എന്തുകൊണ്ടാണ് ഹോട്ടൽ മുറികളിൽ ക്ലോക്കുകൾ വെക്കാത്തത്? വിചിത്രമായ ആ കാരണം ഇതാണ്
ടിവി, ടെലിഫോൺ, മിനി ഫ്രിഡ്ജ്, കെറ്റിൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളും മുറിയിലുണ്ടാകും, എന്നാൽ മിക്കയിടത്തും ഒരു ക്ലോക്ക് മാത്രം കാണാൻ കഴിയില്ല

ഹോട്ടലുകളിൽ താമസിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ഈയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ടിവി, ടെലിഫോൺ, മിനി ഫ്രിഡ്ജ്, കെറ്റിൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ആ മുറിയിലുണ്ടാകും, എന്നാൽ മിക്കയിടത്തും ചുമരുകളിൽ ഒരു ക്ലോക്ക് മാത്രം കാണാൻ കഴിയില്ല. ഇതൊരു യാദൃശ്ചികതയല്ല, മറിച്ച് ഹോട്ടൽ വ്യവസായത്തിലെ വളരെ കൃത്യമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. കേവലമൊരു ഇന്റീരിയർ ഡിസൈൻ എന്നതിലുപരി ഇതിന് പിന്നിലെ കൗതുകകരമായ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സമയത്തിന്റെ സമ്മർദമില്ലാത്ത വിശ്രമം
ഹോസ്പിറ്റാലിറ്റി മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ, അതിഥികൾക്ക് ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്നും സമയത്തിന്റെ സമ്മർദത്തിൽ നിന്നും പൂർണമായി മാറിനിൽക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. എപ്പോഴും കണ്ണിൽപ്പെടുന്ന ഒരു ക്ലോക്ക് സമയത്തെക്കുറിച്ച് നമ്മെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ ഹോട്ടലുകൾ പ്രധാനമായും നൽകാൻ ആഗ്രഹിക്കുന്നത് വിശ്രമവും സമാധാനവുമുള്ള ഒരു അനുഭവമാണ്. അതിഥികൾ സമയം നോക്കി ചെക്ക് ഔട്ടിനെക്കുറിച്ചോ മീറ്റിങ്ങുകളെക്കുറിച്ചോ വേവലാതിപ്പെടാതെ അവരുടെ താമസം പൂർണ്ണമായും ആസ്വദിക്കണം എന്നാണ് ഹോട്ടലുകൾ ലക്ഷ്യമിടുന്നത്.
സ്മാർട്ട് ഉപകരണങ്ങളുടെ സാന്നിധ്യം
ഇന്ന് മിക്കവാറും എല്ലാവരുടെയും കൈകളിൽ സ്മാർട്ട്‌ഫോണുകളോ സ്മാർട്ട് വാച്ചുകളോ ലാപ്‌ടോപ്പുകളോ ഉണ്ട്. അതിനാൽ തന്നെ സമയം നോക്കാൻ മുറിയിൽ പ്രത്യേകം ക്ലോക്കിന്റെ ആവശ്യം ഇന്നില്ല. ക്ലോക്ക് തൂക്കുന്നതിന് പകരം ആ ഭിത്തി മനോഹരമായ പെയിന്റിങ്ങുകൾക്കോ മറ്റ് അലങ്കാരങ്ങൾക്കോ വേണ്ടി ഉപയോഗിക്കാനാണ് പല ഹോട്ടലുകളും താല്പര്യപ്പെടുന്നത്. എന്നാൽ ഇതിനർഥം ഹോട്ടലുകൾ സമയം മറച്ചുവെക്കുന്നു എന്നല്ല. ടിവി, ടെലിഫോൺ, വേക്ക്-അപ്പ് കോൾ സേവനങ്ങൾ എന്നിവയിലൂടെ സമയം അറിയാൻ അതിഥികൾക്ക് സാധിക്കും.
മിനിമലിസ്റ്റ് ഇന്റീരിയർ ഡിസൈൻ
മുറിയുടെ ഇന്റീരിയർ ഡിസൈൻ ഇതിലെ മറ്റൊരു നിർണായക ഘടകമാണ്. ആഡംബര ഹോട്ടലുകൾ പലപ്പോഴും അവരുടെ മുറികൾക്ക് ഒരു മിനിമലിസ്റ്റ്, പ്രീമിയം ലുക്ക് നൽകാനാണ് ശ്രമിക്കുന്നത്. സാധനങ്ങൾ പരമാവധി കുറയ്ക്കുന്നത് മുറിക്ക് കൂടുതൽ വിശാലതയും ശാന്തതയും ആകർഷണീയതയും നൽകും. ഇതിനിടയിൽ ഒരു സാധാരണ ക്ലോക്ക് പലപ്പോഴും അവരുടെ ഡിസൈൻ സങ്കൽപ്പങ്ങളുമായി ഒത്തുപോകണമെന്നില്ല.
എല്ലാ ഹോട്ടലുകളും ഇതേ രീതി പിന്തുടരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിസിനസ് ഹോട്ടലുകൾ, എയർപോർട്ട് ഹോട്ടലുകൾ, കോൺഫറൻസ് പ്രോപ്പർട്ടികൾ എന്നിവിടങ്ങളിൽ നിങ്ങൾക്ക് അലാറം ക്ലോക്കുകളോ ഭിത്തി ഘടികാരങ്ങളോ കാണാൻ കഴിഞ്ഞേക്കാം. കാരണം ഇത്തരം ഹോട്ടലുകളിൽ താമസിക്കുന്ന അതിഥികൾക്ക് കൃത്യമായ സമയക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും പൊതുവെ വിനോദസഞ്ചാരികളെ ലക്ഷ്യം വെക്കുന്ന റിസോർട്ടുകളിലും ഹോട്ടലുകളിലും ക്ലോക്കുകൾ ഒഴിവാക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
Adjust Story Font
16

