'എന്ന് കിട്ടുമെന്നറിയാത്ത വീടിന് വേണ്ടി ജീവിതകാലം മുഴുവന്‍ ഇഎംഐ അടക്കുന്നവര്‍...'; നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ വാങ്ങുന്നവര്‍ അറിയാന്‍
ബില്‍ഡര്‍ പറ്റിച്ചുപോയാല്‍ വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്ക് പുറമെ കേസിന്‍റെ ചെലവുകളും കൂടി വഹിക്കേണ്ടിവരും

representative image
സ്വന്തമായി ഒരു കൂര എന്ന സങ്കല്‍പ്പത്തിനപ്പുറം നഗരങ്ങളിലെവിടെയെങ്കിലും ഒരു ഫ്ളാറ്റോ വില്ലയോ സ്വന്തമാക്കുക എന്നത് സ്വപ്നം കാണുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഈയൊരു സ്വപ്നത്തിന് പിന്നാലെ പോകുന്നവര്‍ക്ക് ചുറ്റും ഒരിക്കലും കരകയറാനാകാത്ത ചതിക്കുഴികളും ഒളിഞ്ഞുകിടപ്പുണ്ട്.നിര്‍മാണത്തിലിക്കുന്ന ഭവന പദ്ധതികളിലാണ് ഇത്തരത്തിലുള്ള വലിയ കെണികളുള്ളത്.
4.3 ലക്ഷം ഇന്ത്യക്കാർ അവർക്ക് ഒരിക്കലും ലഭിക്കാത്ത വീടുകൾക്കായി ഇഎംഐ അടയ്ക്കുന്നുണ്ടെെന്നാണ് ചില കണക്കുകള്‍ പറയുന്നത്. അതും ആ വീടുകള്‍ സ്വന്തമാക്കുമെന്ന് ഉറപ്പ് പോലുമില്ലാതെയാണ് തന്‍റെ ഒരായുസിലെ സമ്പാദ്യം മുഴുവന്‍ ലോണുകള്‍ക്കായി ചെലവാക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന പദ്ധതികളിൽ ഒരിക്കലും വീടുകൾ ബുക്ക് ചെയ്യരുതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വീട് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിരവധി കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ അതിലേക്ക് കടക്കാവൂ. ആ സ്വപ്നഭവനത്തിനായി കരാറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇക്കാര്യങ്ങളില്‍ നന്നായി ഗൃഹപാഠം ചെയ്യുന്നതും നല്ലതാണ്.
ബില്‍ഡറുടെ മുന്‍കാല ചരിത്രം അന്വേഷിക്കുക
ആദ്യം പരിശോധിക്കേണ്ടത് നിർമ്മാതാവിന്റെ വിശ്വാസ്യതയും മുൻകാല പദ്ധതികളിലെ അദ്ദേഹത്തിന്റെ റെക്കോർഡുമാണ്. ബില്‍ഡര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന കിഴിവുകളിലും ഡീലുകളിലും കണ്ണടച്ച് വീഴരുത്. ഏത് ബില്‍ഡറില്‍ നിന്നാണ് വീട് വാങ്ങാനുദ്ദേശിക്കുന്നത്, അവര്‍ മുൻകാലങ്ങളിൽ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിക്കുക. അവരുടെ കൈയില്‍ നിന്ന് വീട് വാങ്ങിയവരുമായി സംസാരിക്കുന്നതും അവരുടെ അവരുടെ അനുഭവങ്ങള്‍ ചോദിച്ച് മനസിലാക്കുന്നതും നല്ലതായിരിക്കും.
ബിൽഡറുടെ സാമ്പത്തികം
ബില്‍ഡറുടെ സാമ്പത്തികം പരിശോധിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അവർക്കെതിരെ നിലവില്‍ ഏതെങ്കിലും കേസുകളുണ്ടോ,ഉണ്ടെങ്കില്‍ എന്തിനായിരുന്നു,അതെങ്ങനെ പരിഹരിച്ചു,അല്ലെങ്കില്‍ അതിന്‍റെ നിലവിലുള്ള അവസ്ഥ എന്താണ് തുടങ്ങിയവ അറിഞ്ഞിരിക്കുക.
