2025ൽ ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ പാചകക്കുറിപ്പ്; എന്താണ് ഈ 'മാരി മീ ചിക്കൻ'
2016ലാണ് മാരി മീ ചിക്കൻ ഉണ്ടായത്

ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങളീ വെറൈറ്റി ചിക്കൻ വീഡിയോ കണ്ടിട്ടുണ്ടായിരിക്കും. കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഈ ചിക്കൻ വിഭവത്തിന്‍റെ പേര് തന്നെ വ്യത്യസ്തമാണ്. 'മാരി മീ ചിക്കൻ' എന്ന ഡിഷ് 2025ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞെ പാചകക്കുറിപ്പുകളിൽ ഒന്നാണ്. വിചിത്രമായ പേരും രുചിയും തന്നെയാണ് ഇതിനെ മറ്റ് ചിക്കൻ വിഭവങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഡേറ്റ് നൈറ്റുകൾ മുതൽ ഫാമിലി ഡിന്നറുകളിൽ വരെ ഇപ്പോൾ മാരി മീ ചിക്കനാണ് താരം.
മാരി മീ ചിക്കന്‍റെ ഉണ്ടായത് എങ്ങനെ
2016ലാണ് മാരി മീ ചിക്കൻ ഉണ്ടായത്. ഡെലിഷ് എന്ന മാഗസിനിലെ എഡിറ്ററായിരുന്ന ലിൻഡ്സെ ഫൺസ്റ്റൺ, വെയിലത്ത് ഉണക്കിയ തക്കാളി, വെളുത്തുള്ളി, ഹെവി ക്രീം, പാർമെസൻ എന്നിവ ഉൾപ്പെടുത്തി ടസ്കൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പാചകക്കുറിപ്പ് പരീക്ഷിച്ചു. ആ വീഡിയോ ഷൂട്ടിനിടെ വിഭവം രുചിച്ചുനോക്കിയ പ്രൊഡ്യൂസര്‍ക്ക് അത് ഇഷ്ടപ്പെടുകയും ' ആ ചിക്കന് വേണ്ടി ഞാൻ നിന്നെ വിവാഹം കഴിക്കും' എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് മാരി മീ ചിക്കൻ എന്ന പേര് വരുന്നത്. പുതിയ ഡിഷിന്‍റെ രുചിയും ആകര്‍ഷകമായ പേരും വളരെ പെട്ടെന്ന് തന്നെ മാരി മീ ചിക്കനെ ഹിറ്റാക്കി.
കാലക്രമേണ ഫുഡ് വ്ലോഗര്‍മാരും സോഷ്യൽമീഡിയ ഇൻഫ്ലുവൻസര്‍മാരും ഈ ചിക്കൻ വിഭവത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ജനപ്രീതി വര്‍ധിക്കുകയും ചെയ്തു. പലപ്പോഴും മാരി മീയുടെ മുന്‍ഗാമിയായ ‘എന്‍ഗേജ്‌മെന്റ് ചിക്കനു’മായും താരതമ്യപ്പെടുത്താറുണ്ട്. എന്നാല്‍ എന്‍ഗേജ്‌മെന്റ് ചിക്കനേക്കാള്‍ ക്രീമിയാണ് മാരി മീ ചിക്കൻ.
ബ്രൗണ്‍ നിറത്തില്‍ വറുത്തെടുത്ത ചിക്കന്‍ ബ്രസ്റ്റുകള്‍ ക്രീം, ചിക്കന്‍ ബ്രോത്ത്, വെളുത്തുള്ളി, വെയിലത്ത് ഉണങ്ങിയ തക്കാളി, പാമസാന്‍, ചീസ് എന്നിവയാണ് മാരി മീ ചിക്കന്‍റെ പ്രധാന ചേരുവകൾ. ഇവയെല്ലാം കൂടു ചേരുമ്പോഴുള്ള സോസിൽ ചിക്കൻ വേവിക്കപ്പെടുന്നു. തൈം, ഒറിഗാനോ, ബേസിൽ തുടങ്ങിയ ഇലകളുടെ സാന്നിധ്യവും വിഭവത്തിന് രുചി കൂട്ടുന്നു. വൈറ്റ് വൈന്‍ അല്ലെങ്കില്‍ ഡിഷോണ്‍ മസ്റ്റാര്‍ഡ് എന്നിവ കൂടി ഇതിനൊപ്പം ചേരുന്നുണ്ട്. ചോറിനൊപ്പമോ പാസ്തക്കൊപ്പമോ മാരി മീ ചിക്കൻ കഴിക്കാം.
Adjust Story Font
16

