Quantcast

''ആ പരാമർശം ട്രാന്‍സ്ജെന്‍ഡറുകളെ അവഹേളിക്കുന്നത്''; 21 വർഷം മുൻപ് എഴുതിയ കവിത പിൻവലിച്ച് എംഎസ് ബനേഷ്

രണ്ടു പതിറ്റാണ്ടുമുന്‍പ് ട്രാൻസ്‌ജെൻഡർ എന്ന പദത്തിന്റെ വിശാലമായ മാനവികാർത്ഥം കേരളത്തിൽ പലർക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിൻറെ ഗഹനത അറിയാൻ കഴിഞ്ഞിരുന്നില്ല-ഫേസ്ബുക്ക് കുറിപ്പിൽ കവി എംഎസ് ബനേഷ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-21 09:12:45.0

Published:

20 Sep 2021 6:57 PM GMT

ആ പരാമർശം ട്രാന്‍സ്ജെന്‍ഡറുകളെ അവഹേളിക്കുന്നത്; 21 വർഷം മുൻപ് എഴുതിയ കവിത പിൻവലിച്ച് എംഎസ് ബനേഷ്
X

വർഷങ്ങൾക്ക് മുൻപ് എഴുതിയ കവിതയിൽ ട്രാന്‍സ്ജെന്‍ഡറുകളെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശത്തിന് മാപ്പുപറഞ്ഞ് കവിയും മാധ്യമപ്രവർത്തകനുമായ എംഎസ് ബനേഷ്. പരാമർശത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കവിത പിൻവലിക്കുന്നതായും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. 21 വർഷം മുൻപ് 'മാധ്യമം' ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'കൊലപാതകം: ചില നിരീക്ഷണങ്ങൾ' എന്ന കവിതയിലെ 'ശിഖണ്ഡി' പ്രയോഗത്തിനാണ് ബനേഷ് ക്ഷമാപണം നടത്തിയത്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ബനേഷിന്റെ ആദ്യ കവിതാസമാഹാരമായ 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു' എന്ന പുസ്തകത്തിൽ ഈ കവിത ഉൾപ്പെട്ടിട്ടുണ്ട്. പുസ്തകത്തിൽനിന്നും കവിത പിൻവലിക്കുന്നതായും പുസ്തകം പുനപ്രസിദ്ധീകരിക്കുമ്പോഴോ സമ്പൂർണ സമാഹാരം പുറത്തിറക്കുമ്പോഴോ ഈ കവിത ഉപയോഗിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടുമുന്‍പ് ട്രാൻസ്‌ജെൻഡർ എന്ന പദത്തിന്റെ വിശാലമായ മാനവികാർത്ഥം കേരളത്തിൽ പലർക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിൻറെ ഗഹനത അറിയാൻ കഴിഞ്ഞിരുന്നില്ല. നിരന്തരമായി രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്ന ഒരു വേളയിലായിരുന്നു ആ കവിത ഞാനെഴുതിയത്. നാം ഒരു നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡിയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ആ കവിത അവസാനിപ്പിച്ചത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങൾ പരിഹാസത്തിൻറെ സംസ്‌കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പിൽക്കാലത്ത് നാം തിരിച്ചറിഞ്ഞു-ഫേസ്ബുക്ക് കുറിപ്പിൽ ബനേഷ് പറയുന്നു.

ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരൻ. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിൻവലിക്കുക തന്നെയാണ്. അൽപംമുന്‍പ് കേരളത്തിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് മറ്റൊരു രാഷ്ട്രീയ നേതാവിനെ ശിഖണ്ഡി എന്ന് വിളിച്ചിരിക്കുന്നു. ആ വിളിയിൽ അദ്ദേഹം സ്വയമറിഞ്ഞോ അറിയാതെ അപമാനിക്കുന്നത് വലിയൊരു മനുഷ്യസമൂഹത്തെയാണെന്നും കുറിപ്പിൽ എംഎസ് ബനേഷ് കൂട്ടിച്ചേർത്തു.

മുഴുവൻ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

'ശിഖണ്ഡി' എന്ന പ്രയോഗം, ക്ഷമാപണത്തോടെ ആ കവിത ഞാൻ പിൻവലിക്കുന്നു.

'കൊലപാതകം: ചില നിരീക്ഷണങ്ങൾ' എന്ന പേരിൽ 21 വർഷം മുമ്പ് മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കവിത ഞാൻ പിൻവലിക്കുകയാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എൻറെ ആദ്യ കവിതാസമാഹാരമായ 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു' എന്ന പുസ്തകത്തിൽ നിന്നും ആ കവിത പിൻവലിക്കുന്നു.

രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പ് ട്രാൻസ് ജെൻഡർ എന്ന പദത്തിൻറെ വിശാലമായ മാനവികാർത്ഥം കേരളത്തിൽ പലർക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിൻറെ ഗഹനത അറിയാൻ കഴിഞ്ഞിരുന്നില്ല. നിരന്തരമായി രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്ന ഒരു വേളയിലായിരുന്നു ആ കവിത ഞാനെഴുതിയത്. നാം ഒരു നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡിയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ആ കവിത അവസാനിപ്പിച്ചത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങൾ, പരിഹാസത്തിൻറെ സംസ്‌കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പിൽക്കാലത്ത് നാം തിരിച്ചറിഞ്ഞു.

