Quantcast

ശാരീരിക അകലത്തിന്‍റെ കാലത്ത് വായന നമ്മെ മാനസികമായി ഐക്യപ്പെടുത്തുന്നു: കെ പി രാമനുണ്ണി

കോവിഡ് കാലത്തെ വായനാദിനത്തെ കുറിച്ചും ഓണ്‍ലൈന്‍ വായനയെകുറിച്ചും എല്ലാമുള്ള കാഴ്ചപ്പാട് പങ്കുവെക്കുകയാണ് അദ്ദേഹം

MediaOne Logo

Web Desk

  • Published:

    19 Jun 2021 8:17 AM GMT

ശാരീരിക അകലത്തിന്‍റെ  കാലത്ത് വായന നമ്മെ മാനസികമായി ഐക്യപ്പെടുത്തുന്നു: കെ പി രാമനുണ്ണി
X

വായനക്കാര്‍ക്ക് പരിചിതമായ എഴുത്തുകാരനാണ് കെ പി രാമനുണ്ണി. കോവിഡ് കാലത്തെ വായനാദിനത്തെ കുറിച്ചും ഓണ്‍ലൈന്‍ വായനയെകുറിച്ചും എല്ലാമുള്ള കാഴ്ചപ്പാട് പങ്കുവെക്കുകയാണ് അദ്ദേഹം

ശാരീരികമായി അകലം പുലര്‍ത്താന്‍ ഈ കോവിഡ് മഹാമാരി നമ്മളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അങ്ങനെ അകലം പുലര്‍ത്തുമ്പോള്‍ നമ്മള്‍ മാനസികമായി അകലാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വായന, പ്രത്യേകിച്ച് സാഹിത്യ വായന നമ്മളെ മാനസികമായി ഐക്യപ്പെടുത്തും. അതുകൊണ്ടുതന്നെ കോവിഡ് കാലത്ത് വായനയുടെ ഉത്സവങ്ങള്‍ പൂത്തുലയുന്നുണ്ട്.

കോവിഡിനെ അതിജീവിച്ചുകൊണ്ട് മനുഷ്യത്വം നിലനിര്‍ത്താന്‍ വേണ്ടി, പരസ്പരം ബന്ധപ്പെടാന്‍ വേണ്ടി, സഹജീവികളുടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി വായന നമ്മളെ പ്രാപ്തരാക്കും. പല എഴുത്തുകാരും തിരക്കിലാണ്. പല സ്കൂളുകളിലും മുഖ്യാതിഥികള്‍ അവരാണ് ഇന്ന്. എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണെന്ന് മാത്രം. എന്നാല്‍ പോലും അത് എഴുത്തുകാരെ ഊര്‍ജസ്വലമായി നിര്‍ത്തുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാര്‍മേഘങ്ങള്‍ക്കിടയില്‍ നമ്മെ ഉണര്‍ത്തുന്നുണ്ട് ഇത്തരം ചര്‍ച്ചകള്‍.

സ്മാര്‍ട്ട് ഫോണുകളുടെ കാലഘട്ടത്തില്‍ വായന തിരിച്ചു കൊണ്ടുവന്നോ കോവിഡ് കാലം

പുതുതലമുറ ആയാലും ഏതുതലമുറ ആയാലും വായനക്കാരന്‍ വായിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് കോവിഡ് കാലത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്വല്‍ മീഡിയയില്‍ കൂടുതല്‍ നേരമിരിക്കുന്ന ഏതൊരാള്‍ക്കും ഒരു മടുപ്പും ഒരു ബോറടിയുമുണ്ടാകും. അവരെത്തുന്നതും വായനയിലേക്കാണ്.

വ്യക്തിപരമായി ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്റെ പുസ്തകങ്ങള്‍ വായിച്ചവര്‍ വീണ്ടും വായിച്ച്, ആദ്യ വായനയില്‍ അതിന് കാണാത്ത മാനങ്ങള്‍ പുതിയ മാനങ്ങള്‍ കണ്ടെത്തി എന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നു. സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകള്‍ കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. അമേരിക്കയിലും ലണ്ടനിലും മറ്റും ഉള്ളവര്‍, എന്‍റെ പുസ്തകങ്ങളെ കുറിച്ചൊന്നും അറിയാത്തവര്‍ പുസ്തകത്തെ കുറിച്ച് അന്വേഷിക്കുന്നു. ഇതെല്ലാം ആവേശകരമായ കാര്യമാണ്. പുതിയ തലമുറയും വായനയിലേക്ക് വരുന്നുണ്ട്. നമ്മുടെ മനസ്സ് ശൂന്യമാകുന്നതില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന മനുഷ്യമസ്തിക്ഷത്തിന്‍റെ സര്‍ഗാത്മകമായ പ്രവര്‍ത്തനമാണ് വായന.

പൊന്നാനി എങ്ങനെയാണ് വായനയെ സ്വാധീനിച്ചത്?

