സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ കൊയ്യാം; സാധ്യതകള്‍ തുറന്നുപറഞ്ഞു അനീസ് മുഹമ്മദ്

ഇന്‍സ്റ്റഗ്രാമിലെ ഇന്‍ഫ്ലുവന്‍ഷ്യര്‍ മാര്‍ക്കറ്റിങ്ങിലൂടെ ശ്രദ്ധേയനായ മുഹമ്മദ് അനീസ് കണ്ടന്റ് ക്രിയേഷനെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2021-07-17 18:46:39.0

Published:

15 Nov 2020 9:48 AM GMT

സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ കൊയ്യാം; സാധ്യതകള്‍ തുറന്നുപറഞ്ഞു അനീസ് മുഹമ്മദ്
X

മാറിമറിയുന്ന പരസ്യവിപണി കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പത്ര, ദൃശ്യമാധ്യമങ്ങളിലെ പൊതു സ്വഭാവത്തില്‍ നിന്നുള്ള പരസ്യങ്ങളില്‍ നിന്നെല്ലാം കാതങ്ങള്‍ മാറി പുതുമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ ഉപയോഗിച്ചുള്ള പരസ്യരീതികളാണ് ഇന്ന് പിന്തുടരുന്നത്. സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്ലുവന്‍ഷ്യര്‍മാര്‍ ഇന്ന് മാര്‍ക്കറ്റിന്‍റെ തലവര മാറ്റുന്ന വ്യക്തിത്വങ്ങളാണ്. ഇന്‍സ്റ്റഗ്രാമിലെ ഇന്‍ഫ്ലുവന്‍ഷ്യര്‍ മാര്‍ക്കറ്റിങ്ങിലൂടെ ശ്രദ്ധേയനായ മുഹമ്മദ് അനീസ് കണ്ടന്റ് ക്രിയേഷനെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു.

കണ്ടന്‍റ് ക്രിയേറ്റര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍ഷ്യര്‍ എന്നാല്‍...

ഞാന്‍ ചെയ്യുന്നത് കണ്ടന്റ് ക്രിയേഷന്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍ഷ്യര്‍ എന്ന ജോലിയാണ്. പ്രശസ്തരായ കമ്പനികള്‍ക്ക് വേണ്ടി നമ്മള്‍ പല രീതിയിലുള്ള പരസ്യ ഉള്ളടക്കമുണ്ടാക്കി കൊടുക്കും. അത് ഫോട്ടോയായും വീഡിയോയുമായി ചെയ്തു കൊടുക്കും. അവരുടെ മാര്‍ക്കറ്റിംഗ് ആവശ്യമനുസരിച്ച് നിര്‍മ്മിക്കുന്ന പരസ്യ ഉള്ളടക്കം എന്റെ സോഷ്യല്‍ മീഡിയയിലൂടെയും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയും പോസ്റ്റ് ചെയ്യുന്നതിനാണ് ഇന്‍ഫ്ലുവന്‍ഷ്യര്‍ മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്. ടെലിവിഷന്‍ പരസ്യങ്ങളേക്കാളും പത്ര പരസ്യങ്ങളേക്കാളും ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇന്‍ഫ്ലുവന്‍ഷ്യര്‍ മാര്‍ക്കറ്റിംഗാണ്. പ്രധാനപ്പെട്ട പല പ്രശസ്ത ബ്രാന്‍ഡുകളും ഇപ്പോള്‍ ഇന്‍ഫ്ലുവന്‍ഷ്യര്‍ മാര്‍ക്കറ്റിംഗ് എന്ന രീതിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഈയടുത്താണ് ഈ രീതി തുടങ്ങിയത്.

ഇതില്‍ എത്തിപ്പെടുന്നത്...

