ഇന്ത്യക്കാർക്ക് ഇവി പ്രേമം കൂടിയ വർഷം; 2022 നെ വാഹനലോകം അടയാളപ്പെടുത്തുന്നത്

സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കുമ്പോഴും മറുഭാഗത്ത് ഇന്ത്യയിൽ റോഡപകട മരണങ്ങളിൽ 17 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.

MediaOne Logo

Nidhin

  • Updated:

    2023-01-02 15:36:44.0

Published:

2 Jan 2023 3:36 PM GMT

ഇന്ത്യക്കാർക്ക് ഇവി പ്രേമം കൂടിയ വർഷം; 2022 നെ വാഹനലോകം അടയാളപ്പെടുത്തുന്നത്
X

മറ്റെല്ലാ മേഖലകളെയും പോലെയും കോവിഡ് പിടിച്ചുലച്ച ശേഷമുള്ള തിരിച്ചുവരവിന്റെ വർഷമായിരുന്നു ഇന്ത്യയിലെ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയുടേത്. പ്രത്യേകിച്ചും കാർ വിൽപ്പന റെക്കോർഡ് വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു കടന്നുപോയത്. കൂടാതെ വാഹന ഗതാഗതം കൂടുതൽ ഹരിതമായി മാറിയതും പോയ വർഷമാണ്.. കഴിഞ്ഞ വർഷം ഇന്ത്യൻ വാഹനവിപണിയോടിയ റൂട്ട് ഒന്ന് പരിശോധിക്കാം..

1. ഇവിയും ഹൈബ്രിഡും- പ്രകൃതിയോട് പ്രേമം കൂടിയ വർഷം

ഇലക്ട്രിക് വാഹന വിൽപ്പന ഏറ്റവും വലിയ കുതിപ്പ് നടത്തിയ വർഷമാണ് 2022. ഒരു മില്യണനടുത്ത് ഇലക്ട്രിക് വാഹനങ്ങളാണ് പോയവർഷം ഇന്ത്യക്കാർ വാങ്ങിയത്. കൃത്യമായി പറഞ്ഞാൽ 999,949 യൂണിറ്റുകൾ. ഇതിൽ ഇരുചക്രവാഹനങ്ങളും കാറുകളും വാണിജ്യവാഹനങ്ങളുമെല്ലാം ഉൾപ്പെടും. 2021 നെ അപേക്ഷിച്ചുനോക്കുമ്പോൾ 210 ശതമാനം വളർച്ചയാണ് ഇവി വാഹനമേഖല 2022 ൽ നേടിയത്. വാഹൻ പോർട്ടലിലെ കണക്കുകൾ മാത്രമാണ് മേൽപ്പറഞ്ഞിരിക്കുന്നത്. തെലങ്കാന സംസ്ഥാനത്തെ കണക്ക് വാഹനിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടെ കണക്കിലെടുക്കുമ്പോൾ ഇവി വിൽപ്പന ഒരു മില്യൺ കടക്കും. ഇരുചക്ര-മുചക്ര ഇവി വാഹനങ്ങളാണ് ഏറ്റവും വലിയ വളർച്ച നേടിയത്. ആകെ ഇവി വാഹനങ്ങളുടെ വിൽപ്പനയിൽ 62.23 ശതമാനവും ആകെ ഇരുചക്ര വാഹന വിൽപ്പനയിൽ 4 ശതമാനവും ഇവി ഇരുചക്രവാഹനങ്ങളാണ്. ഒല ഇലക്ടിക്കാണ് ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇവി സ്‌കൂട്ടർ. കാർ വിപണിയിൽ ടാറ്റ നെക്‌സോണും ടിഗോറും കൂടാതെ ടിയാഗോയ്ക്കും ഇവി രൂപം നൽകിയ വർഷമാണ് 2022. മാരുതി ഒഴികെയുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി മോഡലുകൾ അവതരിപ്പിക്കുകയും ചെയ്തു.

