Quantcast

ഭ്രമിപ്പിച്ച് മമ്മൂട്ടിയും രാഹുൽ സദാശിവനും

'ഭൂതകാല’ത്തിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ, വീണ്ടുമൊരു കഥ പറയാൻ തിരഞ്ഞെടുത്തതാവട്ടെ അതിലേറെ വ്യത്യസ്തമായ ഒരിടം

MediaOne Logo

അലി കൂട്ടായി

  • Updated:

    2024-02-15 13:45:26.0

Published:

15 Feb 2024 1:38 PM GMT

ഭ്രമിപ്പിച്ച് മമ്മൂട്ടിയും രാഹുൽ സദാശിവനും
X

കണ്ടു മടുത്ത ഫ്രെയിമുകൾ നിങ്ങൾക്ക് മടുപ്പുളവാക്കുന്നുണ്ടോ? പറഞ്ഞു മടുത്ത കഥയോ, പഴയതിനെ പിന്നെയും കുപ്പിയിലാക്കി തരുമ്പോഴും അനുകരണങ്ങളെയും മടുത്ത് തുടങ്ങിയെങ്കിൽ ഭ്രമയുഗം ഞെട്ടിക്കും. ഇത് ഇതുവരെ കണ്ട കഥയോ മലയാള കൈവെച്ച മേഖലയോ അല്ല. അതിനുമപ്പുറം ഇത് മമ്മൂട്ടി എന്ന താരം ഇതുവരെ കെട്ടിയിടാത്ത ഒന്നുകൂടിയാണ്. ഭൂതകാല’ത്തിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ. വീണ്ടുമൊരു കഥ പറയാൻ തിരഞ്ഞെടുത്തതാവട്ടെ അതിലേറെ വ്യത്യസ്തമായ ഒരിടം കൂടെ മലയാളത്തിന്റെ മമ്മൂട്ടിയും.


കൊടും കാട്ടിൽ ഒറ്റപ്പെട്ട പോയ അവൻ ആ പൊളിഞ്ഞ് വീഴാറായ ആ മനയിലേക്ക് കയറുന്നു. അവിടെ അത്താഴമൊരുക്കി അവനെ സ്വീകരിക്കുന്ന മനയിലെ കാരണവർ. ഏറെ നാളുകൾക്ക് ശേഷം തന്റെ മനയിലേക്ക് ഒരു അതിഥി എത്തിയതിന്റെ സന്തോഷമായിരുന്നു ആ കരാണവർക്ക്. എന്നാൽ പിന്നീടങ്ങോട്ട് അവൻ അനുഭവിക്കേണ്ടി വരുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റാത്തതാണ്.. അത് എന്താണെന്നാണ് സിനിമ പിന്നീട് പറയുന്നത്. മറ്റൊരു മലയാള ചിത്രത്തിനോടും സമ്യപ്പെടുത്താനാവാത്ത ഒന്നാണ് രാഹുൽ സദാശിവൻ എന്ന എഴുത്തുകാരനും സംവിധായകനും ചമച്ച് വെച്ചിരിക്കുന്നത്. ഇനി ഏതെങ്കിലും സിനിമയോട് സാമ്യം തോന്നുന്നുവെങ്കിൽ ഹിന്ദി ചിത്രം തുമ്പാടുമായാണ്. കാരണം രണ്ടിന്റെയും കഥാ തന്തുവും മേക്കിങ് സ്റ്റൈലും സമാനമാണ്.