ഞാന്‍ ഈ ഫീല്‍ഡിലേക്ക് വന്നത് 2016 സമയത്താണ്. ഡിഗ്രി കഴിഞ്ഞ് 2015ല്‍ എസ്.ആര്‍.എമ്മില്‍ പഠിച്ചത് വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ്. അത് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഈയൊരു ഫീല്‍ഡിനെക്കുറിച്ച് ഞാന്‍ പുറം രാജ്യങ്ങളില്‍ നിന്നുള്ള പലരില്‍ നിന്നും അറിയുന്നത്. അത് കഴിഞ്ഞ് അവരില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്‍സ്റ്റഗ്രാം വഴി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെ ദിവസവും നിരവധി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഡാനിയല്‍ വെല്ലിംങ്ടണ്‍ എന്ന വാച്ച് കമ്പനിയാണ് പരസ്യ കണ്ടന്റ് ചെയ്യാനായി ആദ്യം സമീപിക്കുന്നത്. അവര് എന്നെ സമീപിച്ച് ഒരു വാച്ച് സൗജന്യമായി നല്‍കാം അതിന് വേണ്ടി ഒരു പരസ്യം ചെയ്യാമോ എന്ന് ചോദിച്ചു. ആദ്യം ഞാന്‍ അത് കണ്ടപ്പോള്‍ അത് ഒരു വ്യാജ മെസേജായി തോന്നി ഒഴിവാക്കി. പിന്നീട് അവര് തന്നെ ഒരു ഫോളോ അപ്പ് മെയില്‍ എന്ന രീതിയില്‍ വീണ്ടും എന്നെ സമീപിച്ചു. അപ്പോഴാണ് അതിന്റെ ഗൗരവമറിയുന്നത്. ആ വാച്ചിന് നാട്ടില്‍ പത്ത്, പതിനായിരം രൂപയുടെ വില കാണുമായിരുന്നു. ആദ്യം അത്തരത്തില്‍ ഒരു ഡീലുമായി വരുമ്പോള്‍ ആരും അങ്ങനെ പെട്ടെന്ന് സ്വീകരിക്കില്ലല്ലോ? അങ്ങനെ അവര് വാച്ച് അയച്ചു തരികയും അത് ധരിച്ചുള്ള ഫോട്ടോ അയച്ചു കൊടുത്ത് ആ ഫോട്ടോ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഇത്തരത്തിലൊരു ഫീല്‍ഡ് തന്നെയുള്ളതറിയുന്നത്.

പിന്നെ ഒരുപാട് കമ്പനികളുമായി ജോലി ചെയ്യാന്‍ പറ്റി. ഫേസ്ബുക്ക്, കോണ്‍വേഴ്സ്, അഡിഡാസ്, ഒപ്പോ മൊബൈല്‍സ്, വൈല്‍ഡ് ക്രാഫ്റ്റ് എന്നീ നിരവധി കമ്പനികള്‍ എന്നെ പരസ്യ കണ്ടന്റിനായി പിന്നീട് സമീപിക്കുകയുണ്ടായി. ഇപ്പോള്‍ നാല് വര്‍ഷമായി ഈ ജോലി ചെയ്യുന്നു.

കണ്ടന്റ് ക്രിയേഷനും ഫാഷന്‍ ബ്ലോഗിംഗും തമ്മിലുള്ള വ്യത്യാസം...

രണ്ടും ശരിക്കും പറഞ്ഞാല്‍ ഒന്ന് തന്നെയാണ്. ഫാഷന്‍ ബ്ലോഗിംഗില്‍ ഫാഷനുമായി ബന്ധപ്പെട്ട ജോലികള്‍ മാത്രമേ നമ്മള്‍ ചെയ്യൂ. അങ്ങനത്തെ കമ്പനികള്‍ മാത്രമേ നമ്മളെ സമീപിക്കു. ഫാഷന്‍ ബ്ലോഗര്‍, ലൈഫ് സ്റ്റൈല്‍ ക്രിയേറ്റര്‍ എന്നീ നിരവധി ഉപമേഖലകള്‍ ഇതിലുണ്ട്. ഫിറ്റ്നസ് ബ്ലോഗര്‍, ടെക്ക് ബ്ലോഗര്‍ അങ്ങനെ നിരവധി കാറ്റഗറികളുണ്ട്. ഞാന്‍ ചെയ്യുന്നത് എന്താണെന്ന് വെച്ചാല്‍ എന്‍റെ സ്വകാര്യ ജീവിതം ഇതിലെവിടെയും കാണിക്കുന്നില്ല എന്നതാണ്. ഞാന്‍ പൊതുവെ പിന്തുടരുന്ന തീം എന്നത് കണ്ടന്റ് ക്രിയേറ്റ് റൈറ്റ് എന്നതാണ്. ഇതിലെല്ലാം ഉള്‍പ്പെടും. ബ്രാന്‍ഡുകള്‍ക്ക് എങ്ങനെയാണോ കണ്ടന്റ് വേണ്ടത് ആ രീതിയിലാണ് ഞാന്‍ കണ്ടന്റ് നിര്‍മിച്ചു കൊടുക്കുന്നത്. ഈ കണ്ടന്റ് ക്രിയേറ്റര്‍ എന്ന രീതിയില്‍ ഫാഷന്‍ ബ്ലോഗിംഗും ചെയ്യുന്നുണ്ട്, ലൈഫ് സ്റ്റൈല്‍ ബ്ലാേഗിംഗും ചെയ്യുന്നുണ്ട്. അപ്പോള്‍ എല്ലാം കൂടിയ ഒരു മേഖലയാണ് കണ്ടന്റ് ക്രിയേറ്റര്‍. നമ്മളിപ്പോ ഫോട്ടോഗ്രാഫര്‍ എന്നൊക്കെ പറയും പോലെ ഇതൊരു പൊസിഷന്‍ ആയി മാറിയിട്ടുണ്ട്. നമ്മുടെ നാട്ടിലധികം പറഞ്ഞ് കേട്ടിട്ടില്ല. പക്ഷെ പുറത്തെല്ലായിടത്തും ഇത് ഒരു പ്രൊഫഷന്‍ ആയി മാറിയിട്ടുണ്ട്.

