Quantcast

കൂട്ടനിലവിളികള്‍ അടക്കം ചെയ്യപ്പെട്ട ഖബറിസ്ഥാന്‍

റൂമിലെത്തുന്നതിനു മുമ്പ് കശ്മീർ എന്നൊരു ബോർഡ് കണ്ടു. ഡാനിയാണെനിക്കതു കാണിച്ചുതന്നത്. ഡാനിയോടു കശ്മീരിനെക്കുറിച്ചറിയാമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, കശ്മീർ ബോസ്‌നിയയിലെ ചില നഗരങ്ങളെപ്പോലോത്തൊരു നഗരമാണെന്നാണ്. 'അവിടുത്തെ മുസ്‌ലിംകളനുഭവിക്കുന്ന വിവരങ്ങൾ വാർത്തകളിൽ കാണാറുണ്ട്. ആ ബോർഡ് ഒരു ഫർണ്ണിച്ചർ കമ്പനിയുടെ പരസ്യമാണ്. കമ്പനിയുടെ പേരാണ് കശ്മീർ.'

MediaOne Logo

ഫാസില്‍ ഫിറോസ്

  • Updated:

    2022-04-26 16:45:25.0

Published:

26 April 2022 4:43 PM GMT

കൂട്ടനിലവിളികള്‍ അടക്കം ചെയ്യപ്പെട്ട ഖബറിസ്ഥാന്‍
X

യൂറോപ്പിലെ ജറൂസലേമെന്ന് അറിയപ്പെടുന്ന ഒരു കൊച്ചുരാജ്യമാണ് ബോസ്‌നിയ ഹെർസഗോവിന. സമകാലിക ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി രാഷ്ട്രീയ, വംശീയ പ്രശ്നങ്ങൾ 1992 മുതൽ 1996 വരെ അതിഭീകരമായി അനുഭവിച്ചൊരു ജനതയാണിവർ. മുസ്‌ലിംകളായ ബോസ്നിയാക്കുകളും ഓർത്തഡോക്സ് ക്രിസ്ത്യാനികളായ സെർബുകളും കാത്തലിക് വിശ്വാസികളായ ക്രോട്ടുകളും ഇടകലർന്ന് ജീവിച്ചിരുന്നൊരു രാജ്യത്തിന് പറയാനുള്ളത് മുസ്‌ലിംകൾ അനുഭവിച്ച പീഡനങ്ങൾ, വംശഹത്യകൾ, കൂട്ടബലാത്സംഗങ്ങൾ തുടങ്ങി രണ്ടാംലോക യുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ അക്രമങ്ങളുടെ കഥകളാണ്.

ബോസ്‌നിയ പ്രമേയമായ സിനിമകളാണ് സെർബ് വംശീയതയുടെ നിഷ്ഠൂരതകൾ ലോകശ്രദ്ധയിലേക്കെത്തിച്ചത്. നോ മാൻസ് ലാൻഡിലെ ട്രഞ്ചിനകത്ത് ഒരു ബോസ്‌നിയാക് ഭടനും ഒരു ബോസ്‌നിയൻ സെർബ് ഭടനും കുടുങ്ങിപ്പോവുന്ന കഥ പറയുന്ന നോ മാൻസ് ലാൻഡ്, അഹ്‌മദ് ഇമാമോവിച്ചിന്റെ ഗോ വെസ്റ്റ്, ബോസ്‌നിയൻ യുദ്ധകാലത്ത് തന്റെ ഭർത്താവിനെയും വളർത്തുപുത്രനെയും നഷ്ടപ്പെട്ട ഹലീമയുടെ കഥ പറയുന്ന ഹലീമാസ് പാത്ത്, യ്വാനിറ്റാ വിൽസന്റ് ആസ് ഈഫ് അയാം നോട്ട് ദേർ, ആഞ്ജലീന ജോളി സംവിധാനം ചെയ്ത് ലോകശ്രദ്ധയാകർഷിച്ച ഇൻ ദ ലാൻഡ് ഓഫ് ബ്ലഡ് ആൻഡ് ഹണി, സെബ്രനിക്ക കൂട്ടക്കൊലയുടെ കഥകൾ ലോകത്തോട് വിളിച്ചുപറഞ്ഞ ഗോവാദി ആഈദ തുടങ്ങിയ നിരവധി സിനിമകൾ അക്കൂട്ടത്തിൽപെടും. 2020 കോവിഡ് കാലത്ത് കണ്ടുതീർത്ത ഈ സിനിമകളാണ് ഈ പ്രദേശങ്ങൾ നേരിൽ കാണണമെന്ന ആഗ്രഹം പകർന്നത്.