കേട്ട ഒരു കഥയെ മേക്കിങ് കൊണ്ട് ഞെട്ടിക്കുന്നിടത്താണ് രാഹുൽ സദാശിവൻ എന്ന സംവിധായകൻ ശരിക്കും അമ്പരപ്പിക്കുന്നത്. അവിടെ അയാൾ സ്വീകരിച്ചിരിക്കുന്ന സിനിമാറ്റിക് ടൂളുകളാണ് ഒരു ഫിലിം മേക്കറിന്റെ കഴിവ് വ്യക്തമാക്കുന്നത്. അതിൽ ആദ്യത്തേത് ശബ്ദത്തെ അയാൾ തന്റെ കഥപറച്ചിലിൽ ഉൾചേർത്തതാണ്. പേടിപ്പിക്കുന്നത് ശബ്ദം കൊണ്ടാണ്. സഥിരം ഹൊറർ മൂവികളുടെ ശൈലിയിൽ പെട്ടെന്ന് സിക്രീനിൽ തെളിയുന്ന ഒന്ന് സൃഷ്ടിച്ചല്ല രാഹുൽ പേടിപ്പിക്കുന്നത്. പതുക്കെ മേലാസകലം അരിച്ചിറങ്ങുന്ന ഭയത്തെ പ്രേക്ഷകരിലേക്ക് നിറക്കുകയാണ്. അത് ശബ്ദം കൊണ്ടാണ് സാധ്യമാക്കുന്നത്. ഭ്രമയുഗത്തിന്റെ ആദ്യ പോസിറ്റീവ് അതിന്റെ ശബ്ദ വിന്യാസമാണ്. രണ്ടാമത്തേത് രാഹുലിന്റെ തിരക്കഥയും ടിഡി രാമകൃഷ്ണന്റെ സംഭാഷണവുമാണ്.


മലയാളം ഹൊറർ സിനിമകളുടെ പതിവ് രീതികളൊന്നുമല്ല ഭ്രമയുഗത്തിന്. ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകൾ കാണികളുടെ മനസ്സിൽ ഭയത്തിന്റെ വിത്തുപാകുന്നുണ്ട്. കഥ പറഞ്ഞു പറഞ്ഞ് കാണികളെ സമ്മർദത്തിലേക്ക് വലിച്ചിടുകയാണ്. ആദ്യ അരമണിക്കൂർ കൊണ്ട് തന്നെ കാണികളെ പിടിച്ച് സിനിമക്കുള്ളിലാക്കാൻ തിരക്കഥക്കാവുന്നുണ്ട്. കഥക്കുള്ളിലായ പ്രേക്ഷകർ ആ ഇരുട്ടിലും ഇരുട്ടിലും വെളിച്ചത്തിലും തോരാതെ പെയ്യുന്ന മഴയിലുമൊക്കെയായി സഞ്ചരിക്കുകയാണ്. ഈ കഥക്ക് ബ്ലാക്ക് ആന്റ് വൈറ്റല്ലാതെ ചേരില്ല എന്നുറപ്പാണ്. കാരണം ഈ സിനിമ കളറിലായിരുന്നെങ്കിൽ ഇങ്ങനെ ആസ്വദിക്കാൻ ആവുമായിരുന്നില്ല. മമ്മൂട്ടി പറഞ്ഞത് പോലെ സിനിമയില്ലാത്ത കാലത്തെ സിനിമ പറയാൻ കളറില്ലാത്തതാണ് നല്ലത്.


ഇനി ഏത് കഥാപാത്രമാണ് കെട്ടിയാടനുള്ളത്. വെള്ളിത്തിരയിൽ വിസ്മയിപ്പിക്കാൻ ഇനിയെന്താണ് ബാക്കിയുള്ളത്. ഇപ്രാവശ്യം പേടിപ്പിക്കാനാണ് അയാളുടെ വരവ്..കൊടുമൺ പോറ്റിയായ മമ്മൂട്ടി. തന്റെ മനയിൽ അഭയം തേടി വന്നവനെ അയാൾ സൽക്കരിക്കുന്ന വിധം മാത്രം മതി. നോട്ടത്തിലും ചിരിയിലും ഇതുവരെ കാണാത്ത മമ്മൂട്ടിയെ ഭ്രമയുഗത്തിൽ കാണാനാവുന്നുണ്ട്. കരിയറിൽ ഇത്രയും ഡെപ്തുള്ള അഭിനയിച്ച് ഫലിപ്പിക്കാൻ ഇത്രയേറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രം അർജുൻ അശോകൻ ചെയ്തിട്ടുണ്ടാവില്ല. കഥയിൽ ഏറ്റവും മർമ്മ പ്രധാനമായ കഥാപാത്രം ഭദ്രമായി തന്നെ ഏൽപ്പിച്ച രാഹുലിന് അത് തിരിച്ചുകൊടുത്തിട്ടുണ്ട് അർജുൻ അശോകൻ. പെർഫോമൻസിന് പ്രധാന്യമുള്ള ചിത്രത്തിൽ ഒരിടത്തും അർജുൻ പ്രകടനത്തിൽ പിന്നോട്ട് പോവുന്നില്ല. കൂടെ സിദ്ധാർത്ഥ് ഭരതനും.