പൂർണ ഇലക്ട്രിക് വാഹന വിൽപ്പന കൂടാതെ മൈൽഡ്, ഫുള്ളി ഹൈബ്രിഡ് വാഹനങ്ങളുടേയും വളർച്ചയുടെ വർഷമാണ് ഇത്. ഇവിയുടെ പ്രാക്ടക്കബിലിറ്റിയിൽ സംശയമുള്ളവരാണ് പ്രധാനമായും ഫുള്ളി ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറിയത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട സിറ്റി, ടൊയോട്ട ഹൈക്രോസ്, എം.ജി ഹെക്ടർ എന്നിവയാണ് നിലവിൽ ഇന്ത്യയിലെ പ്രമുഖ ഹൈബ്രിഡ് വാഹനങ്ങൾ. കൂടുതൽ വാഹന നിർമാണ കമ്പനികൾ ഹൈബ്രിഡ് ഓപ്ഷനുള്ള മോഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിയുടേയും ഹൈബ്രിഡിന്റേയും വളർച്ച ഇന്ധനചെലവും മലിനീകരണവും ഒരുപോലെ കുറക്കാനും സഹായിച്ചിട്ടുണ്ട്. പൂർണ ഇവിയിലേക്കുള്ള ഇന്ത്യൻ വാഹനവിപണിയുടെ മാറ്റത്തിലേക്കുള്ള ഏറ്റവും വലിയ ചുവടായും 2022 നെ അടയാളപ്പെടുത്തും.

മലിനീകരണം കുറക്കാൻ ബിഎസ് 6 ന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചതും പോയ വർഷമാണ്.

2. മൈലേജിനെ മറികടക്കുന്ന സേഫ്റ്റി കൺസേണുകൾ

കാർ വാങ്ങാൻ പോകുന്നവർ '' എത്ര കിട്ടും '' എന്ന ചോദ്യത്തിലുപരി എത്ര സ്റ്റാറുണ്ട് എന്ന ചോദ്യം ഇന്ത്യക്കാർ കൂടുതൽ ഉറപ്പോടെ ചോദിച്ച വർഷമാണ് കടന്നുപോയത്. റോഡ് ഗതാഗത മന്ത്രാലയവും സുരക്ഷാ നിബന്ധകൾ കൂടുതൽ കർശനമാക്കിയ വർഷമാണിത്. എല്ലാ കാറുകൾക്കും ഇരട്ട എയർ ബാഗുകൾ നിർബന്ധമാക്കിയത് 2022 ജനുവരിയിലാണ്. പിന്നീട് ആറ് എയർബാഗുകളിലേക്ക് ഇത് ഉയർത്തുമെന്ന് പ്രഖ്യാപിച്ചത് ഒക്ടോബറിലായിരുന്നു. പക്ഷേ വാഹന നിർമാണ കമ്പനികളുടെ സമ്മർദം മൂലവും എയർബാഗുകളുടെ ഉത്പാദനം വേണ്ടവിധത്തിലെത്താത്ത് മൂലവും അത് നടപ്പിലാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ ഭാരത് എൻകാപ്പ് എന്ന പേരിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ മാനദണ്ഡങ്ങളുള്ള ക്രാഷ് ടെസ്റ്റ് ഏജൻസി ആരംഭിക്കുമെന്നുള്ള പ്രഖ്യാപനവും അതിന്റെ കരട് പുറത്തിറങ്ങിയതും 2022ലാണ്. കേരളത്തിൽ ഇരുചക്രവാഹനത്തിൽ പിൻസീറ്റിലിരിക്കുന്നവർക്ക് ഇടക്കാലത്ത് ഹെൽമെറ്റ് നിർബന്ധമാക്കിയ നിയമം കർശനമാക്കിയിരുന്നു. പക്ഷേ നിലവിൽ ഇത് കർശനമായി നടപ്പിലാക്കുന്നില്ല. ഹെൽമെറ്റിന് മുകളിൽ ആക്ഷൻ ക്യാമറകൾ നിരോധിച്ച നിയമം കേരളത്തിൽ വന്നതും 2022ലാണ്. കാറിൽ പിൻസീറ്റിലിരിക്കുന്നവർക്ക് സീറ്റ്‌ബെൽറ്റും അതിന്റെ റിമൈൻഡറും നിർബന്ധമാക്കാനുള്ള നടപടികളെടുത്തതും പോയവർഷമാണ്.

സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കുമ്പോഴും മറുഭാഗത്ത് ഇന്ത്യയിൽ റോഡപകട മരണങ്ങളിൽ 17 ശതമാനം വളർച്ചയാണ് 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 1,55,622 പേരാണ് 2022 ൽ ഇന്ത്യൻ റോഡുകളിൽ പൊലിഞ്ഞത്. ഇതിൽ ഭൂരിഭാഗവും അമിതവേഗതയെ തുടർന്നാണ് ഉണ്ടായത് എന്നത് നമ്മുടെ ഡ്രൈവിങ് ശൈലിയിൽ ഇനിയും സമൂലമായ മാറ്റങ്ങൾ വേണമെന്നുള്ള വസ്തുത ചൂണ്ടിക്കാണിക്കുന്നുണ്ട്.