*****

ഈ റമദാനിൽ ഒരാഴ്ചക്കാലം ചെലവഴിച്ചത് ബോസ്‌നിയ ഹെർസഗോവിനയിലെ വ്യത്യസ്ത പ്രദേശങ്ങളിലായിരുന്നു. യാത്രയ്ക്കിടയിൽ രാജ്യത്തെ വിവിധ നഗരങ്ങളും ഗ്രാമങ്ങളും സന്ദർശിക്കാൻ സാധിച്ചു. സെന്റർ ബോസ്‌നിയയിലെ ട്രാവിനിക്ക് നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അഹ്‌മിച്ചെന്ന കൊച്ചുഗ്രാമത്തിൽ ഒരു ദിവസം അവിചാരിതമായി എത്തിപ്പെടുകയുണ്ടായി. 1991ലെ സെൻസസ് പ്രകാരം വെറും 1,178 മനുഷ്യന്മാർ താമസിച്ചിരുന്നൊരു ചെറു ഗ്രാമമാണിത്. 509 ബോസ്‌നിയാക് മുസ്‌ലിംകളും 592 ക്രോട്ടുകളും 30 സെർബുകളും മറ്റു വിഭാഗങ്ങളിൽപെട്ട 47 പേരും സമാധാനത്തോടെ ജീവിച്ചിരുന്നൊരു പ്രദേശമായിരുന്നു അഹ്‌മിച്ച്.

ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി അഹ്‌മിച്ചി, ഏപ്രിൽ 16, 1993 എന്ന് എഴുതിവച്ച പോസ്റ്ററുകൾ പലയിടത്തും ശ്രദ്ധയിൽപെട്ടിരുന്നു. കൂടെ ഗൈഡായി പോന്നിരുന്ന ഡാനിയോള പറഞ്ഞു, ''ഇവിടെ ടൂറിസ്റ്റുകളൊന്നും വരാറില്ല വെറും നാല് മണിക്കൂറിനുള്ളിൽ 116 മുസ്‌ലിംകളെ ക്രോട്ടുകൾ കൊന്നുകൊലവിളിച്ചൊരു നഗരമാണിത്. ഫാസിലിന് താൽപര്യമുണ്ടെങ്കിൽ പോയ് നോക്കൂ.'

കാർ ഒരു പള്ളിയുടെ മുമ്പിൽ നിർത്തി. ഞാനിറങ്ങി പള്ളിയുടെ മുന്നിലേക്ക് നടന്നു. പള്ളിയുടെ ഒരു സൈഡിൽ ക്രോട്ടുകൾ കാരണം കൊല്ലപ്പെട്ട ആളുകളുടെ പേരുകൾ ഭംഗിയായി മാർബിളിൽ കൊത്തിവച്ചിട്ടുണ്ട്. മഗ്രിബ് കഴിഞ്ഞ് ആളുകളൊക്കെ വീടുകളിലേക്ക് നോമ്പുതുറക്കാൻ പോയ സമയമായതിനാലാകണം പരിസരത്തൊന്നും ആരെയും കണ്ടില്ല. ഒറ്റക്കിരുന്നു പള്ളിയുടെ ചുറ്റും നോക്കിയപ്പോൾ ഒരു മ്യൂസിയം കണ്ടു. മ്യൂസിയം തുറന്നിട്ടില്ല. ആരെങ്കിലും വരുമെന്ന് കരുതി ഞാനവിടെ തന്നെ നിന്നു. അവസാനം ഇരുട്ടിന്റെ മറവിൽ നിന്നൊരു സലാം കേട്ടു. 'അസ്സലാമു അലൈകും, കൈഫൽ ഹാൽ' എന്നൊരു ചോദ്യം. 'വഅലൈക്കും സലാം, സൈൻ അൽഹംദുലില്ല'' എന്നു പറഞ്ഞപ്പോൾ അയാൾ എന്റെയടുത്തേക്കു വന്നു കൈ തന്നു. ഞങ്ങൾ സംസാരിച്ചുതുടങ്ങി. ഇദ്ദേഹം ഇവിടുത്തെ പള്ളി ഇമാമാണ്. എന്റെ സൈൻ അൽഹംദുലില്ല എന്ന മറുപടിയാകണം അദ്ദേഹത്തെ എന്നിലേക്ക് അടുപ്പിച്ചത്.

