Quantcast

പ്രായം 60; പക്ഷേ ലുക്ക് കണ്ടാൽ പറയില്ല, സോഷ്യൽ മീഡിയയിൽ കിളിപറത്തിയ ചുവാൻഡോ ടാന്‍റെ 'രഹസ്യഫോർമുല ഇതാണ്...', ഇതറിഞ്ഞാൽ ആരും പിറകോട്ട് നടക്കും!

2017-ൽ ആഗോളതലത്തിൽ ഇന്‍റർനെറ്റും സോഷ്യൽമീഡിയയും വ്യാപകമാകുന്നതിനോടൊപ്പം ട്രെൻഡിങ് ലിസ്റ്റ് ശ്രദ്ധിച്ചവർക്കറിയാം ചുവാൻഡോയുടെ റേഞ്ച്. അന്ന് തന്‍റെ പ്രായം വെളിപ്പെടുത്തിയ ചുവാൻഡോ അക്ഷരാർത്ഥത്തിൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകളയുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2026-09-26 08:44:20

Published:

26 Sept 2026 2:11 PM IST

പ്രായം 60; പക്ഷേ ലുക്ക് കണ്ടാൽ പറയില്ല, സോഷ്യൽ മീഡിയയിൽ കിളിപറത്തിയ ചുവാൻഡോ ടാന്‍റെ രഹസ്യഫോർമുല ഇതാണ്..., ഇതറിഞ്ഞാൽ ആരും പിറകോട്ട് നടക്കും!
X

പ്രായം 60-നടുത്ത് എത്തിനിൽക്കുമ്പോഴും ചെറുപ്പത്തിന്‍റെ ചുറുചുറുക്കും തേജസും കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് സിംഗപ്പൂരുകാരനായ മോഡലും ഫോട്ടോഗ്രാഫറുമായ ചുവാൻഡോ ടാൻ. 2017-ൽ ആഗോളതലത്തിൽ ഇന്‍റർനെറ്റും സോഷ്യൽമീഡിയയും വ്യാപകമാകുന്നതിനോടൊപ്പം ട്രെൻഡിങ് ലിസ്റ്റ് ശ്രദ്ധിച്ചവർക്കറിയാം ചുവാൻഡോയുടെ റേഞ്ച്. അന്ന് തന്‍റെ പ്രായം വെളിപ്പെടുത്തിയ ചുവാൻഡോ അക്ഷരാർത്ഥത്തിൽ യൂസർമാരെ ഒന്നടങ്കം ഞെട്ടിച്ചുകളയുകയും ചെയ്തിരുന്നു.

കാലചക്രം ഒമ്പത് വർഷങ്ങൾക്കിപ്പുറം കറങ്ങിത്തിരിഞ്ഞു. മനുഷ്യരുടെ ജീവിതരീതികളും ആരോഗ്യസങ്കൽപ്പങ്ങളുമെല്ലാം പലകുറി തലകീഴായി മറിഞ്ഞിരിക്കുമ്പോഴും, ചുറുചുറുക്കിന്‍റെ കാര്യത്തിൽ ഇപ്പോഴും തന്‍റെ പ്രേക്ഷകരെയും സോഷ്യൽമീഡിയയെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ചുവാൻഡോ ടാൻ. ഏതെങ്കിലും മാന്ത്രികമരുന്നുകളോ മന്ത്രവിദ്യകളോ അല്ല ചുവാൻഡോയുടെ രഹസ്യം, മറിച്ച് കൃത്യമായ ഡയറ്റ്, വ്യായാമം, ഉറക്കം, ജനറ്റിക്സ് എന്നിവയിലൂടെ വർഷങ്ങളോളം പാകപ്പെടുത്തിയെടുത്ത ജീവിതശൈലി കൊണ്ട് മാത്രമാണ്. പ്രായം ഒരുപാടായിട്ടും എന്തുകൊണ്ടാണ് താനിപ്പോഴും ചെറുപ്പം പോലെ തോന്നിപ്പിക്കുന്നതെന്ന് 2025-ലെ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം.