പൊന്നാനിയില്‍ പ്രശസ്തമായ കൃഷ്ണപ്പണിക്കര്‍ വായനശാലയുണ്ട്. ഇടശേരിയുടെയും ഉറൂബിന്‍റെയും ഒക്കെ അഭ്യാസകളരിയായിരുന്നു അത്. വായിക്കാന്‍ മാത്രമല്ല അവിടെ എഴുത്തുകാര്‍ എത്തുന്നത്. അവിടെ അവരുടെ കൃതിയെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.. നമ്മുടെ സര്‍ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്ന വിനിമയങ്ങള്‍ അവിടെ നടന്നിരുന്നു. പൊന്നാനി തട്ടകം എന്നാല്‍ അവിടെ എല്ലാ എഴുത്തുകാരും എത്തുമായിരുന്നു. അവരെയെല്ലാം വായിച്ചുവളര്‍ന്ന കുട്ടിക്കാലം തന്നെയായിരുന്നു എന്‍റേത്. ഇതുതന്നെയാണ് കേരളം മുഴുവനും ഉള്ള ഓരോരുത്തരുടെയും അവസ്ഥ. അതുകൊണ്ടാണ് വര്‍ഗീയ ശക്തികള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തില്‍ വേരുപിടിക്കാന്‍ പറ്റാത്തതിന്‍റെ കാരണവും നമ്മുടെ ഈ സാഹിത്യപ്രദാനമായ സംസ്കാരമാണ്.

ഓണ്‍ലൈന്‍ വായന

എല്ലാ മതങ്ങളും വായനയ്ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഭാഷയ്ക്ക് രണ്ട് വകഭേദങ്ങളാണുള്ളത്. വരമൊഴിയും വാമൊഴിയും. ഈ വരമൊഴിയിലേക്കാണ് സത്യത്തില്‍ വായനയെ പരിപോഷിപ്പിക്കുന്നത്. ഈ വരമൊഴിയുടെ പ്രാധാന്യം എല്ലാ മതവിശ്വാസങ്ങളിലുമുണ്ട്. കാരണം മനുഷ്യനെ മനുഷ്യനാക്കുന്നത് വായനയാണ്. നീ നിന്നെ സൃഷ്ടിച്ച നാഥന്‍റെ നാമത്തില്‍ വായിക്കുക എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് പോലും. ഹൈന്ദവ വിശ്വാസത്തിലാകട്ടെ മനുഷ്യഭാഷയുടെ തുടക്കമായിട്ടാണ് ഓംകാരത്തെ കാണുന്നത്. വചനം രൂപമാകുന്നതുമായി ബന്ധപ്പെട്ടുള്ള സാദൃശ്യങ്ങളാണ് ക്രിസ്തീയ വിശ്വാസത്തിലുള്ളത്. മതങ്ങള്‍ വായനയ്ക്ക് നല്‍കിയ പ്രാധാന്യത്തെ ഇന്ന് ശാസ്ത്രവും വകവെക്കുന്നു എന്നുവേണം പറയാന്‍.

ഗ്രന്ഥശാലാ പ്രസ്ഥാനക്കാരനായിരുന്ന പി എന്‍ പണിക്കരുടെ സ്മരണ നിലനിര്‍ത്തുന്ന ഒരു ദിവസം എന്നതിനപ്പുറം മലയാളി തങ്ങളുടെ ഒരു സ്വന്തം ദിനമായി വായനാദിനത്തെ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്‍റെ സാഹിത്യപ്രദാനമായ സംസ്കാരമാണ് അതിന് കാരണം. തുഞ്ചത്തെഴുത്തച്ഛന്‍റെ അധ്യാത്മിക രാമായണം ഒരു സാഹിത്യകൃതി മാത്രമാണ്. അത് വേദഗ്രന്ഥമൊന്നുമല്ല. പക്ഷേ എന്നിട്ടും ഒരു സാഹിത്യകൃതി വിളക്കുവെച്ച് വായിക്കുന്ന സമ്പ്രദായം കേരളത്തില്‍ മാത്രമേയുള്ളൂ.

ഓണ്‍ലൈന്‍ വായന നടക്കുന്നുണ്ടെങ്കില്‍ കൂടി വായന സുഖം നല്‍കുന്നത് അത് പുസ്തകം കയ്യില്‍ പിടിച്ച് വായിക്കുമ്പോള്‍ തന്നെയാണ്. പുസ്തകം തൊടുക, മണക്കുക അതൊക്കെയാണ് ഇപ്പോഴും ഇഷ്ടം. പക്ഷേ, ഓണ്‍ലൈന്‍ വായനയെ ഇനിയുള്ള കാലം നമുക്ക് അകറ്റി നിര്‍ത്താന്‍ ആവുകയില്ല. ഫോണ്ടിന്റെ വലുപ്പം കൂട്ടാം പോലെയുള്ള പല സൌകര്യങ്ങളും ഡിജിറ്റല്‍ വായനയ്ക്കുണ്ട്. പക്ഷേ ഓണ്‍ലൈന്‍ വായനയില്‍ ഒരു തെരഞ്ഞെടുപ്പ് വേണമെന്നുള്ളതാണ്.


TAGS :

Next Story