ആ മന തന്നയല്ലേ ഉള്ളൂ എന്ന് ഒരിടത്തും തോന്നാത്ത വിധത്തിൽ കഥയെ കാമറക്കുള്ളിലാക്കിയിരിക്കുകയാണ് ഷെഹനാദ്. ഭയം അരിച്ചിറങ്ങാൻ പാകത്തിൽ സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവിയ‍ർ കഥയോട് നൂറുശതമാനം ആത്മാർഥത പുലർത്തിയിട്ടുണ്ട്. അടുത്തയാൾ സംവിധായകൻ എഴുതിവെച്ച് ഉണ്ടാക്കിയെടുത്ത കലാസംവിധായകൻ ജ്യോതിഷ് ശങ്കറാണ്. തകർന്ന മന, ചോർന്നൊലിക്കുന്ന അകത്തളം,, ഇതുവരെ കണ്ടിട്ടില്ലാത്ത അടുക്കളയും അറകളും ഭം​ഗിയായി ഒരുക്കിയിട്ടുണ്ട് ജ്യോതിഷ് ശങ്കറും കൂട്ടാളികളും.

പതുക്കെ പ്രേക്ഷരിലേക്ക് കഥയും ഭയവും നൽകാനാണ് രാഹുൽ ഇങ്ങനെയൊരു ട്രീറ്റ്‌മെന്റ് പിടിച്ചിരിക്കുന്നത്. എന്നാൽ ആ പതുക്കെ പോക്കിനൊപ്പം ഓടിഎത്താത്തവർക്ക് അല്ലെങ്കിൽ മുൻപിൽ പോയി സിനിമയെ കാത്തുനിൽക്കുന്നവർക്ക് ആദ്യ പകുതി ചിലപ്പോ മുഷിപ്പ് സമ്മാനിച്ചേക്കാം. പക്ഷേ രണ്ടാം പകുതിയിലും ക്ലൈമാക്‌സിലും സിനിമ സ്വീകരിക്കുന്ന സ്പീഡിൽ അവരും സിനിമക്കൊപ്പം ചേരും. പരീക്ഷണ ചിത്രമൊരുക്കാൻ മലയാള സംവിധാകർക്കും നിർമാതാക്കൾക്കും ഭയമാണ്. കാരണം റിട്ടേണിലെ പേടിയാണ് അതിന് കാരണം. പക്ഷേ തിയറ്റർ എക്‌സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ഒരു മലയാള സിനിമക്ക് പ്രേക്ഷകർ കാത്ത് നിൽക്കുന്നുണ്ട്. ആ സ്‌പേസ് കണ്ടെത്തി എന്നതാണ് രാഹുൽ സദാശിവന്റെ വിജയം. മലയാളത്തിൽ ഇടക്ക് മാത്രം സംഭവിക്കുന്ന ഒന്നായി ഇപ്പോൾ ഭ്രമയുഗത്തെ വിളിക്കാമെങ്കിലും വലിയ മാറ്റത്തിന്റെ ചെറുതല്ലാത്ത സൂചനായി ഭ്രമയുഗത്തെ കാണാം.


അധികാരത്തിന്റെ ഗർവിൽ അന്യരുടെ സ്വാതന്ത്ര്യം പണയം വച്ചു പകിട കളിച്ചു രസിക്കുന്ന പോറ്റിമാർ അഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ഉണ്ട് എന്നതാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന മറ്റൊന്ന്. കയ്യിലെണ്ണാവുന്ന കഥാപാത്രങ്ങൾ. കുറഞ്ഞ ലൊക്കേഷൻ, ബ്ലാക്ക് ആന്റ് വൈറ്റ് , കേട്ട ഒരു നാടോടി കഥ. ഫാന്റസി, പിരീഡ്, എന്നിട്ടും ഒരു സിനിമ ഔട്ട് സ്റ്റാൻഡിങ് തീയേറ്റർ എക്‌സ്പീരിയൻസ് സമ്മാനിക്കുന്നുണ്ടെങ്കിൽ അത് കാലം ആവശ്യപ്പെടുന്ന മേക്കിങ് കൊണ്ടാണ്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വ്യത്യസ്തമായ ഹൊറർസിനിമകളുടെ കൂട്ടത്തിൽ ഭ്രമയുഗം തലയുയർത്തിനിൽക്കും.


Next Story