3. പ്രതാപകാലത്തേക്ക് തിരികെവരുന്ന വാഹനവിൽപ്പന

കോവിഡും സെമി കണ്ടക്ടർ ക്ഷാമവും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യൻ വാഹനവിപണി തിരിച്ചുകയറുന്നത് കണ്ട വർഷമാണ് 2022. പ്രത്യേകിച്ച കാർ വിപണിയാണ് കനത്ത വളർച്ച രേഖപ്പെടുത്തിയത് കോവിഡിന് മുമ്പുണ്ടായിരുന്ന വിൽപ്പന കണക്കിലേക്ക് കാർ വിപണി തിരികെയെത്തി. അത് മാത്രമല്ല ഇന്ത്യൻ കാർ വിപണിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാറുകൾ പുറത്തിറങ്ങിയ മാസമാണ് 2022 ലെ സെപ്റ്റംബർ. 3,55,946 യൂണിറ്റ് കാറുകളാണ് വിവിധ ബ്രാൻഡുകളിലായി ആ സെപ്റ്റംബറിൽ മാത്രം നിരത്തിൽ ടയർ തൊട്ടത്്. ഇതിൽ 2.5 ലക്ഷം കാറുകളുംമാരുതി സുസുക്കി, ടാറ്റ, ഹ്യൂണ്ടായി എന്നീ ബ്രാൻഡുകളിൽ നിന്നുള്ളവയാണ്. ആകെ വിൽപ്പനയുടെ 68 ശതമാനം വരുമിത്. 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് നോക്കുമ്പോൾ 121 ശതമാനമാണ് ഈ സെപ്റ്റംബറിലെ വിൽപ്പന വളർച്ച.

4. വിട പറഞ്ഞ സൈറസ് മിസ്ത്രിയും വിക്രം കിർലോസ്‌കറും

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ഒഴിവാക്കാൻ പറ്റാത്ത രണ്ടുവ്യക്തികളുടെ വിയോഗത്തിനും 2022 സാക്ഷ്യം വഹിച്ചു. ടാറ്റ സൺസിന്റെയും ടാറ്റ മോട്ടാർസിന്റെയും മുൻ ചെയർമാനായ സൈറസ് മിസ്ത്രിയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. സെപ്റ്റംബർ നാലിന് മുംബൈയിൽ നിന്ന് ഉഡാവയിലേക്കുള്ള യാത്രക്കിടെ പാൽഘറിൽ വച്ച് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. അമിതവേഗതയായിരുന്നു അപകടകാരണം. 2012 മുതൽ 2016 വരെയാണ് സൈറസ് മിസ്ത്രി ടാറ്റയുടെ അമരത്തുണ്ടായിരുന്നത്. ഇക്കാലയളവിൽ ടാറ്റയുടെ നെക്‌സോൺ, ടിയാഗോ, ടിഗോർ, അൽട്രോസ്, ഹാരിയർ, സഫാരി, പഞ്ച് എന്നീ മോഡലുകൾ പുറത്തിറക്കുകയോ ചിലതിന്റെ ഡിസൈനിങ് ആരംഭിക്കുകയോ ചെയ്തിരുന്നു. ഈ മോഡലുകൾ പിന്നീട് ടാറ്റ മോട്ടോർസിന്റെ ഇന്ത്യയിലെ രണ്ടാം വരവിന്റെ കരുത്തുറ്റ പവർ ഹൗസുകളായി മാറി എന്നത് അദ്ദേഹത്തിന്റെ നഷ്ടം എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്നതാണ്. പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനുള്ള ചർച്ച കൂടുതൽ സജീവമാക്കുന്നതിനും അദ്ദേഹത്തിന്റെ അപകടമരണം കാരണമായി.

കിർലോസ്‌കർ ഗ്രൂപ്പിന്റെ വൈസ് ചെയർമാനായ വിക്രം കിർലോസ്‌കറാണ് 2022 ന്റെ നഷ്ടങ്ങളുടെ പട്ടികയിലെ മറ്റൊരാൾ. ജപ്പാനീസ് വാഹന ബ്രാൻഡായ ടൊയോട്ടയെ ഇന്ത്യയിലെത്തിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. നവംബർ 29 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