ബ്രാന്‍ഡുകളുടെ വരവും ക്രിയേറ്റിവ് ഐഡിയയും....

നമ്മളെ ബ്രാന്‍ഡുകള്‍ പൊതുവെ ഇന്‍സ്റ്റഗ്രാം വഴിയും ഇ-മെയില്‍ വഴിയുമാണ് സമീപിക്കാറ്. എനിക്ക് ആദ്യം വന്നത് ഡാനിയല്‍ വെല്ലിംഗ്ടണ്‍ എന്ന വാച്ച് കമ്പനിയാണെന്ന് ആദ്യം പറഞ്ഞു. അവര് ഇ-മെയില്‍ വഴിയാണ് എന്നെ ഈ ജോലിക്കായി ബന്ധപ്പെട്ടത്. മിക്ക കമ്പനികളും അവരുടെ ആവശ്യങ്ങളും ടാര്‍ഗറ്റും നമ്മോട് പറയും. ഉദാഹരണത്തിന് ക്രിസ്മസ് വരികയാണെങ്കില്‍ കമ്പനികള്‍ നമ്മളെ ബന്ധപ്പെട്ട് അതുമായി ബന്ധപ്പെട്ട കണ്ടന്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ചില കമ്പനികള്‍ അവരുടെ പ്രാെഡക്ടുകള്‍ നല്‍കി പൂര്‍ണ ക്രിയേറ്റിവിറ്റി സ്വാതന്ത്രൃം നല്‍കി കണ്ടന്റ് നിര്‍മിക്കാന്‍ അനുവദിക്കും. ഇങ്ങനെയുള്ള കണ്ടന്റുകള്‍ നമ്മുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പോസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടാകും. മിക്ക കമ്പനികളും മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ പുറത്തിറങ്ങും മുന്നേ നമുക്ക് അത് അയച്ചു തരും, അത് ഉപയോഗിച്ച് വേണം പിന്നീട് അത് വെച്ചുള്ള പരസ്യ കണ്ടന്റ് കമ്പനി ഔദ്യോഗികമായി ഉത്പന്നം പുറത്തിറക്കിയതിന് ശേഷം നമ്മുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പോസ്റ്റ് ചെയ്യാന്‍.

ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഫില്‍റ്ററിംഗ്!

ഇന്ത്യന്‍ ബ്രാന്‍ഡുകളും അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഞാന്‍ ചെയ്യാറുണ്ട്. കൂടുതല്‍ ചെയ്തിട്ടുള്ളത് അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ ഫ്ലിപ്പ് കാര്‍ട്ട്, മിന്ത്ര, ആമസോണ്‍, വൈല്‍ഡ് ക്രാഫ്റ്റ് അന്താരാഷ്ട്ര തലത്തില്‍ ഫേസ്ബുക്ക്, ഫേസ്ബുക്ക് ബ്ലൂപ്രിന്റ്, കോണ്‍വേഴ്സ്, ബെല്‍റോയ്, അമേരിക്കന്‍ ഈഗിള്‍, വണ്‍പ്ലസ്, ഓപ്പോ, ഷിയോമി, ഹുവായ്, ലീ എന്നിങ്ങനെ ഏകദേശം ഇരുന്നൂറ് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി കണ്ടന്റ് ക്രിയേഷന്‍ ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ ഞാന്‍ കമ്പനികളെ നേരിട്ട് ബന്ധപ്പെടാറായിരുന്നു, പിന്നീട് കമ്പനികള്‍ എന്നെ ഇങ്ങോട്ട് നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങി.

