Quantcast

പൊള്ളിയാല്‍ ഭാഗ്യം പോയി എന്നു പറഞ്ഞവര്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ ചിരിച്ച് ഷാഹിന; വൈറലായി ഫോട്ടോഷൂട്ട്

നാലാം വയസില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നു ഷാഹിനയുടെ ദേഹം മുഴുവന്‍ പൊള്ളിയതാണ്

MediaOne Logo

Web Desk

  • Updated:

    2021-09-14 02:33:16.0

Published:

14 Sep 2021 2:27 AM GMT

പൊള്ളിയാല്‍ ഭാഗ്യം പോയി എന്നു പറഞ്ഞവര്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ ചിരിച്ച് ഷാഹിന; വൈറലായി ഫോട്ടോഷൂട്ട്
X

ഒരു ചെറിയ പ്രശ്നമുണ്ടായാല്‍ തളര്‍ന്നുപോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചിലരാകട്ടെ തളര്‍ച്ചകളില്‍ നിന്നും ഫിനീക്സ് പക്ഷിയെ പോലെ ഉയര്‍ന്നുപറക്കും. അങ്ങനെ പറന്നു പറന്ന് അവര്‍ മറ്റുള്ളവരെ കൊണ്ട് പറയിക്കും എന്തൊരു ആത്മവിശ്വാസമെന്ന്. അത്തരമൊരു കഥയാണ് ഡോ.ഷാഹിന കുഞ്ഞുമുഹമ്മദിന് പറയാനുള്ളത്.

നാലാം വയസില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നു ഷാഹിനയുടെ ദേഹം മുഴുവന്‍ പൊള്ളിയതാണ്. എന്നാല്‍ വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാന്‍ മടിച്ച കാലത്തില്‍ നിന്നും ഷാഹിന ബഹുദൂരം മുന്നോട്ടു പോയിരിക്കുകയാണ് ഇന്ന്. ആത്മവിശ്വാസത്തോടെ അവളിന്ന് സമൂഹത്തെ നോക്കി ചിരിക്കുന്നു. ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നു. കോട്ടയം മലരിക്കല്‍ ആമ്പല്‍ പാടത്തു നിന്നു ഷാഹിന നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഷാഹിനയുടെ കുറിപ്പ് വായിക്കാം

കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു.. മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന, വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലം..പലപ്പോഴും ഇങ്ങനെ ഒരു പരീക്ഷണം എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ട്, തളർന്നിട്ടുണ്ട്..

പക്ഷെ, ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട്.. കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല, വീണ് പോയാലും പിന്നെയും ഉയിർത്തെഴുന്നേൽക്കും.. "പൊള്ളിയാൽ ഭാഗ്യം പോയി " എന്ന് മുഖത്ത് നോക്കി പറഞ്ഞവർക്കിടയിലൂടെയാണ് എന്‍റേതായ ഐഡന്റിറ്റിയിൽ അഭിമാനത്തോടെ മുഖമുയർത്തി നടക്കുന്നത്.. ഞാൻ എന്നെ സ്നേഹിക്കുന്നു, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്നു, സന്തോഷത്തോടെ സമാധാനത്തോടെ ചിറകുകൾ ഉയർത്തി പറക്കാൻ ശ്രമിക്കുന്നു.. "എനിക്ക് ചുറ്റുമുള്ള തീയെക്കാൾ എന്‍റെ ഉള്ളിലെ അഗ്നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു".

TAGS :

Next Story