അറബി നന്നായി സംസാരിക്കുന്ന കുറച്ചു ബോസ്നിയക്കാരെ നേരത്തെ പരിചയപ്പെട്ടതിനാൽ എനിക്ക് അത്ഭുതം തോന്നിയില്ല. അദ്ദേഹം അഹ്‌മിച്ചിനെകുറിച്ച് അറബിയിലും ഇംഗ്ലീഷിലുമായി പറയാൻ തുടങ്ങി. 1993 ഏപ്രിൽ 16നാണ് അഹ്‌മിച്ചിൽ ക്രോട്ടുകൾ മുസ്‌ലിം യുവാക്കളെ കൂട്ടക്കൊല ചെയ്തത്. ഒരു എത്നിക് ക്ലീൻസിങ്ങായിരുന്നു അവരുടെ ലക്ഷ്യം. ക്രൊയേഷ്യൻ ഡിഫൻസ് കൗൺസിലിന്റെ സപ്പോർട്ടായിരുന്നു ക്രോട്ടുകളെ ഇതിനു പ്രേരിപ്പിച്ചത്. മോസ്റ്ററിൽ മുൻകൂട്ടി പദ്ധതിയിട്ടായിരുന്നു ഈ കൂട്ടക്കൊല. തലേ ദിവസം തന്നെ ക്രോട്ടുകൾ അവരുടെ കുടുംബങ്ങളെ വില്ലേജിൽ നിന്ന് ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. തുടർന്ന്, ഏപ്രിൽ 16ന് അതിരാവിലെ തന്നെ അഹ്‌മിച്ചിയിലേക്കുള്ള എല്ലാ പാതകളും ക്രോട്ടുകൾ തടസ്സപ്പെടുത്തി.

രാവിലെ അഞ്ച് മണിക്ക് തുടങ്ങിയ അക്രമണം ഉച്ചയ്ക്ക് 12 വരെ നീണ്ടു. 161 പേരെ ഒരു കാരണവും കൂടാതെ, മുസ്‌ലിമായി എന്നതിന്റെ പേരിൽ മാത്രം കൊന്നു തള്ളി. ഇതു പറഞ്ഞയാൾ എനിക്ക് പള്ളി മുറ്റത്തുണ്ടായിരുന്ന മ്യൂസിയത്തിന്റെ വാതിൽ തുറന്നുതന്നു. 1993ൽ നടന്ന വംശഹത്യയുടെ കഥകൾ വിളിച്ചോതുന്ന നിരവധി ഫോട്ടോകൾ, അനുഭവ വിവരങ്ങൾ എഴുതിവച്ച ഫലകങ്ങൾ എന്നിവയെല്ലാം എന്നെ സങ്കടത്തിലാഴ്ത്തി. കൂട്ടക്കൊല നടന്ന ദിവസം സ്ഥലം സന്ദർശിച്ച ബ്രിട്ടീഷ് കമാണ്ടർ റോബർട്ട് അലക്‌സാണ്ടർ സ്റ്റീവാർട്ടിൻറെ ഒരു കുറിപ്പ് മ്യൂസിയത്തിലുണ്ട്. അദ്ദേഹം പറയുന്നു. 'അഹ്‌മിച്ച് വില്ലേജ് ഒരു ഖബറിസ്ഥാനായതുപോലെയായിരുന്നു. പ്രദേശം മുഴുവൻ തരിശു ഭൂമിയായി മാറിയിട്ടുണ്ടായിരുന്നു. ഓരോ വീടും പള്ളിയും മിനാരവുമെല്ലാം നിഷ്‌ക്കരുണം നശിപ്പിച്ചിരുന്നു. മാത്രമല്ല, നായകളും മറ്റു വളർത്തു മൃഗങ്ങളും പല ഭാഗങ്ങളിലായി ജീവനറ്റ് ചിതറി കിടക്കുന്നുണ്ടായിരുന്നു.