5. കളമൊഴിഞ്ഞ ഡാറ്റ്‌സൺ

നിസാനിൽ നിന്ന് അവതരിച്ച ബജറ്റ് ബ്രാൻഡായ ഡാറ്റ്‌സണിന്റെ അന്ത്യത്തിനും 2022 മൂകസാക്ഷിയായി. ഗോ, ഗോ പ്ലസ്, റെഡി ഗോ എന്നീ മോഡലുകളായി ഇന്ത്യയിൽ നിലനിന്നിരുന്ന ഡാറ്റ്‌സൺ പോയവർഷം ഏപ്രിലിലാണ് ഇന്ത്യയിൽ നിന്ന് മാത്രമല്ല ആഗോളവ്യാപകമായി തന്നെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. 2013 ലാണ് നിസാൻ ഡാറ്റ്‌സൺ എന്ന ബ്രാൻഡിനെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത്. മോശം വിൽപ്പനയാണ് ഡാറ്റ്‌സണെ ഇത്തരത്തിലൊരു അകാലമൃത്യുവിലേക്ക് നയിച്ചത്. വിൽപ്പന അവസാനിപ്പിച്ചെങ്കിലും നിസാൻ ഷോറൂമുകളിലൂടെ സർവീസും പാർട്‌സുകളും ഇനിയും ലഭ്യമാകും.

6. ടയറുകൾക്കും സ്റ്റാർ റേറ്റിങ്

വാഹനങ്ങളുടെ ടയറുകൾക്കും ഗുണമേന്മ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിങ് ആരംഭിച്ച വർഷമാണ് 2022. വൈദ്യുത ഗൃഹോപകരണങ്ങൾക്ക് നൽകുന്നതിന് സമാനമാണിത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി തന്നെയാണ് ടയറുകൾക്കും സ്റ്റാർ റേറ്റിങ് നൽകുന്നത്. ടയർ ഉപയോഗിച്ചത് കൊണ്ട് ലാഭിക്കാൻ പറ്റുന്ന ഇന്ധനം, റോളിങ് റെസിസ്റ്റൻസ് കുറവ് എന്നിവയാണ് സ്റ്റാർ റേറ്റിങ് തീരുമാനിക്കുന്നത്. സ്റ്റാർ റേറ്റിങ് കൂടിയാൽ വാഹനത്തിന്റെ ഇന്ധന ഉപയോഗവും പരിസ്ഥിതി മലിനീകരണവും കുറയും.

മിച്ചിലിനാണ് 5 സ്റ്റാർ റേറ്റിങ് നേടിയ ആദ്യ ടയർ ബ്രാൻഡ്.

7. പോയവർഷം പ്രമുഖ കാർ ബ്രാൻഡുകളിൽ നിന്ന് വന്ന പുതുമുഖങ്ങൾ

മിക്ക കാർ നിർമാതാക്കളും പുതിയ മോഡലോ നിലവിലെ മോഡലുകളുടെ ഫേസ് ലിഫ്‌റ്റോ പുറത്തിറക്കിയ വർഷമാണ് 2022. വിവിധ ബ്രാൻഡുകളിൽ നിന്ന് വന്ന പ്രധാനപ്പെട്ട മോഡലുകൾ ഇവയാണ്.

മാരുതി സുസുക്കി- ഗ്രാൻഡ് വിറ്റാര, ബലേനോ (ഫേസ് ലിഫ്റ്റ്), വാഗൺ ആർ (ഫേസ് ലിഫ്റ്റ്), സെലേറിയോ (ഫേസ് ലിഫ്റ്റ്), ബ്രസ (ഫേസ് ലിഫ്റ്റ്), എസ് പ്രസോ ( ഫേസ് ലിഫ്റ്റ്), ഈക്കോ (ഫേസ് ലിഫ്റ്റ്), എർട്ടിഗ ( ഫേസ് ലിഫ്റ്റ്). ഇതുകൂടാതെ വിവിധ മോഡലുകൾക്ക് സിഎൻജി വേരിയന്റും പുറത്തിറക്കി.

ഹ്യുണ്ടായ്- വെന്യു (ഫേസ് ലിഫ്റ്റ്), വെന്യു എൻ ലൈൻ, ട്യൂസൺ (ഫേസ് ലിഫ്റ്റ്), അയോണിക് 5 (ഇവി)

ടാറ്റ- ടിയാഗോ ഇവി, നെക്‌സോൺ ഇവി പ്രൈം

2022 ൽ നൽകിയ റെക്കോർഡ് വിൽപ്പനയും ഇവിയിലേക്കുള്ള മാറ്റവും ഇന്ത്യൻ വാഹനലോകത്ത് ഭാവിയിൽ വരാനിരക്കുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. 2023 ൽ കൂടുതൽ വാഹന ബ്രാൻഡുകൾ ഇവിയിലേക്ക് മാറുന്നതോടെ ഇവി വിൽപ്പന ചാർട്ട് ഇനിയും കുതിച്ചുയരും.

TAGS :

Next Story