തുടക്കം ഗംഭീരം

1980-കളുടെ തുടക്കത്തിലാണ് മോഡലിങ് മേഖലയിലേക്ക് ടാൻ കാലെടുത്തുവെക്കുന്നത്. അക്കാലത്തെ ഏഷ്യയിലെയും സിംഗപ്പൂരിലെയും അറിയപ്പെട്ട പുരുഷ മോഡലുകളിലൊന്നായി ടാൻ വളരെ പെട്ടെന്ന് തന്നെ മാറി. പിൽക്കാലത്തെപ്പോഴോ ഫാഷൻ ഫോട്ടോഗ്രാഫറുടെ റോളിലും അരങ്ങേറ്റം കുറിച്ചു. കാമറയുടെ മുൻപിൽ വർഷങ്ങളോളം മോഡലായി ജോലി ചെയ്തതിന് ശേഷമാണ് പിന്നാമ്പുറത്തേക്കുള്ള അദ്ദേഹത്തിന്‍റെ അരങ്ങേറ്റമെന്ന് സിംഗപ്പൂരിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2017-ലാണ് ചുവാൻഡോ ടാനിനെ ലോകമൊന്നടങ്കം വീണ്ടും ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ ടാനിന്‍റെ ഫോട്ടോകളും അതിവേഗത്തിൽ പ്രചാരം കണ്ടു. 51-ാം വയസ്സിലായിരുന്നു അതെന്നോർക്കണം. പ്രായത്തിന്‍റെ അവശതകൾ ഒരുകാലത്തും തന്നെ അലട്ടിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 'പ്രായം കൂടിക്കൊണ്ടിരിക്കുന്ന കാര്യം എന്നെ ഒരു ഘട്ടത്തിലും അലട്ടിയിരുന്നതായി ഓർക്കുന്നില്ല. 51 വയസ് ആയപ്പോഴും ഒരു ചുറുചുറുക്ക് ഉള്ളപോലെയാണ് തോന്നാറ്. ഒരു മാറ്റവുമില്ല, എല്ലാം പഴയ പോലെ. മുൻപെങ്ങനെയാണോ ഞാനെന്‍റെ ജീവിതം ആസ്വദിച്ചിരുന്നത്, അതുപോലെ തന്നെ ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.' വോഗ് സിംഗപ്പൂരിനോട് അദ്ദേഹം വ്യക്തമാക്കി.

ഡയറ്റ്ക്രമം ഇങ്ങനെ

ഭക്ഷണക്രമത്തിലെ ഡയറ്റ് തന്‍റെ ദിനചര്യയുടെ പ്രധാനഭാഗങ്ങളിലൊന്നാണെന്ന് അദ്ദേഹം പറയുന്നു. ഫിഫ്റ്റിയേഴ്സിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ വിശദീകരിക്കുന്നതിങ്ങനെ.

'70 ശതമാനം ഡയറ്റും ബാക്കി 30 ശതമാനം വ്യായാമവും. അതാണ് കാലങ്ങളായുള്ള ശീലം. ആറ് മുട്ടകൾ കഴിച്ചുകൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റിലൂടെ ദിവസം തുടങ്ങും. അതിൽ രണ്ടെണ്ണത്തിൽ നിന്ന് മാത്രം മഞ്ഞക്കരു കഴിക്കും, കൂടെ ഒരു ഗ്ലാസ് പാലും. ചില ദിവസങ്ങളിൽ അവക്കാഡോ, ബെറി ചേർത്തുള്ള പ്രോട്ടീൻഷേക്കും ബ്രേക്ക്ഫാസ്റ്റിനൊപ്പം കാണും. ഉച്ചഭക്ഷണമാണ് ഏറ്റവും ലളിതം.

ഗ്രിൽ ചെയ്തതോ ആവിയിൽ വേവിച്ചതോ ആയ ചിക്കൻ അല്ലെങ്കിൽ മത്സ്യം, ചോറ്, പച്ചക്കറികൾ എന്നിവയാണ് ഭക്ഷണത്തിലുള്ളത്. ഫിഷ് സൂപ്പും ഭക്ഷണത്തിൽ ഉൾപ്പെടാറുണ്ട്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യാറുണ്ട്. കൂടാതെ കാപ്പിയും മദ്യവും പുകവലിയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്'. തന്റെ ദിനചര്യയുടെ ഭാഗമായി വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കാറുണ്ടെന്നും ടാനിനെ ഉദ്ദരിച്ച് ഫിഫ്റ്റിയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കർശനമായ ഡയറ്റ് എന്നതിലുപരി, എപ്പോഴൊക്കെ കഴിയുമോ അപ്പോഴൊക്കെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും അത് തുടർച്ചയായി പാലിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.

​ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങളും കാർഡിയോയും

​വ്യായാമമാണ് ടാന്റെ ദിനചര്യയുടെ മറ്റൊരു പ്രധാന ഭാഗം. ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് തവണ വരെ ഏകദേശം 30 മിനിറ്റ് കണ്ട് ശക്തി വർദ്ധിപ്പിക്കാനുതകുന്ന വ്യായാമങ്ങൾ ചെയ്യാറുണ്ട് അദ്ദേഹം. സ്ക്വാട്ടുകൾ, ലങ്സ്, പുഷ്-അപ്പുകൾ, പുൾ-അപ്പുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ വർക്ക്ഔട്ടിൽ ഉൾപ്പെടും. ​ഇതോടൊപ്പം ട്രെഡ്മില്ലിൽ വേഗത്തിലുള്ള നടത്തവും നീന്തലും ഉൾപ്പെടെയുള്ള കുറഞ്ഞ തീവ്രതയുള്ള കാർഡിയോ വ്യായാമങ്ങളും അദ്ദേഹം ചെയ്യാറുണ്ട്. ഓൺലൈനിൽ കത്തിക്കയറിയ ശേഷം മാത്രം തുടങ്ങിയ ശീലമല്ല ഇത്, മറിച്ച് വർഷങ്ങളായി അദ്ദേഹം തുടർന്നുപോരുന്ന ഫിറ്റ്‌നസ് ദിനചര്യയാണിത്.

​ഉറക്കവും സായാഹ്ന ദിനചര്യയും

​ഉറക്കത്തിന്റെ സമയക്രമത്തിലും ഭക്ഷണസമയത്തിലും ടാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. രാത്രി 11 മണിയോടെ ഉറങ്ങാൻ കിടക്കുന്ന അദ്ദേഹം, ഉറങ്ങുന്നതിന് കുറഞ്ഞത് അഞ്ച് മണിക്കൂർ മുമ്പെങ്കിലും തന്റെ അവസാന ഭക്ഷണം കഴിച്ചിട്ടുണ്ടാകും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് സ്ക്രീനുകൾ (ഫോൺ, ടിവി) ഉപയോഗിക്കുന്നത് ഒഴിവാക്കാനും ആ സമയം വിശ്രമത്തിനായി മാറ്റിവെക്കാനുമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

ലളിതമായ സ്കിൻ കെയർ റൂട്ടിനുകൾ

​ടാന്റെ ചർമ്മ സംരക്ഷണ രീതിയും താരതമ്യേന ലളിതമാണ്. സങ്കീർണ്ണമായ ഉൽപ്പന്നങ്ങളോ ചികിത്സകളോ ഉപയോഗിക്കുന്നതിന് പകരം, ഒരു ജെന്റിൽ ക്ലെൻസറും മോയ്സ്ചറൈസറുമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. താൻ കോസ്മെറ്റിക് സർജറികളെ ആശ്രയിച്ചിട്ടില്ലെന്നും അദ്ദേഹമൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

​ടാനെ സംബന്ധിച്ചിടത്തോളം, പ്രായം തോന്നിപ്പിക്കാത്ത രൂപം മാത്രമല്ല വാർദ്ധക്യത്തിൽ പ്രധാനം. വോഗ് സിംഗപ്പൂരിനോട് സംസാരിക്കവെ അദ്ദേഹം പറയുന്നതിങ്ങനെ: 'നിങ്ങൾക്ക് പ്രായമാകുമ്പോൾ പോലും ശരീരത്തിലെ ആകർഷകത്വം നിലനിർത്തണം, അത് മറ്റുള്ളവർക്ക് വേണ്ടിയല്ല, മറിച്ച് നിങ്ങൾക്ക് വേണ്ടി മാത്രമാണ്.' വർത്തമാനകാലത്ത് ജീവിക്കേണ്ടതിന്റെയും സമയത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിക്കുന്നത്.

TAGS :

Next Story