Quantcast

നൈജീരിയ തെരഞ്ഞെടുപ്പ്; ജനാധിപത്യത്തിന്‍റെ തിരിച്ചു വരവോ?

പുതിയ പ്രസിഡന്‍റിനെയോ പ്രധാനമന്ത്രിയെയോ തെരഞ്ഞെടുക്കുന്നത് മാത്രമല്ല, അത് പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കുമ്പോൾ മാത്രമേ ഈ പ്രക്രിയ പൂർത്തിയാവുകയുള്ളൂ

MediaOne Logo

അഭിഷേക് പള്ളത്തേരി

  • Updated:

    2023-03-13 05:39:40.0

Published:

13 March 2023 5:35 AM GMT

Nigeria
X

നൈജീരിയ

ആഫ്രിക്കയിലെ ഏതു രാജ്യത്തും തെരഞ്ഞെടുപ്പ് എന്നത് തീർത്തും സങ്കീർണമായ പ്രക്രിയയാണ്. പുതിയ പ്രസിഡന്‍റിനെയോ പ്രധാനമന്ത്രിയെയോ തെരഞ്ഞെടുക്കുന്നത് മാത്രമല്ല, അത് പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കുമ്പോൾ മാത്രമേ ഈ പ്രക്രിയ പൂർത്തിയാവുകയുള്ളൂ. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും എപ്പോൾ വേണമെങ്കിലും അക്രമത്തിലേക്കും പ്രക്ഷോഭത്തിലേക്കും വഴി മാറുവാൻ സാധ്യതയുള്ളതിനാൽ ആഫ്രിക്കയിലെ തെരഞ്ഞെടുപ്പ് എന്നത് ലോക ജനശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.

നോട്ട് നിരോധനം

36 സ്റ്റേറ്റുകളുള്ള നൈജീരിയയിൽ ജനങ്ങൾക്ക് നേരിട്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവും. 9 കോടിയിലേറെ പൗരന്മാർക്ക് വോട്ടേഴ്‌സ് കാർഡ് ഉണ്ടയിരുന്നെങ്കിലും രണ്ടര കോടി ജനങ്ങൾ മാത്രമേ ഈ തെരഞ്ഞടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചുള്ളൂ. 2023 ഫെബ്രുവരി 25 നു നടന്ന നൈജീരിയ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തുവാനുള്ള ഒരു കാരണം തെരഞ്ഞെടുപ്പിന് ഏകദേശം ഒന്നര മാസം മുൻപ് ഏർപ്പെടുത്തിയ നോട്ട് നിരോധനമാണ്. പഴയ നോട്ടുകൾ നിരോധിക്കുകയും പകരം ആവശ്യത്തിന് പുതിയ നോട്ടുകൾ ബാങ്കുകൾ വഴി ലഭ്യമല്ലാതിരിക്കുകയും ചെയ്തതിനാൽ അക്ഷരാർത്ഥത്തിൽ നൈജീരിയ ഇപ്പോൾ കറൻസി രഹിത സാഹചര്യത്തിൽ കൂടെ ആണ് കടന്നു പോകുന്നത്.

വോട്ടേഴ്‌സിനെ പണം കൊടുത്തു ചാക്കിലാകുന്നതിനെതിരെയുള്ള ഒരു നീക്കം ആയിട്ടാണ് ഈ നിരോധനം ഉദ്ദേശിച്ചതെങ്കിലും ബദലായി ചെയ്യേണ്ട ഡിജിറ്റൽ പേയ്‌മെന്‍റ് കാര്യക്ഷമമായി പ്രവർത്തിക്കാത്തത് ജനങ്ങളുടെ ജീവിതം തീർത്തും ദുരിതത്തിലാക്കി. ഇതിനെതിരെ ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടന്നെകിലും അതിരൂക്ഷ കലാപത്തിലേക്ക് മാറാതെ പിടിച്ചു നിറുത്തുവാൻ സർക്കാരിന് സാധിച്ചു.


തെരഞ്ഞെടുപ്പ് പ്രക്രിയ

പ്രധാനമായും മൂന്നു പാർട്ടികൾക്കു ആണ് നൈജീരിയയിൽ ശക്തമായ വേരോട്ടമുള്ളത്‌. 2015 മുതൽ തുടർച്ചയായി ഭരിക്കുന്ന ഓൾ പ്രോഗ്രസ്സിവ് കോൺഗ്രസ് പാർട്ടി (APC )യുടെ നേതാവ് ബോല അഹമ്മദ് ടിനുബു ആണ് 88 ലക്ഷം വോട്ടുകൾ നേടി ജയിച്ചത്. നൈജീരിയ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കൂടിയാൽ രണ്ടു വട്ടം മാത്രമേ പ്രസിഡന്‍റ് പദവിയിൽ ഇരിക്കാൻ പാടുള്ളു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രണ്ടു വട്ടം തുടർച്ചയായി ഭരിച്ചതിനു ശേഷമാണു സ്ഥാനമൊഴിയുന്നത്‌.

