അഴുക്കും അഴുകിയ മണവും പമ്പകടക്കും; തലയിണകൾ പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
വിപണിയിൽ ലഭിക്കുന്ന പല കൊമേഴ്സ്യൽ ഡിറ്റർജന്റുകളിലും കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്

ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് തലയിണകൾ. തലയിണ കവറുകൾ കൃത്യമായി മാറ്റാറുണ്ടെങ്കിലും മാസങ്ങളായുള്ള ഉപയോഗത്തിലൂടെ വിയര്‍പ്പ്, മുടിയിലും ചർമത്തിലുമുള്ള എണ്ണമയം, പൊടി, മറ്റ് അഴുക്കുകൾ എന്നിവ തലയിണയിൽ അടിഞ്ഞുകൂടുന്നു. കവര്‍ മാറ്റുന്നത് മാത്രമല്ല, ഏതാനും മാസത്തിലൊക്കെയെങ്കിലും തലയിണ തന്നെ കൃത്യമായി കഴുകി വൃത്തിയാക്കേണ്ടതുണ്ട് എന്ന കാര്യം നമ്മളിൽ പലരും മറന്നുപോകാറുണ്ട്.
വിപണിയിൽ ലഭിക്കുന്ന പല കൊമേഴ്സ്യൽ ഡിറ്റർജന്റുകളിലും കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും അലർജികൾക്ക് കാരണമാകാനും, കാലക്രമേണ തലയിണയ്ക്കുള്ളിലെ മൃദുവായ നാരുകളെ നശിപ്പിക്കാനും ഇടയാക്കും. എന്നാൽ അടുക്കളയിൽ തന്നെയുള്ള ലളിതവും പ്രകൃതിദത്തവുമായ ചേരുവകൾ ഉപയോഗിച്ച്, യാതൊരുവിധ രാസവസ്തുക്കളുടെയും അവശേഷിപ്പുകളില്ലാതെ നിങ്ങളുടെ തലയിണകൾ പഞ്ഞിപോലെ മൃദുവായും നല്ല സുഗന്ധത്തോടുകൂടിയും പുത്തൻ പോലെയും മാറ്റിയെടുക്കാം.
തലയിണ നേരെ വാഷിംഗ് മെഷീനിലിട്ട് അലക്കാൻ തോന്നുമായിരിക്കും, എന്നാൽ പെട്ടെന്ന് അങ്ങനെ ചെയ്യാതെ ആദ്യം അതിലെ കെയർ ടാഗ് പരിശോധിക്കുക. മെമ്മറി ഫോം തലയിണകൾ ഡൗൺ തൂവൽ നിറച്ച തലയിണകളെപ്പോലെയല്ല പ്രവർത്തിക്കുന്നത്, അതുപോലെ പോളിസ്റ്റർ ഫിൽ ചെയ്ത തലയിണകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. തെറ്റായ തരം തലയിണ തെറ്റായ രീതിയിൽ കഴുകിയാൽ, ഉള്ളിലെ പഞ്ഞി കട്ടപിടിച്ചുപോകാനോ അല്ലെങ്കിൽ തലയിണ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരാതിരിക്കാനോ ഇടയാകും.
മെഷീനിൽ കഴുകാൻ സുരക്ഷിതമാണോ, അതോ കൈകൊണ്ട് പതുക്കെ കഴുകേണ്ടതാണോ, അതല്ലെങ്കിൽ സ്പോട്ട്-ക്ലീൻ ചെയ്ത് (കറയുള്ള ഭാഗം മാത്രം വൃത്തിയാക്കി) വെ വെയിലത്തിടാൻ അനുയോജ്യമായതാണോ എന്ന് പരിശോധിക്കണം.
ആഴത്തിൽ വൃത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സുഗന്ധമുള്ള ഡിറ്റർജന്റുകൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും, പ്രത്യേകിച്ച് വീട്ടിലെ ആർക്കെങ്കിലും സെൻസിറ്റീവ് ചർമ്മമോ ശ്വസന പ്രശ്നങ്ങളോ ഉണ്ടെങ്കിൽ. പകരം നേരിയതും മണമില്ലാത്തതുമായ ലിക്വിഡ് സോപ്പ് ഉപയോഗിക്കുകയാണ് നല്ലത്.