വരുന്ന എല്ലാമൊന്നും ചെയ്യാറില്ല, നമ്മുടെ ഫോളോവേഴ്സിന് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നോക്കി മാത്രം ഫില്‍ട്ടര്‍ ചെയ്താണ് ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കാറ്. ലേഡീസ് ബ്രാന്‍ഡുകള്‍, ആല്‍ക്കഹോള്‍ ഉത്പന്നങ്ങള്‍ എന്നിവയൊന്നും കണ്ടന്റിന് തെരഞ്ഞെടുക്കാറില്ല

പൊതുവെ എനിക്ക് പുറത്തുള്ള ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യാന്‍ ഇഷ്ടം. കാരണം അവര്‍ക്ക് പെട്ടെന്ന് മനസ്സിലാകും നമ്മളെന്താണ് ചെയ്തത്, നമ്മളെന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നത്. തോട്ട് പ്രൊസസ് ഏകദേശം ഒന്ന് തന്നെയാകും. അവര് കണ്ടന്റ് നിര്‍മ്മിക്കുന്നതിന് അത്യാവശ്യമായ സമയവും പണവും തരും. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് കണ്ടന്റുകള്‍ പെട്ടെന്ന് നിര്‍മിച്ചു കൊടുക്കേണ്ടി വരും.

കണ്ടന്റുകളുടെ ക്രിയാത്മക ഭാഗം

ശരിക്കും ഇതിന്റെയെല്ലാം ആരംഭത്തില്‍ എനിക്കറിയില്ലായിരുന്നു എങ്ങനെയാണ് ഇതിന്റെ ഇന്‍സ്റ്റാഗ്രാം ഗെയിം എന്നത്. ആ ഒരു സമയത്ത് പുറം രാജ്യത്തുള്ള ഇത് പോലെയുള്ള ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകള്‍ ശ്രദ്ധിക്കുകയും അവരില്‍ നിന്നാണ് ഇപ്പോഴുള്ള മിനിമല്‍/ ഫ്ലാറ്റ്ലേ എന്ന സ്റ്റൈയില്‍ നമ്മളെടുത്തത്. ഡിഗ്രിക്ക് എസ്.ആര്‍.എമ്മില്‍ നിന്നും ഇറങ്ങുന്ന സമയം ഫാഷന്‍ ഫോട്ടോഗ്രഫി, സ്ട്രീറ്റ് ഫോട്ടോഗ്രഫി, നാച്വര്‍ ഫോട്ടോഗ്രഫി എന്നിങ്ങനെയാണ് മിക്ക ആളുകളും ചെയ്തിരുന്നത്. അതെല്ലാവരും ചെയ്യുന്നത് എനിക്ക് ചെയ്യാന്‍ താത്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ഒന്ന് മാറ്റിപിടിച്ച് പുറത്തുള്ള ആള്‍ക്കാരെ നോക്കി അത് പോലെ ക്രിയേറ്റ് ചെയ്യാന്‍ നോക്കി. ആദ്യമൊക്കെ മിനിമല്‍ സ്റ്റൈലിനെ ആളുകള്‍ കളിയാക്കിയിരുന്നു, അതൊന്നും അങ്ങനെ കാര്യമാക്കാതെ എന്താണ് വിചാരിച്ചത് അത് തന്നെ ചെയ്തു. കുറച്ച് കഴിഞ്ഞ് ആളുകള്‍ക്ക് മനസ്സിലായി ഇങ്ങനെയൊരു പ്രത്യേക കാറ്റഗറിയുണ്ട് മിനിമല്‍ ഫോട്ടോഗ്രഫി/ ക്രിയേറ്റീവ് ഫോട്ടോഗ്രഫി എന്നത്. അതില്‍ മാക്സിമം ഭംഗിയാക്കാന്‍ നോക്കും. ഓരോ ഫോട്ടോയും ചെയ്യും മുന്‍പ് പ്ലാന്‍ ചെയ്ത് ഏറ്റവും ഭംഗിയില്‍ മിനിമല്‍ രീതി കൊണ്ടുവരും. ആദ്യമൊക്കെ വെള്ള നിറം മാത്രമേ ഉപയോഗിച്ചിരുന്നുള്ളു, പിന്നീട് നിറങ്ങള്‍ ഒരുപാട് മാറ്റി കളര്‍ഫുള്‍ ആക്കാന്‍ ശ്രമിച്ചു. അതും സബ്ട്ടില്‍ നിറങ്ങള്‍ മാത്രമേ ഉപയോഗിച്ചുള്ളു, അധികം തെളിച്ചമുള്ള നിറമെല്ലാം ഒഴിവാക്കി. ബ്രാന്‍ഡുകള്‍ നിര്‍ദ്ദേശിച്ചാല്‍ ഉപയോഗിക്കും അല്ലാതെ സ്വന്തം നിലക്ക് അതുള്‍പ്പെടുത്താറില്ല. ബ്ലാക്ക്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളുടെ കൂടെ മിനിമല്‍ സ്റ്റൈല്‍ എന്നിങ്ങനെയാണ് പിന്തുടരാറ്.