അഭിഭാഷകന്‍റെ സഹായം തേടുക
വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട ഏത് പേപ്പര്‍ ഒപ്പിടുന്ന സമയത്തും നിയമോപദേശകന്‍റെ സഹായം തേടാം. കരാർ ഒപ്പിടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ വായിച്ചു കേള്‍ക്കണം. ആത്യന്തികമായി, ഇത് നിങ്ങളുടെ പണമാണ്, ഒരു വ്യക്തി എന്ന നിലയിൽ, ഒരു ബിൽഡറിൽ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനുള്ള കഴിവിനെക്കുറിച്ചും ബോധമുള്ളവരായിരിക്കണം. ഇന്ത്യയിൽ, മിക്കവാറും എല്ലാ വിൽപ്പന കരാറുകളും വാങ്ങുന്നയാളെയല്ല, ഡെവലപ്പറെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നാണ് യാഥാര്‍ഥ്യം.
ഇഎംഐ എന്ന കടമ്പ
ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ഇഎംഐ അടവുകളുടെ തുടക്കം ലളിതമാണ്. സമ്പാദ്യത്തിന്റെ 10% മുൻകൂറായി അടയ്ക്കുക, ബാങ്ക് 90% വഹിക്കും, 12 മാസത്തിനുള്ളിൽ വീട് തയ്യാറാകുന്നതുവരെ നിർമ്മാതാവ് EMI-കൾ അടയ്ക്കുന്നു. എന്നാല്‍ പ്രോജക്റ്റ് പൂർത്തീകരിക്കാൻ വൈകിയാലാണ് പ്രശ്നങ്ങളുടെ തുടക്കം. കാലാവസ്ഥ മൂലം നിര്‍മാണം വൈകുക,സര്‍ക്കാര്‍ നടപടിക്രമങ്ങള്‍,വിതരണപ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാകും വീടുകള്‍ കൈമാറുന്നത് വൈകിപ്പിക്കുക. ഇവിടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിയുക.വാടക്ക് താമസിക്കുന്നവരാണെങ്കില്‍ അവിടെയും പണം കൊടുക്കണം,ഇഎംഐക്കും പണം കൊടുക്കേണ്ടിവരും.ഈ അവസ്ഥയാകട്ടെ വര്‍ഷങ്ങളോളം തുടരുകയും ചെയ്യും. എന്ന് കിട്ടുമെന്നറിയാത്ത ഒരു വീടിന് വേണ്ടി ഇഎംഐ അടക്കേണ്ടിവരികയും ചെയ്യുന്നു.ബില്‍ഡര്‍ പറ്റിച്ചുപോയാല്‍ വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്ക് പുറമെ കേസിന്‍റെ ചെലവുകളും കൂടി വഹിക്കേണ്ടിവരും.
താമസിയാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അടിസ്ഥാന ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ട അവസ്ഥ വരും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് പോലും നിര്‍ത്തേണ്ടിവരും. പുതിയ ഫോണോ ലാപ്‌ടോപ്പോ എന്തിന് വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്യും.ഈ കടത്തിന്‍റെ ബാധ്യത തീര്‍ക്കാനായി സുഹൃത്തുക്കളില്‍ നിന്നും മറ്റ് പല സ്വകാര്യ ബാങ്ക് സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങി അത്തരം തട്ടിപ്പുകളിലും വീഴേണ്ടി വരും.ജീവിതകാലം മുഴുവൻ കടബാധ്യതയിൽ അകപ്പെട്ടുപോകാനും ഇത് കാരണമാകും. അതുകൊണ്ട് വളരെയധികം ചിന്തിച്ചും ആലോചിച്ചും വേണം നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങാനെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Adjust Story Font
16