കഴിഞ്ഞ വർഷം ട്രാന്‍സ് ജെൻഡർ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടൻചായ കുടിച്ചിരിക്കെ, അനന്യ എൻറെ കവിതാസമാഹാരത്തിലെ ഈ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിന നോട്ടമുണ്ട്. അന്നാണ് ഈ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടുപദങ്ങൾ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാൽ ആ കവിതയെ നിലനിർത്താൻ കഴിയുമോയെന്ന് ഞാൻ പിന്നീട് പല സന്ദർഭങ്ങളിൽ ആലോചിച്ചുനോക്കി.

ഇപ്പോൾ മനസ്സിലാവുന്നു ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരൻ. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിൻവലിക്കുക തന്നെയാണ്. അല്പംമുമ്പ് കേരളത്തിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് മറ്റൊരു രാഷ്ട്രീയ നേതാവിനെ ശിഖണ്ഡി എന്ന് വിളിച്ചിരിക്കുന്നു. ആ വിളിയിൽ അദ്ദേഹം സ്വയമറിഞ്ഞോ അറിയാതെ അപമാനിക്കുന്നത് ആ വാക്ക് ഇക്കാലമത്രയും ഒരു വലിയ മനുഷ്യസമൂഹത്തോട് പുലർത്തിയിരുന്ന മുഴുവൻ അപമാനമാണ്.

ഭാവിയിൽ 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു' പുനപ്രസിദ്ധീകരിക്കുമ്പോഴോ, പൂർണ്ണസമാഹാരം ആകുമ്പോഴോ ഈ കവിത ഉൾപ്പെടുത്തില്ല. ഇപ്പോൾ ഇതോടൊപ്പം ആ കവിത താഴെ ഒരു ദിവസത്തേയ്ക്ക് മാത്രം നൽകുന്നു. എന്തുകൊണ്ട് ഈ ഇല്ലാതാക്കൽ എന്ന് വായനക്കാർക്ക് മനസ്സിലാക്കാൻ മാത്രം. നാളെ ഇതേനേരം എഡിറ്റ് ചെയ്ത് ഈ കവിത കളയും.

എഴുതിയ ഓരോ കവിതയും അയയ്ക്കുന്നതിന് മുമ്പ് മാസങ്ങളോളമോ വർഷങ്ങളോളമോ കയ്യിൽ വച്ച് പലതവണ ആറ്റിക്കുറുക്കലുകൾക്കും വിസ്തൃതമാക്കലുകൾക്കും വിധേയമാക്കി അത്രമേൽ ബോധ്യംവരുമ്പോളേ ഇതുവരെയും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടുള്ളൂ. എങ്കിലും എത്രവലിയ ബോധ്യത്തേക്കാളും അപ്പുറമാണ്, നാം പോലുമറിയാതെ വാക്കുകൾക്ക്, പില്ക്കാലം നൽകുന്ന അധികമാനങ്ങൾ. അപ്പോൾ ഭാവിയുടെ ചോദ്യംചെയ്യലിൽ പഴയ പദങ്ങൾ പ്രതിസ്ഥാനത്ത് നിൽക്കും. ഈ കവിതയെ നിഷ്‌കരുണം വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. നാളെ വൈകീട്ട് 6ന് എന്നെന്നേക്കുമായി...

--------------------------------------------------

കൊലപാതകം: ചില നിരീക്ഷണങ്ങൾ

കൊല നടന്നത്

രാത്രിയോ പകലോ?

ഉച്ചയ്ക്കോ പ്രഭാതത്തിലോ?

ഉറപ്പ്, ത്രിസന്ധ്യയിലല്ല.

തീവണ്ടിമുറിയിലോ അടുക്കളയിലോ?

ക്ലാസ്സിലോ പള്ളിയിലോ?

നിസ്സംശയം, വാതിൽപ്പടിയിലല്ല.

കൊന്നവൻ

ഘോരം ഒരു മൃഗം?

പച്ച ഒരു മനുഷ്യൻ?

തീർച്ച, നരസിംഹമല്ല.

കൊല വന്നത്

കത്തിയിൽ നിന്നാവാം;

വെടിയുണ്ടയിൽ നിന്നും.

ഒരു തൂണിൽ നിന്നല്ലേയല്ല.

കൊല്ലപ്പെട്ടവൻ

ഞാനാകാം:

എന്നിലെ അല്പം ഹിരണ്യൻ.

നീയാകാം.

നിന്നിലെ അല്പം കശ്യപു.

കൊല്ലപ്പെടാത്തവനോ

ഹിരണ്യകശ്യപുവും.

മരിക്കാത്തവനെ കൊന്ന്

കൊല്ലപ്പെടാത്തവനെ മരിപ്പിച്ച്

ആത്മഹത്യ ചെയ്യാത്തവന് സയനൈഡായി

അവൻറെ തുടർച്ചകൾ.

കൊല്ലുന്നില്ല ആരും ആരെയും.

മരിക്കുന്നുമില്ല ആരും ഒരിക്കലും.

കാരണം:

നമ്മിലുണ്ട് ഒരല്പം പ്രഹ്‌ളാദൻ.

അല്പം ഹിരണ്യകശ്യപു.

നാമോ ഒരു നപുംസകം.

താളില്ലാത്ത പുസ്തകം.

ഒരു ഭീഷ്മരെയും

വീഴ്ത്താനാവാത്ത

ശിഖണ്ഡി.

(മാധ്യമം ആഴ്ചപ്പതിപ്പ്, മേയ്, 1999)

TAGS :

Next Story