Quantcast

പരിപ്പ്, പപ്പടം, പായസം..പ്രോട്ടീൻ, കാത്സ്യം, മിനറൽസ്; പോഷകഗുണം അറിഞ്ഞ് കഴിക്കാം ഓണസദ്യ

ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു സദ്യയിൽ നിന്ന് തന്നെ ലഭിക്കും.

MediaOne Logo

Web Desk

  • Published:

    27 Aug 2023 12:38 PM GMT

പരിപ്പ്, പപ്പടം, പായസം..പ്രോട്ടീൻ, കാത്സ്യം, മിനറൽസ്; പോഷകഗുണം അറിഞ്ഞ് കഴിക്കാം ഓണസദ്യ
X

സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാനാവില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും ആരോഗ്യത്തിന് ഗുണകരവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു സദ്യയിൽ നിന്ന് തന്നെ ലഭിക്കും. കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാർ, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങള്‍ എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ. പച്ചക്കറികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണ് ഓണസദ്യ. ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ് പച്ചക്കറികള്‍. സദ്യയിലെ ഓരോ കറിക്കൂട്ടും അതിന്റേതായ പ്രാധാന്യം ഉണ്ട്.

ഇഞ്ചിക്കറി ഇല്ലാത്ത സദ്യ സങ്കൽപ്പിക്കാനാവില്ല. നൂറ് കറികൾക്ക് തുല്യമാണ് ഇഞ്ചിക്കറിയെന്നാണ് പൊതുവെ പറയുന്നത്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളേയും ശരീരത്തിലേക്ക് കടത്തിവിടാതെയും സംരക്ഷിക്കും.


നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ എന്നിവയാണ് സദ്യയിൽ പ്രധാനം. നാരങ്ങയിലും മാങ്ങയിലുമുള്ള വിറ്റമിന്‍ സി, ഫ്‌ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഗുണകരമാണ്. നാരങ്ങിലെ സിട്രിക് ആസിഡ് ദഹനത്തിന് സഹായിക്കുന്നു. ധാതുലവണങ്ങള്‍ വിറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

വെള്ളരിയ്ക്കയും പാവയ്ക്കയും കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ് കിച്ചടി. ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാൻ സഹായിക്കുന്ന പച്ചക്കറിയാണ് വെള്ളരി. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റകരോട്ടീന്‍, കാത്സ്യം എന്നിവയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്.


പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്താണ് പച്ചടി തയ്യാറാക്കുന്നത്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് പരിഹരിക്കാൻ നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. അല്‍ഫാകരോട്ടീന്‍, ബീറ്റാകരോട്ടീന്‍, നാരുകള്‍, വിറ്റമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന വിറ്റമിൻ എയും ഇതിൽ അടങ്ങിയിട്ടുണ്ട്.

ചേനത്തണ്ടും ചെറുപയറുമാണ് ഓണസദ്യയിൽ തോരനായി ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ, കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ വെച്ചും തോരന്‍ തയ്യാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്‌ലമേറ്ററി ഏജന്റ് ആയി പ്രവര്‍ത്തിക്കും.


പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്നതിനാൽ തന്നെ അവിയലിൽ വിറ്റമിനുകളും മിനറലുകളും ധാരാണം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹയിക്കുന്നു.

ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അമിനോആസിഡുകളും ഗാമാ - അമിനോബ്യൂട്ടിറിക് ആസിഡും ഇതിലുണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയും. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറില്‍ ഗ്ലൈസീമിക് സൂചകം കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ജീവിത ശൈലീരോഗം ഉള്ളവര്‍ക്കും ഗുണം ചെയ്യും. ഫൈറ്റോന്യൂട്രിയന്‍സിനാല്‍ സമ്പന്നമാണ് തവിട് കളയാത്ത അരി.


പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതില്‍ ഇരുമ്പും പൊട്ടാസ്യവും ധാരാളമായുണ്ട്. പരിപ്പിലുള്ള പൊട്ടാസ്യം, കാത്‍സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദം നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മത്തിനും നല്ലതാണ്. നെയ്യില്‍ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കാഴ്ച്ചയ്ക്കും വിറ്റമാന്‍ ഇ ചര്‍മ്മത്തിനും വിറ്റാമിന്‍ ഡി കാത്സ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്.


സ്വാദ് മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന വിഭവമാണ് സാമ്പാർ. പലതരം പച്ചക്കറികളുടെ ഒരു ചേരുവയായതിനാൽ വ്യത്യസ്തമായ ഗുണഗണങ്ങളാണ് സാമ്പാറിനുള്ളത്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം അകറ്റാൻ ഇത് സഹായിക്കും. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ടുതന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍.


വിവിധതരത്തിലുള്ള പായസങ്ങൾ തയ്യാറാക്കാറുണ്ട്. അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയവയാണ് ഇതിൽ പ്രധാനികൾ. ശർക്കര കൊണ്ട് ഉണ്ടാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് പാൽപ്പായസത്തിനൊപ്പം ബോളിയും ഉപയോഗിക്കാറുണ്ട്.

ദഹനത്തിനും ഔഷധത്തിനും ഏറെ പ്രാധാന്യമുള്ളവയാണ് ഇവ ഓരോന്നും. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയ മോര് ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു. രസവും ദഹന പ്രശ്നങ്ങൾക്ക് ഉത്തമമാണ്. സദ്യ ഉണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനും ഒക്കെ സഹായിക്കുന്നതാണ് ചുക്കുവെള്ളം.

TAGS :

Next Story