അവകാശവാദം

മറ്റു രണ്ടു പാർട്ടികളായ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടിയും (PDP )ലേബർ പാർട്ടിയും (LP ) ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു എന്ന് മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ അവർ ആണ് വിജയിച്ചത് എന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ലേബർ പാർട്ടിയുടെ നേതാവ്, അറുപത്തിയൊന്നുകാരനായ പീറ്റർ ഒബി ആണ് ഈ തെരഞ്ഞെടുപ്പിലെ കറുത്ത കുതിര. താരതമ്യേനെ ചെറിയ പാർട്ടി ആയിരുന്നിട്ടും യുവജനങ്ങളുടെ കൂടുതൽ പിന്തുണ പീറ്റർ ഓബിക്കായിരുന്നു. ബിസിനസ് തലസ്ഥാനമായ ലാഗോസ് സ്റ്റേറ്റ് നേടി ഒബി തന്റെ സാന്നിധ്യം ശക്തമായി അറിയിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് രണ്ടു പ്രധാന പ്രതിപക്ഷ പാർട്ടികളും .സമാധാനത്തിന്റെയും നിയമത്തിന്റെയും പാതയിൽ കൂടെ മാത്രമേ തിരഞ്ഞെടുപ്പ് വിധിക്കെതിരെ പോരാടു എന്ന് അവർ ഉറപ്പു നൽകിയത് ഏറെ ആശ്വാസം. ഗോത്ര-സാമുദായിക സമവാക്യങ്ങൾ ആഫ്രിക്കയിലെ, പ്രത്യേകിച്ച് നൈജീരിയയിലെ തിരഞ്ഞെടുപ്പിലും ഒരു പ്രധാന ഘടകമാണ്.

ജനാധിപത്യ പരിണാമം

കുറച്ചേറെ കാലം നീണ്ടു നിന്ന പട്ടാള ഭരണത്തിന് ശേഷം 1999 ലാണ് നൈജീരിയ വീണ്ടും ജനാധിപത്യ തെരഞ്ഞെടുപ്പിലേക്കു തിരിച്ചു വന്നത്, തുടർന്ന് തുടർച്ചയായി 16 വര്ഷം ഭരിച്ചത് പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി(PDP ) ആയിരുന്നു. ഇപ്രാവശ്യം പിഡിപിയെ നയിച്ചത് മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന അറ്റികു അബുബക്കർ ആയിരുന്നു. ആദ്യമായി ബാലറ്റ് പേപ്പറിന് പകരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ആയതു കൊണ്ട് പലവിധത്തിലുള്ള ആക്ഷേപങ്ങൾ രണ്ടു പ്രതിപക്ഷ പാർട്ടികളും ഉയർത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങൾ നിഷേധിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ജനങ്ങളും പുതിയ ക്രമത്തിലെ പാകപ്പിഴകളിൽ അസംതൃപ്തരാണ്. നൈജീരിയൻ കറൻസി ആയ നൈറ നോട്ട് നിരോധനം മൂലം ആരുടെയും കൈയിൽ പണം ഇല്ലാത്തതു വോട്ടിംഗ് റേറ്റ് കുറയാൻ മുഖ്യ കാരണമായി.


വികസനത്തിനായി കൊതിക്കുന്ന നൈജീരിയ

മുൻ തലസ്ഥാനവും പ്രധാന വാണിജ്യ കേന്ദ്രവുമായ ലാഗോസിന്‍റെ മുഖച്ഛായ ഇന്നത്തെ രീതിയിൽ ആധുനികവത്കരിച്ചതു ബോല ടിനുബു ലാഗോസ് ഗവർണ്ണർ ആയിരിക്കുമ്പോഴായിരുന്നു. തെരഞ്ഞെടുപ്പിലെ വിജയം ജനാധിപത്യത്തിലെ ആദ്യനടപടി ക്രമം മാത്രം ആണെന്നും രാജ്യത്തിന്‍റെ പുരോഗതിക്കായി മറ്റു പ്രതിപക്ഷ പാർട്ടികളോടൊപ്പം കൂട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ് എന്നുള്ള ഉത്തമ ബോധ്യം