പരസ്യ വരുമാനം 'പരസ്യ'മാക്കിയാല്‍...

ഇന്‍ഫ്ലുവന്‍ഷ്യര്‍ എന്നത് ഇനിയുള്ള കാലത്ത് വലിയ സാധ്യതയാണ് ആണെന്ന് പറഞ്ഞല്ലോ. അതിന് വലിയ ഉദാഹരണമാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനം. ജോലി ചെയ്യുന്ന ബ്രാന്‍ഡുകളുടെ സ്വഭാവം വരുമാനത്തിലും പ്രതിഫലിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഒന്ന് തൊട്ട് രണ്ട് ലക്ഷം വരെ പ്രതിഫലമായി നല്‍കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇത് ഏറ്റവും കുറഞ്ഞത് പതിനായിരത്തില്‍ കുറയാതെ ലഭിക്കും എന്നതാണ്. നല്ല ഒരു ഇന്‍ഫ്ലുവന്‍ഷര്‍ ആണെങ്കില്‍ ലഭിക്കുന്ന പ്രതിഫലവും അതിനനസുരിച്ച് ഇരിക്കും.

അംഗീകാരം....

മികച്ച ക്രിയേറ്റീവ്സായി ലോകത്താകമാനം നിന്നും അഡോബി തെരഞ്ഞെടുത്ത 113 പേരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു. ഇന്ത്യയില്‍ നിന്നും നാല്പേരെയാണ് ഇതില്‍ തെരഞ്ഞെടുത്തത്. അതില്‍ ദക്ഷിണേന്ത്യയില്‍ നിന്നും മലയാളത്തില്‍ നിന്നും തെരഞ്ഞെടുത്ത ഒരേയൊരാള്‍ താനായിരുന്നു. അഡോബിയുടെ ഔദ്യോഗിക ഇന്‍സൈഡര്‍ എന്ന പദവിയാണ് കമ്പനി ഇതിലൂടെ നല്‍കുക. പ്രീമിയര്‍ പ്രോ, ഫോട്ടോഷോപ്പ് ഉള്‍പ്പെടുന്ന അഡോബിയുടെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യ അപ്ഡേഷനും വിവരങ്ങളും റിലീസിന് മുന്നേ ലഭിക്കാന്‍ ഇതിലൂടെ കഴിയും. ഇവരുടെ പ്രൊഡക്ടുകള്‍ ഉപയോഗിച്ച്, പരിശോധിച്ച് അതിന് മികച്ച റിവ്യൂ നല്‍കുക എന്നതാണ് ഇതില്‍ ചെയ്യേണ്ട ജോലി.

ഫേസ്ബുക്കിന് വേണ്ടി കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി തന്നെ കണ്ടന്‍റ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ ബ്ലൂ പ്രിന്‍റിന് വേണ്ടിയാണ് അന്ന് കണ്ടന്‍റ് നിര്‍മിച്ചിരുന്നത്. ഓണ്‍ലൈന്‍ ഫാഷന്‍സ്റ്റോറായ മിന്ത്രക്ക് വേണ്ടിയും കണ്ടന്‍റ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

നിലവില്‍ ലോജിടെക്കിന്‍റെ അംബാസിഡര്‍ ആണ്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട്: https://www.instagram.com/aneezv/

യൂട്യൂബ് അക്കൗണ്ട്: https://www.youtube.com/c/Aneez/featured

ട്വിറ്റര്‍ അക്കൗണ്ട്: wwww.twitter.com/aneezv

TAGS :

Next Story