യ വകുപ്പിന്റെ നിലപാട്. മിക്ക കമ്പനികളുടെയും ലൈസൻസ് കാലാവധി ആറു മാസത്തിനുള്ളിൽ അവസാനിക്കും.

ഇഖാമ നടപടികൾക്കായി സമീപിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളെ താമസകാര്യ ഉദ്യോഗസ്ഥർ തിരിച്ചയക്കുകയാണ്. വാണിജ്യ മന്ത്രാലയത്തെ സമീപിച്ചു ലൈസൻസ് കാലാവധി നീട്ടിവാങ്ങാനാണ് താമസകാര്യ ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങൾക്കു ലൈസൻസ് അനുവദിക്കുന്നത്. മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് സാധാരണഗതിയിൽ വാണിജ്യ ലൈസൻസിന് കാലാവധി അനുവദിക്കാറുള്ളത്. ഒരിക്കൽ അനുവദിച്ച ലൈസൻസ് കാലാവധി പൂർത്തിയാക്കിയാലോ തൊട്ടു മുൻപോ മാത്രമാണ് പുതുക്കി നൽകുക. എന്നാൽ ഇഖാമ നടപടികൾക്ക് തടസം നേരിട്ട സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സ്ഥാപനങ്ങൾ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.

ലൈസൻസിൽ ബാക്കിയുള്ള കാലാവധി പരിഗണിക്കാതെ പുതിയ ലൈസൻസ് അനുവദിക്കണമെന്നാണ് സ്ഥാപന ഉടമകളുടെ ആവശ്യം .

TAGS :

Next Story