ടിനുബുവിനു ഉണ്ടെന്നുള്ളത് പ്രസിഡന്റ് ആയി തെരഞ്ഞടുത്തതിൽ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ നിന്ന് മനസിലാക്കാം. '' ഇത് നമുക്കുള്ള ഒരേ ഒരു ദേശം ,ഒരേ ഒരു രാജ്യം, നമുക്ക് കൂട്ടായി രാജ്യനിർമാണത്തിനു പ്രവർത്തിക്കാം'' വെറും 37 % മാത്രം ഭൂരിപക്ഷമുള്ള നേതാവായതുകൊണ്ടു മാത്രമല്ല,പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തിനും പിന്തുണക്കും അഭ്യർത്ഥിച്ചത്. നൈജീരിയ മുൻപെങ്ങും കാണാത്ത കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നു പോകുന്നത്. തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം, ദിനംപ്രതി ശോഷിക്കുന്ന വിദേശ നാണയ ശേഖരം, വർധിച്ചു വരുന്ന തൊഴിലില്ലായ്മ,ഇനിയും അടിച്ചമർത്താനാവാത്ത ഭീകരവാദവും വിഘടനവാദവും എല്ലാം പുതിയ സർക്കാരിന് കടുത്ത പരീക്ഷണങ്ങൾ ആയിരിക്കും എന്നുള്ളത് തീർച്ചയാണ്.

ആഫ്രിക്കയിലെ ഭീമൻ

എന്നാൽ 'ആഫ്രിക്കയുടെ ഭീമൻ' എന്നറിയപ്പെടുന്ന നൈജീരിയക്ക് പലപ്പോഴും അവരുടെ ശക്തി തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള പെട്രോളിയം ഉല്‍പാദകരായിട്ടും ഇപ്പോഴും അടിസ്ഥാനസൗകര്യ വികസനങ്ങളിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും വിദ്യാഭ്യാസമേഖലയിലെ ആധുനികവത്കരണത്തിലും എല്ലാം വളരെ പുറകിലാണ്. പ്രകൃതി വിഭവങ്ങളാൽ സമ്പുഷ്ടമെങ്കിലും ഇന്നും കയറ്റുമതി വളരെ ശുഷ്കവും കൂടുതലും ഇറക്കുമതിയെ ആശ്രയിച്ചു നിൽക്കുന്ന രാജ്യമായി നൈജീരിയ നിലകൊള്ളുന്നു. അഴിമതി ഒരു സമ്പ്രദായമായി എവിടെയും കാണാവുന്ന ഒരു രാജ്യമാണ് നൈജീരിയ.

ദൃഢനിശ്ചയമുള്ള ഒരു സർക്കാരിനും പ്രെസിഡന്റിനും മുന്നിൽ ഒരിക്കലും ഈ പ്രതിസന്ധികളെ അല്ല , മറിച്ചു പ്രതീക്ഷകളെ ആണ് ജനങ്ങൾക്ക് മുന്നിൽ പ്രാവർത്തികമാക്കി കാണിക്കേണ്ടത്. ലോകത്തിലെ ഏറ്റവും സാമ്പത്തിക വളർച്ച ഉള്ള ഒരു രാജ്യമായി നൈജീരിയയെ മാറ്റി എടുക്കുവാൻ പുതിയ പ്രസിഡന്‍റിനു സാധിക്കും എന്നുള്ള പ്രതീക്ഷ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വെച്ച് പുലർത്തുന്നു. നൈജീരിയയുമായി ഡോളറിലുള്ള ഇടപാട് മാറ്റി രൂപ-നൈറ ക്രയവിക്രയം ചെയ്യുവാൻ തീരുമാനിച്ചത് ഇക്കാരണങ്ങൾ കൊണ്ടാകാം.

താരതമ്യേനെ സമാധാനപരമായി നടന്ന നൈജീരിയയിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആഫ്രിക്കയിലെ അടുത്ത് തന്നെ തിരഞ്ഞെടുപ്പ് വരാൻ പോകുന്ന പല രാജ്യങ്ങൾക്കും ഊർജവും ആല്മവിശ്വാസവും നൽകുന്നതാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി, പ്രതിപക്ഷ ഐക്യത്തോടെ ,പുതിയ പ്രസിഡന്‍റ് ബോല ടിനുബുവിന്‍റെ നേതൃത്വത്തിൽ നൈജീരിയ സാമ്പത്തിക ശക്തി ആയി മാറട്ടെ എന്ന് പ്രത്യാശിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭീകരതയുടെയും വിഘടവാദത്തിന്റെയും വിളനിലമാകുമെങ്കിൽ , അതിനെ തുടച്ചു നീക്കുവാൻ സാമ്പത്തിക ഉന്നമനവും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യവും വികസനവും അത്യന്താപേക്ഷിതമാണ്.

പുതിയ പ്രസിഡന്‍റ് ഈ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു..പ്രതീക്ഷിക്കുന്നു. മഹത്തായ ജനത ...മഹത്തായ രാജ്യം എന്ന നൈജീരിയക്കാരുടെ മുദ്രാവാക്യം ഏവർക്കും ആവേശം പകരട്ടെ....

TAGS :

Next Story