ബേക്കിംഗ് സോഡയും നല്ലതാണ്. തലയിണക്ക് മുകളിൽ ബേക്കിംഗ് സോഡ വിതറി അര മണിക്കൂര്‍ വയ്ക്കുക. തുടർന്ന് വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക. വളരെ പെട്ടെന്ന് തലയിണയിലെ ഈര്‍പ്പവും ദുര്‍ഗന്ധവും അകറ്റാനുള്ള എളുപ്പവഴിയാണിത്. കുറച്ചു കൂടി ആഴത്തിൽ വൃത്തിയാക്കണമെങ്കിൽ സാധാരണ മൈൽഡ് ഡിറ്റർജന്റിനൊപ്പം അര കപ്പ് ബേക്കിംഗ് സോഡ വാഷിംഗ് മെഷീനിലേക്ക് ഇടുക. സുഗന്ധം പരത്തുന്ന ഉൽപ്പന്നങ്ങൾ ചെയ്യുന്നതുപോലെ ഇത് ദുർഗന്ധത്തെ മറയ്ക്കുകയല്ല ചെയ്യുന്നത്; മറിച്ച് അവയെ പൂർണ്ണമായും നിർവീര്യമാക്കുന്നു. കൂടാതെ തലയിണ കുറച്ചുകൂടി തിളക്കമുള്ളതായി മാറിയെന്നും നിങ്ങൾക്ക് കാണാൻ സാധിക്കും.
വെളുത്ത വിനാഗിരിയും തലയിണ വൃത്തിയാക്കാൻ സഹായിക്കും.തലയിണ കഴുകുമ്പോൾ ഒരു കപ്പ് ഒഴിച്ചാൽ മതി. ആ സമയത്ത് രൂക്ഷ ഗന്ധമുണ്ടാവുമെങ്കിലും തലയിണ പൂര്‍ണമായും ഉണങ്ങുമ്പോൾ എല്ലാം അപ്രത്യക്ഷമാകും. നല്ല വെയിലത്ത് ഉണക്കുന്നതും തലയിണയിലെ ദുര്‍ഗന്ധം അകറ്റാൻ സഹായിക്കും.
അലക്കിക്കഴിഞ്ഞ ഉടനെ നോക്കിയാൽ തലയിണകൾ ഒരുതരം വാടിയും കട്ടപിടിച്ചതുമൊക്കെയായിട്ടാകും കാണപ്പെടുക. നന്നായി കുലുക്കിയും കൈകൊണ്ട് പഞ്ഞി ഇളക്കിവിട്ടും കൊടുത്താൽ സാധാരണയായി ഈ പ്രശ്നം പരിഹരിക്കപ്പെടും, ഇത് ഉള്ളിലെ പഞ്ഞി ഒരു മൂലയ്ക്ക് മാത്രം കട്ടപിടിച്ചിരിക്കാതെ എല്ലായിടത്തേക്കും തുല്യമായി എത്താൻ സഹായിക്കും. അതുപോലെ, കഴുകുന്ന ഇടവേളകളിൽപോലും ഇടയ്ക്കിടെ കുറച്ചു സമയം തലയിണ വെയിലത്ത് വെക്കുന്നത് നല്ലതാണ്. ഇത് തലയിണ ഫ്രെഷായി സൂക്ഷിക്കാനും അതിന്റെ ആകൃതി ദീർഘകാലം നഷ്ടപ്പെടാതെ നിലനിർത്താനും സഹായിക്കും. അതുകൊണ്ട് തന്നെ ഏതാനും മാസങ്ങൾ കൂടുമ്പോൾ പുതിയ തലയിണകൾ വാങ്ങേണ്ടി വരില്ല.
Adjust Story Font
16