ഈ സംഭവത്തിനു സാക്ഷിയായ ആന്ററെ കുജാവിൻസ്‌കിയുടെ മൊഴി ഇങ്ങനെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. 'ഒരു വീടിന്റെ വാതിൽപടിയിൽ ഒരു പിതാവ് തന്റെ മകനെ ഇടത്തെ കൈയിൽ പിടിച്ചുനിൽക്കുന്നുണ്ട്. രണ്ടുപേരും മരിച്ചിട്ടുണ്ട്. പിതാവിന്റെ തലഭാഗത്ത് കട്ടിയുള്ള രക്തമുണ്ടായിരുന്നു. ഈ രക്തം ഒരു നായ വന്ന് കുടിക്കുന്നുണ്ടായിരുന്നു.'

മറ്റൊരു സ്ത്രീയുടെ കുറിപ്പിങ്ങനെയാണ്: 'ക്രോട്ടുകൾ റൈഫിൾ എന്റെ ഭർത്താവിന്റെയും മകന്റെയും നേരെ നീട്ടി. എന്നോട് മകനെയും കൂട്ടി രക്ഷപ്പെടാൻ പറഞ്ഞു. ഞാനവിടെ തന്നെ നിന്നു. ഉടനെ അയാൾ അട്ടഹസിച്ചിട്ടു പറഞ്ഞു, നിന്റെ രണ്ടു മക്കളെയും ഇവിടെനിന്ന് കൊണ്ടുപോകൂ. എന്റെ ചെറിയ മകൻ എന്റെ വസ്ത്രം പിടിച്ചുവലിച്ചു പറഞ്ഞു. ഉമ്മാ, നമുക്ക് പോകാം, നമുക്കെങ്കിലും ജീവിക്കാം. ഞാൻ പിന്നിലേക്ക് നോക്കാതെ മുന്നോട്ട് നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാനൊരു വെടിയൊച്ച കേട്ടു. എന്റെ ഒരു മകനും ഭർത്താവും വീടിന്റെ കോണിപ്പടിയിലേക്ക് മരിച്ചുവീണിട്ടുണ്ടായിരുന്നു.' ഇതെല്ലാം വായിച്ചിറങ്ങി ഞാൻ വീണ്ടും ഇമാമിന്റെ അടുത്തേക്ക് നീങ്ങി.

അദ്ദേഹത്തോട് ഇപ്പോഴത്തെ അഹ്‌മിച്ചിയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പള്ളിയുടെ മുമ്പിലുള്ളൊരു വീട് കാണിച്ചിട്ടു പറഞ്ഞു: 'ആ വീട് ക്രോട്ടുകളുടേതാണ്. എനിക്ക് ഇവിടെ നിൽക്കാൻ ഭയമുണ്ട്. നിനക്കറിയോ ക്രോട്ടുകൾ കപടവിശ്വാസികളാണ്. അവർ നമ്മളോട് കൂട്ടുകൂടും, പക്ഷേ ഏത് സമയത്തും പിരടിവെട്ടും. അതാണവരുടെ സ്വഭാവം.'

ഈ സംഭവത്തിനുശേഷം ഇവിടെയാരും താമസിക്കാൻ കൂട്ടാക്കിയിരുന്നില്ല. പല സന്നദ്ധസംഘടനകളുടെയും എൻ.ജി.ഒകളുടെയും സഹായങ്ങൾ കൊണ്ടാണ് ആളുകൾ ഇവിടെ താമസിക്കാൻ തയാറായതെന്നു പറഞ്ഞുകൊണ്ട് അയാൾ എന്നെ നോമ്പ് തുറക്കാൻ ക്ഷണിച്ചു. ഞാൻ നോമ്പു തുറന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അയാളെനിക്കൊരു ഈത്തപ്പഴം നീട്ടി. അദ്ദേഹത്തോട് സലാം പറഞ്ഞു പിരിഞ്ഞ് ഞാൻ തിരിച്ച് കാറിലേക്ക് നടന്നു.

