Quantcast

പ്രീത ഷാജിയുടെ സമരം വിജയത്തിലേക്ക്; പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കും

ഒത്തുതീര്‍പ്പ് യോഗത്തില്‍ നിലവിലെ പാക്കേജ് അംഗീകരിക്കപ്പെട്ടാല്‍ നാളെ വൈകിട്ട് മാനാത്ത്പാടത്ത് സ്വാമി അഗ്നിവേശ് പങ്കെടുക്കുന്ന പരിപടിയില്‍ സമരവിജയ പ്രഖ്യാപനമുണ്ടാവും.

MediaOne Logo

Web Desk

  • Published:

    5 Aug 2018 4:51 AM GMT

പ്രീത ഷാജിയുടെ സമരം വിജയത്തിലേക്ക്; പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കും
X

വായ്പാത്തട്ടിപ്പിനിരയായി കുടിയിറക്ക് ഭീഷണി നേരിടുന്ന ഇടപ്പള്ളി മാനാത്ത്പാടത്തെ പ്രീതാ ഷാജിയുടെ അതിജീവന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. സര്‍ക്കാര്‍ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരത്തിന് അവസരമൊരുങ്ങിയതായാണ് സൂചന. വിഷയത്തില്‍ സമരസമിതിയുമായി ധനമന്ത്രി തോമസ് ഐസക് നാളെ ചര്‍ച്ച നടത്തും.

പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവിനെ ജനകീയ സമരസമിതി ചെറുത്ത് തോല്‍പിച്ചതോടെയാണ് വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ സജീവമായത്. 24 വര്‍ഷം മുമ്പാണ് പ്രീതയുടെ കുടുംബം സുഹൃത്തിന്റെ 2 ലക്ഷം രൂപയുടെ ലോണിന് ജാമ്യം നിന്നത്. കുടിശ്ശിക 2.7 കോടി രൂപയായതായി ചൂണ്ടിക്കാട്ടിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

18.5 സെന്റ് വരുന്ന രണ്ടരക്കോടി വിലമതിക്കുന്ന കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ബാങ്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ജപ്തി നീക്കം പലതവണ നടന്നു. സര്‍ഫാസി വിരുദ്ധ സമര സമിതിയുടെയും മാനാത്ത്പാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും പ്രതിരോധത്തിന് മുന്നില്‍ കുടിയറക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. വീടിന് മുന്നില്‍ ചിതയൊരുക്കിയുള്ള പ്രീതയുടെ അതിജീവന സമരത്തിന് വ്യാപക പിന്തുണയും ലഭിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ഒത്ത്തീര്‍പ്പിന് കളമൊരുങ്ങിയത്.

ലോണിന് ആനുപാതികമായ നിശ്‍ചിത തുക പ്രീതയുടെ കുടുംബം ബാങ്കില്‍ അടക്കും. അറുപത് ലക്ഷം രൂപ നല്‍കാന്‍ തയ്യാറെന്ന് സമരസമിതി ഇതിനകം നിലപാടെടുത്തിട്ടുണ്ട്. ലോണെടുത്ത വ്യക്തിയില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുള്ള ശ്രമം വിജയിച്ചതോടെയാണിത്. നാളെ രാവിലെ പ്രീതയുടെ കുടുംബവും സമരസമിതി പ്രതിനിധികളും ധനമന്ത്രി തോമസ് ഐസക്കുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. ഒത്തുതീര്‍പ്പ് യോഗത്തില്‍ നിലവിലെ പാക്കേജ് അംഗീകരിക്കപ്പെട്ടാല്‍ നാളെ വൈകിട്ട് മാനാത്ത്പാടത്ത് സ്വാമി അഗ്നിവേശ് പങ്കെടുക്കുന്ന പരിപടിയില്‍ സമരവിജയ പ്രഖ്യാപനമുണ്ടാവും.

TAGS :

Next Story