Quantcast

ഫലസ്തീനുള്ള ഇരുനൂറ് മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക

ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥമാനമായി പ്രഖ്യാപിച്ചതിനെതിരെ ഫലസ്തീനില്‍ നടന്ന ശക്തമായ പ്രതിഷേധങ്ങളോടുള്ള അമേരിക്കൻ പ്രതികരണമാണ് നടപടി

MediaOne Logo
ഫലസ്തീനുള്ള ഇരുനൂറ് മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക
X

ഫലസ്തീനുള്ള ഇരുനൂറ് മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം.

പ്രതിവര്‍ഷം ഏകദേശം മുന്നൂറ് മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക ഫലസ്തീന് നല്‍കിവരുന്നത്. ഇതില്‍ നിന്നാണ് ഇരുനൂറ് മില്യണ്‍ ഡോളര്‍ വെട്ടിക്കുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശകാര്യ വകുപ്പിന് നിര്‍ദേശം നല്‍കിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനുള്ള സഹായം നിര്‍ത്തലാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥമാനമായി അമേരിക്ക പ്രഖ്യാപിച്ചതിനെതിരെ ഫലസ്തീനില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഫലസ്തീന് നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായിരുന്നു ഇതിനോട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണം. ഇതിന് പിന്നാലെ ഐക്യരാഷ്ട്ര സഭ ഫലസ്തീന് നല്‍കി വരുന്ന സാമ്പത്തിക സഹായ നിധിയിലേക്ക് നല്‍കിയിരുന്ന വിഹിതം അമേരിക്ക രണ്ട് മാസം മുമ്പ് വെട്ടിക്കുറച്ചിരുന്നു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അറുപത് മില്യണ്‍ മാത്രമാണ് അമേരിക്ക നല്‍കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി ട്രംപും അമേരിക്കയും രംഗത്തുവന്നത്.

അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ രംഗത്ത് വന്നു. വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് അമേരിക്കയുടേതെന്ന് പി.എല്‍.ഒ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണിക്ക് ഫലസ്തീന്‍ നേതാക്കളും ജനങ്ങളും വഴങ്ങില്ലെന്നും അവര്‍ പറഞ്ഞു.

TAGS :

Next Story