******

തിരികെ വന്ന് ഡാനിയോട് ഇമാമിന്റെ വിവരണങ്ങൾ പറഞ്ഞപ്പോൾ അവൾക്കതിൽ വലിയൊരത്ഭുതമൊന്നുമില്ല. ഇങ്ങനത്തെ ഒരുപാടു ഗ്രാമങ്ങൾ ഇവിടെയുണ്ട്, ഫാസിൽ എന്നു പറഞ്ഞ് ഡാനി വണ്ടിയെടുത്തു. തിരിച്ചുപോകുമ്പോൾ ഡാനി ക്രൊയേഷ്യൻ പതാകകൾ കാണിച്ചുതന്നു. നിങ്ങൾ പൂർണമായും സ്വാതന്ത്ര്യം നേടിയിട്ടും എന്തിനാണ് ക്രൊയേഷ്യൻ പതാകകൾ ഇവിടെ വയ്ക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഒറ്റ ഉത്തരമാണ് ഡാനി തന്നത്: 'രാഷ്ട്രീയം! ഫാസിൽ നാളെ നിനക്ക് പോകാനുള്ളത് സർബനിസ്സയിലേക്കാണ്. നീ ഒന്ന് ഒരുങ്ങിക്കോ! 8,372 മുസ്‌ലിംകളെ കിരാതമായി കൊന്നൊരു നഗരമാണത്.'

റൂമിലെത്തുന്നതിനു മുമ്പ് കശ്മീർ എന്നൊരു ബോർഡ് കണ്ടു. ഡാനിയാണെനിക്കതു കാണിച്ചുതന്നത്. ഡാനിയോടു കശ്മീരിനെക്കുറിച്ചറിയാമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, കശ്മീർ ബോസ്‌നിയയിലെ ചില നഗരങ്ങളെപ്പോലോത്തൊരു നഗരമാണെന്നാണ്. 'അവിടുത്തെ മുസ്‌ലിംകളനുഭവിക്കുന്ന വിവരങ്ങൾ വാർത്തകളിൽ കാണാറുണ്ട്. ആ ബോർഡ് ഒരു ഫർണ്ണിച്ചർ കമ്പനിയുടെ പരസ്യമാണ്. കമ്പനിയുടെ പേരാണ് കശ്മീർ.'

റൂമിലെത്തുന്നതുവരെ പലതും ഞാനാലോചിച്ചുകൂട്ടി. എന്തുകൊണ്ട് ഇന്ത്യൻ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത നഗരങ്ങളിലും ഗ്രാമങ്ങളിലും ഇതുപോലോത്ത മ്യൂസിയങ്ങൾ നിർമിച്ചുകൂടാ! എന്തുകൊണ്ട് ഹിന്ദുത്വ ഭീകരവാദികളാൽ കൊല്ലപ്പെട്ടവരുടെ ഖബറുകൾ ബോസ്‌നിയയിലെ പല സ്ഥലങ്ങളിലും കണ്ടതുപോലെ പ്രത്യേകമായി സംരക്ഷിച്ചുകൂടാ, തുടങ്ങിയ ചിന്തകൾ എന്നെ പിടിവിടാതെ പിന്തുടർന്നു. അഹ്‌മിച്ചിലും സർബനിസ്സയിലും വിവിധ എൻ.ജി.ഒകളുടെയും ഇന്റർനാഷണൽ സഹകരണ സംഘങ്ങളുടെയും സഹായത്താലാണ് മ്യൂസിയങ്ങളും ഖബറിസ്ഥാനുകളും ഉയർത്തപ്പെട്ടത്. ഇന്ത്യയിലെ ഓരോ കൂട്ടക്കൊലകൾ നടന്ന പ്രദേശങ്ങളിലും ഏറ്റവും മനോഹരമായി പണിയേണ്ടത് മന്ദിരങ്ങളല്ല. ഖബറിസ്ഥാനുകളാണ്! ഖബറിസ്ഥാനുകളാണ് പുതിയ കാലത്തേക്ക്, പോയ കാലത്തിന്റെ ഭീകരരൂപങ്ങൾ അടയാളപ്പെടുത്താനുള്ള ഏറ്റവും വലിയ മാർഗം.

Summary: Bosnia and Herzegovina Travelogue

TAGS :

Next Story